കൊച്ചി: പ്രാദേശികതലം മുതൽ സംസ്ഥാന ഭരണത്തിൽവരെ ബന്ധമുള്ള രാഷ്ട്രീയ ഇടപെടലും ആസൂത്രിതമായ തട്ടിപ്പുമാണ് കരുവന്നൂർ സഹകരണബാങ്കിൽ നടന്നതെന്ന് ഇ.ഡി വെളിപ്പെടുത്തി. ഉന്നത നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ.അരവിന്ദാക്ഷന് അമ്മയുടെ പേരിൽ 63.56 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. അരവിന്ദാക്ഷനെയും സി.കെ. ജിൽസിനെയും കലൂരിലെ പി.എം.എൽ.എ കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇരുവരേയും ഒക്ടോബർ 10വരെ റിമാൻഡ് ചെയ്‌ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
തട്ടിപ്പ് ആസൂത്രണം ചെയ്തവർ ബിനാമിപ്പേരുകളിലും കറൻസി ഉപയോഗിച്ചുമാണ് ഇടപാടുകൾ നടത്തിയത്. അന്വേഷണവുമായി പ്രതികൾ സഹകരിക്കാത്തതിനാൽ വിവരങ്ങളും ബാങ്കുകളിൽ നിന്നുള്ള രേഖകളും ലഭിക്കാൻ താമസം നേരിടുന്നുണ്ട്. വസ്തുഇടപാടുകൾ വ്യക്തമാകാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും വിശദമായ അന്വേഷണം ആവശ്യമാണ്.
പെരിങ്ങടൂർ സഹകരണബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടിൽ 63,56,460 രൂപയുടെ നിക്ഷേപമുണ്ട്. കാർഷികപെൻഷനായി പ്രതിമാസം ലഭിക്കുന്ന 1600 രൂപ മാത്രമാണ് അമ്മയുടെ വരുമാനമാർഗം. മകൻ എന്നപേരിൽ ശ്രീജിത്ത് എന്നയാളെയാണ് അവകാശിയായി ചേർത്തിരിക്കുന്നത്. ശ്രീജിത്ത് എന്നപേരുള്ള മകൻ ഇവർക്കില്ല.
തട്ടിപ്പുനടന്ന കാലത്ത് അരവിന്ദാക്ഷന്റെ ഭാര്യ ഷീലയുടെ പേരിലുള്ള സ്ഥലം ദുബായിൽ താമസിക്കുന്ന അജിത്‌മേനോന് 85 ലക്ഷം രൂപയ്‌ക്ക് വിറ്റിട്ടുണ്ട്. അറസ്റ്റിലായ പി. സതീഷ്‌കുമാറിനൊപ്പം വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് ദുബായ് സന്ദർശിച്ചിട്ടുണ്ട്. ചാക്കോ എന്നയാൾക്കൊപ്പവും രണ്ടുതവണ ദുബായിലെത്തി. യാത്രയുടെ ഉദ്ദേശ്യവും സ്ഥലമിടപാടിനെക്കുറിച്ചുള്ള വിശദാംശങ്ങളും വെളിപ്പെടുത്താൻ അരവിന്ദാക്ഷൻ തയ്യാറാകുന്നില്ല. തന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും നൽകുന്നില്ല.
അരവിന്ദാക്ഷൻ മൂന്നാംപ്രതിയും ജിൽസ് നാലാംപ്രതിയുമാണ്. ഇരുവരും ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല. പണമിടപാടുകൾ, നിക്ഷേപങ്ങൾ, തട്ടിപ്പിന്റെയും പണമിടപാടുകളുടെയും വിവരങ്ങൾ എന്നിവയടക്കം നൽകാത്ത സാഹചര്യത്തിൽ ലഭ്യമായ വിവരങ്ങളിൽ വിശദ അന്വേഷണം നടത്തിയശേഷം വീണ്ടും ചോദ്യംചെയ്താൽ മതിയാവുമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
വൻതുകയുടെ തട്ടിപ്പും പണമിടപാടുകളുമാണ് ബാങ്കിലും പുറത്തും നടന്നത്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. കുറ്റവാളികളെ മുഴുവൻ കണ്ടെത്താനായിട്ടില്ല. മുഴുവൻ പേരുടെയും പങ്കാളിത്തം കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണെന്നും ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ എസ്.ജി. കവിത്കർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ജിൽസിന് 11 സ്ഥലമിടപാടുകൾ
ബാങ്കിലെ സീനിയർ അക്കൗണ്ടന്റായിരുന്ന ജിൽസ് 2011നും 2019നുമിടയിൽ 11സ്ഥലങ്ങൾ വില്പന നടത്തിയിട്ടുണ്ട്. ആറെണ്ണം ഭാര്യ ശ്രീലതയുടെ പേരിൽ പലർക്കായി വിറ്റതാണ്. ഇത്രയും സ്ഥലംവാങ്ങാനുള്ള പണത്തിന്റെ ഉറവിടം, വിറ്റുകിട്ടിയ പണം എന്തുചെയ്‌തു തുടങ്ങിയവ ജിൽസ് വെളിപ്പെടുത്തിയിട്ടില്ല. സ്വന്തംപേരിലും മറ്റുള്ളവരുടെ പേരിലുമെടുത്ത വായ്പകളെക്കുറിച്ചും പറയുന്നില്ല. ഓർമ്മയില്ലെന്നാണ് മറുപടി. ജിൽസ് ചുമതല വഹിച്ചിരുന്ന ബാങ്കിന്റെ സൂപ്പർമാർക്കറ്റിൽ 1.53 കോടിയുടെ വസ്തുക്കൾ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചും വെളിപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |