തിരുവനന്തപുരം: സർക്കാരിന്റെ മുഖം വികൃതമാണെന്നും മുഖ്യമന്ത്രിക്ക് ലാളിത്യമില്ലെന്നും സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനം. രണ്ടാം ദിവസത്തെ ചർച്ചയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ അംഗങ്ങൾ വിമർശനമുയർത്തിയത്.
അമ്പത് അകമ്പടി വാഹനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ യാത്ര തെറ്റാണ്. എല്ലാത്തിനും മാദ്ധ്യമങ്ങളെ വിമർശിച്ചിട്ട് കാര്യമില്ല. മകളുടെ മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ല. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വികൃതമായ മുഖം തിരുത്താതെയും, രണ്ടര വർഷം ഒന്നും ചെയ്യാതെയും മണ്ഡല സദസിനും കേരളീയം പരിപാടിക്കും പോയിട്ട് കാര്യമില്ല.
മുന്നണിയെ ജയിപ്പിച്ചത് സാധാരണക്കാരാണ്. അപ്പോൾ പൗരപ്രമുഖരെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത്. കോർപ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാർ. ഭൂമി- ക്വാറി മാഫിയയാണ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും വിമർശിച്ചു
സി.പി.ഐ മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. പട്ടിക്കുഞ്ഞ് പോലും മന്ത്രി ഓഫീസുകളിൽ തിരിഞ്ഞു നോക്കുന്നില്ല. റവന്യു, കൃഷി മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകില്ല. മന്ത്രിമാർ തോന്നുംപോലെ പ്രവർത്തിക്കുന്നുവെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ വിമർശിച്ചു.
പാണ്ഡവരെപ്പോലെ മൗനികളാകരുത്
പാഞ്ചാലീ വസ്ത്രാക്ഷേപം നടക്കുമ്പോൾ പാണ്ഡവരെപ്പോലെ മിണ്ടാതിരിക്കരുതെന്ന് കൊളാടി അജിത് പറഞ്ഞു. സർക്കാരിന്റെയും പാർട്ടിയുടെയും വസ്ത്രാക്ഷേപമാണ് നടന്നുകൊണ്ടിരിക്കുന്നത്. അവിടെ പാണ്ഡവരെപ്പോലെ മൗനികളാകാതെ ധർമ്മം സംരക്ഷിക്കണം. സി.പി.ഐ നേതൃത്വം പടയാളികളാകണമെന്നും ചിലർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |