ധാക്ക: ബംഗ്ലാദേശിൽ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ആയിരത്തോളം പേരാണ് രാജ്യത്ത് ഡെങ്കി ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ഗുരുതരമായ ഡെങ്കി വ്യാപനമാണിതെന്ന് അധികൃതർ പറയുന്നു. ശക്തമായ മൺസൂൺ മഴയ്ക്ക് പിന്നാലെ ഡെങ്കി വൈറസ് വാഹകരായ കൊതുകുകൾ കെട്ടിക്കിടക്കുന്ന മലിനജലത്തിലൂടെ പെരുകിയത് രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടി. രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. 967 പേരാണ് ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം 374 പേർ മരിച്ചു. 200,000ത്തോളം കേസുകളാണ് ആകെ രേഖപ്പെടുത്തിയത്. ബംഗ്ലാദേശിൽ ഡെങ്കിപ്പനി എല്ലാ വർഷവും നിശ്ചിത സമയത്ത് റിപ്പോർട്ട് ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി 2000 മുതൽ രോഗവ്യാപനത്തിന്റെ ശക്തി കൂടി. നിലവിൽ രാജ്യത്ത് പടരുന്ന ഡെങ്കി വൈറസ് വകഭേദം താരതമ്യേന തീവ്രത കൂടിയതാണ്. രോഗം ബാധിച്ചവരുടെ ആരോഗ്യസ്ഥിതി വേഗത്തിൽ വഷളാവുന്നതായും ഡോക്ടർമാർ പറയുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രതിദിനം 20 രോഗികൾ വരെ മരണമടയുന്ന സാഹചര്യമാണ് രാജ്യത്ത്. ഇക്കൊല്ലത്തെ ഡെങ്കി മരണ സംഖ്യ കഴിഞ്ഞ 22 വർഷത്തെ ആകെ ഡെങ്കി മരണസംഖ്യയെക്കാൾ കൂടുതലാണ്. കൊതുക് നിർമ്മാർജ്ജനം അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ബംഗ്ലാദേശ് ഭരണകൂടം ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ 64 ജില്ലകളിലും ഡെങ്കി വ്യാപനം റിപ്പോർട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |