കഹ്വ, കാഫെയ്, കാഫി, കാഹ്വി, കഫി, കഫെ, കോഹീ, കൊപ്പി, കഫ, കവ...! കാപ്പി ഇപ്പോൾ പഴയ കാപ്പിയല്ല; പത്തു രൂപയിൽ തുടങ്ങി, കപ്പിന് 8000 രൂപയ്ക്കു മേൽ വില വരുന്ന വി.ഐ.പി കോഫികൾ വരെ നീളുന്ന ആഡംബര പരമ്പരയാണ് അത്! വെജിറ്റേറിയൻ ഹോട്ടലിലെ സ്റ്റീൽ ഗ്ലാസിനും തട്ടത്തിനുമൊപ്പം കിട്ടുന്ന ആവി പറക്കുന്ന ട്രഡിഷണൽ കാപ്പി മുതൽ ഇറ്റാലിയൻ റെസ്റ്റോറന്റുകളിൽ എക്സ്പ്രസ് വേഗത്തിൽ വിറ്റഴിയുന്ന എസ്പ്രസോ (espresso) വരെയെത്തുന്ന ഒന്നൊന്നര കഥ.
കാപ്പിയുടെ പേരിന്റെ അറബിക്, ചൈനീസ്, ഡാനിഷ്, ഫിന്നിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, നോർവീജീയൻ, പോളിഷ് വേർഷനുകളാണ് തുടക്കത്തിൽ പറഞ്ഞവ. ശുദ്ധജലം കഴിഞ്ഞാൽ, ലോകം ഏറ്റവും കുടിക്കുന്നത് ഉന്മേഷമേകുന്ന സുഗന്ധവും, ഹോട്ട് ആയാലും കോൾഡ് ആയാലും ഗംഭീര രുചിയുമുള്ള കോഫിയാണത്രേ. നമ്പർ ടു സ്ഥാനമേയുള്ളൂ ചായയ്ക്ക്. മിക്ക രാജ്യങ്ങളിലും കോഫി ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ബ്ലാക്ക്, ലാറ്റെ, ഫ്ലാറ്റ് വൈറ്റ്, അമേരിക്കാനോ, എസ്പ്രസോ, കാപ്പുചീനോ, റെഡ് ഐ, മോക്ക, ഐറിഷ്.... ഇങ്ങനെ നീളുന്നു കാപ്പിത്തരങ്ങൾ.
കോടീശ്വരന്മാരുടെ കോപ്പി ലുവാക്
ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി കോപ്പി ലുവാക് ആണ്. കപ്പിന് എണ്ണായിരത്തിലധികം രൂപ!
ഇൻഡോനേഷ്യക്കാരൻ. ഒരുതരം വെരുക് (പാം സിവെറ്റ് ) ഭക്ഷിക്കുന്ന കാപ്പിക്കുരുവിനെ അതിന്റെ കാഷ്ഠത്തിൽ നിന്ന് വേർതിരിച്ചെടുത്തു സംസ്കരിച്ചാണ് തയ്യാറാക്കുന്നത്. ഭാഗികമായി ദഹിച്ച് വെരുകിന്റെ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന കാപ്പിക്കുരുവിന്റെ ബാഹ്യപാളി നീക്കം ചെയ്യപ്പെട്ടിരിക്കും. ഇവ നന്നായി വൃത്തിയാക്കി ഉണക്കി വറുത്തെടുത്താണ് വില്ക്കുന്നത്. ഇതിനായി ഈ വെരുകുകളെ വളർത്തുന്ന പ്രത്യേക ഫാമുകൾ ഇൻഡോനേഷ്യയിലുണ്ട്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കോപ്പി ലുവാക് കിട്ടും. ഒരു കിലോയ്ക്ക് വില അരലക്ഷത്തിൽ തുടങ്ങും!
ഈ കോഫിയിലുണ്ട്, ആനക്കാര്യം!
പേര് ബ്ലാക്ക് ഐവറി കോഫി. എലിഫന്റ് ഡംഗ് കോഫി എന്നാണ് മറ്റൊരു പേര്. ആനപ്പിണ്ട കോഫി എന്നൊക്കെ പരിഭാഷപ്പെടുത്തിയാൽ ആ വഴിക്കു പിന്നെ അടുക്കാൻ തോന്നില്ലെന്നു മാത്രം. തായ്ലൻഡിലെ സുരിൻ പ്രവിശ്യയിലെ അറേബിക കാപ്പിക്കുരുക്കൾ ആനകൾക്ക് കഴിക്കാൻ നൽകുന്നു. ആനകളുടെ ശരീരത്തിലെ എൻസൈമുകളുടെ പ്രവർത്തനഫലമായി വ്യത്യസ്ത ഫ്ലേവറിൽ മാറുന്ന, പാതി ദഹിച്ച കാപ്പിക്കുരുക്കൾ ആനപ്പിണ്ടത്തിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. പിന്നെ, സവിശേഷ പ്രക്രിയകളിലൂടെ സംസ്കരിച്ചെടുക്കും. 33 കിലോ കാപ്പിക്കുരു വേണം ഒരു കിലോ ബ്ലാക്ക് ഐവറി കോഫി ഉത്പാദിപ്പിക്കാൻ. അപൂർവ ഇനമായ ബ്ലാക്ക് ഐവറിക്ക് മാർക്കറ്റിൽ പൗണ്ടിന് 500 ഡോളർ വരെയാണ് വില. ലഭ്യതയനുസരിച്ച് 1000 ഡോളറിനും അതിനുമപ്പുറത്തേക്കും പോകാം.
ലോകം രുചിക്കുന്ന കോഫി കഫേകൾ
യാത്രയ്ക്കിടെ ഒരു കപ്പ് കോഫി കുടിക്കാൻ തോന്നിയാൽ നല്ല കഫേകൾ തേടിപ്പോകുന്നവർ ധാരാളം. ലോകത്ത് ചില കഫേകളുണ്ട്- കേറിയാൽ കീശയല്ല, അക്കൗണ്ട് വരെ കീറിപ്പോകും. ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കുകളായ ചില കഫേകൾ പരിചയപ്പെടാം. വോഗ് (മോസ്കോ ), ഓറിയോൾ (സിംഗപ്പൂർ ), ഗ്രാൻഡ് കഫേ (നേപ്പിൾസ് ), എംപോരിയോ അർമാനി (ദുബായ് ), കഫേ ഡ ലാ പെയ്ക്സ് (പാരീസ് ), ബൾഗാരി II (ടോക്കിയോ), ബ്ലൂംസ്ബറി (ദുബായ് ), കഫേ ഫ്ലോറിയൻ (വെനീസ് ).... യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ കഫേ ആയ ഫ്ലോറിയനിൽ ഒരു സാദാ കോഫി കുടിക്കാൻ പോലും വേണം, 710 രൂപ! അതു വെറും തുടക്കം മാത്രം!
സ്റ്റാർബക്സ് ലോകതാരം
ലോകത്തെ ഏറ്റവും വലിയ കോഫി കമ്പനിയാണ് സ്റ്റാർബക്സ്. ഏകദേശം 32.25 ദശലക്ഷം ഡോളറാണ് യു.എസിലെ സിയാറ്റിൽ ആസ്ഥാനമായുള്ള സ്റ്റാർബക്സിന്റെ വാർഷിക വരുമാനം (2022 ലെ കണക്ക് ). ലോകമെമ്പാടുമായി 35,000-ത്തിലേറെ സ്റ്റോറുകൾ. യു.എസിലെ കോഫി ഷോപ്പ് സംസ്കാരത്തെ മാറ്റിമറിച്ച സ്റ്റാർബക്സ് 1971-ലാണ് സ്ഥാപിതമായത്. പനേറ ബ്രഡ്, മക്കഫേ, ലവാസ, ടിം ഹോർട്ടൻസ് തുടങ്ങിയവയാണ് സ്റ്റാർബക്സിനു പിന്നിൽ, ലോകത്തെ ഏറ്റവും വലിയ കോഫി കമ്പനികൾ.
ബിഥോവന്റെ കോഫി സിംഫണി !
ലുഡ്വിഗ് വാൻ ബിഥോവൻ... ബധിരതയെ തോല്പിച്ച് സിംഫണികളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ജർമ്മൻ സംഗീത മാന്ത്രികൻ. 1770 - 1827 ആണ് അദ്ദേഹത്തിന്റെ ജീവിത കാലയളവ്. ബിഥോവനുമായി ബന്ധപ്പെട്ട രസകരമായ ഒരു കോഫിക്കഥ പ്രചാരത്തിലുണ്ട്. കോഫിയുടെ വലിയ ഫാനായിരുന്നുവത്രെ അദ്ദേഹം. തനിക്കുള്ള ഒരു കപ്പ് കോഫിക്ക് 60 കാപ്പിക്കുരുക്കൾ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നെന്നും, പലപ്പോഴും ഇത് എണ്ണിത്തിട്ടപ്പെടുത്താറുണ്ടായിരുന്നെന്നുമാണ് പറയുന്നത്. ഇക്കാര്യം സത്യമാണെന്നതിന് തെളിവില്ല. അദ്ദേഹത്തിന്റെ മൂൺലൈറ്റ് സൊണാറ്റ പോലെ ഈ കാപ്പിക്കഥയും ഒരു മാസ്റ്റർപീസാണ് !
കൊവിഡ് ഹിറ്റാക്കിയ ഡാൽഗോണ
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020- ന്റെ മുക്കാൽ ഭാഗവും വീടുകളിൽത്തന്നെയായിരുന്നു ലോകജനത. ഈ ലോക്ക് ഡൗൺ സമയത്താണ് പലരും പാചക കലയിലേക്ക് ശ്രദ്ധതിരിച്ചത്. ലോക്ക്ഡൗണിൽ നമ്മൾ കൂടുതൽ കേട്ട പേരുകളിലൊന്നാണ് ഡാൽഗോണ കോഫി (Dalgona coffee). വീട്ടീൽ വെറുതെയിരുന്ന് ബോറടിച്ചവർ ൾ ഡാൽഗോണ കോഫിയെക്കുറിച്ചും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും വ്യാപകമായി ഗൂഗിളിൽ തെരഞ്ഞു.
2020- ൽ ഗൂഗിൾ ലോകം ഏറ്റവും കൂടുതൽ തെരഞ്ഞ പാചകവിധി ഡാൽഗോണ കോഫിയുടേതാണ്. ദ വൈപ്ഡ് ക്രീം എന്ന പേരിലും അറിയപ്പെടുന്ന ഡാൽഗോണ കോഫി ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരനായി. മക്കാവു സ്വദേശിയാണ് ഡാൽഗോണ കോഫി. കോഫി പൗഡർ, പഞ്ചസാര, വെള്ളം എന്നിവ തുല്യ അളവിലെടുത്ത് തയ്യാറാക്കാം.
കോഫി, മെയ്ഡ് ഇൻ ലാബ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ കാലത്ത് നാളെ കോഫിയും പഴങ്കഥയാകുമോ ? ലബോറട്ടറികളിൽ കൃത്രിമ മാംസം വരെ നിർമ്മിക്കുന്നുണ്ട്. നമ്മുടെ കോഫിയും ഇത്തരത്തിൽ ലാബിൽ പിറവിയെടുത്തുകഴിഞ്ഞു. രണ്ടു വർഷം മുമ്പ് ഫിൻലൻഡിലെ വി.ടി.ടി ടെക്നിക്കൽ റിസർച്ച് സെന്ററിലെ ഗവേഷകർ കാപ്പിക്കുരുവിൽ നിന്നല്ലാതെ, സെൽ കൾച്ചറിലൂടെ കോഫി ഉത്പാദിപ്പിച്ചിരുന്നു.
പോഷക മാദ്ധ്യമങ്ങൾ അടങ്ങിയ ബയോ റിയാക്ടറുകളിൽ കാപ്പിച്ചെടിയുടെ ഇല ഉപയോഗിച്ച് ഫ്ലോട്ടിംഗ് സെൽ കൾച്ചർ സാങ്കേതിക വിദ്യയിലൂടെ കോഫി നിർമ്മിക്കുന്ന ബദൽ മാർഗമാണ് ഇവർ അവതരിപ്പിച്ചത്. എന്നാൽ ലാബിൽ നിർമ്മിച്ചെടുത്ത ഈ 'സെല്ലുലാർ കോഫി"ക്ക് രുചിയുടെ കാര്യത്തിൽ സാധാരണ കോഫിയെ മറികടക്കാനായിട്ടില്ല. ലോകത്തെ കോഫി ഹോട്ട് സ്പോട്ട് ബ്രസീൽ ആണ്. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം. വിയറ്റ്നാം, കൊളംബിയ, ഇൻഡോനേഷ്യ, എത്യോപ്യ എന്നിവയാണ് തൊട്ടു പിന്നിൽ. കാപ്പി ഉത്പാദനത്തിൽ ഇന്ത്യയ്ക്കുള്ളത് ആറാം സ്ഥാനം. കാപ്പിക്കുരുക്കൾ കാലിഫോർണിയയിലേക്ക് കയറ്റുമതി ചെയ്ത പണംകൊണ്ടാണ് 1932 ഒളിമ്പിക്സിലേക്ക് ബ്രസീൽ സ്വന്തം താരങ്ങളെ അയച്ചത്. പക്ഷേ, കോഫി കുടിക്കുന്ന കാര്യത്തിൽ മുന്നിൽ ഫിൻലൻഡ് ആണ്. അവിടെ പ്രതിവർഷം ഒരാൾ ശരാശരി 12 കിലോഗ്രാം കോഫി കുടിക്കുമെന്നാണ് കണക്ക്.
കാപ്പിയുടെ റൂട്ട് മാപ്പ്
എ.ഡി 800 മുതലെങ്കിലും ലോകത്ത് കോഫി പ്രചാരത്തിലുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. എത്യോപ്യയിലെ ഒരു ആട്ടിടയനാണ് കാപ്പിക്കുരുക്കൾ കണ്ടെത്തിയതെന്നാണ് കഥ. മേഞ്ഞുനടക്കുന്നതിനിടെ ഒരിനം ചെടി കടിച്ചുതിന്ന ആടുകളുടെ സ്വഭാവം മാറി. അവർക്ക് പെട്ടെന്ന് ഊർജ്ജം കൂടിയതു പോലെയും അവ നൃത്തം ചെയ്യുന്നതു പോലെയും ഇടയനു തോന്നിയത്രെ. ആ ദിവസം അവ ഉറങ്ങിയതുമില്ല. തന്റെ കണ്ടെത്തൽ പർവതത്തിൽ താമസിച്ചിരുന്ന ചില സന്യാസിമാരുമായി ഇടയൻ പങ്കുവച്ചു. പിന്നാലെ, കാപ്പിക്കുരുക്കളിൽ നിന്ന് ഒരു പാനിയം സൃഷ്ടിച്ച അവർക്കും പിടികിട്ടി, രാത്രി ഉണർന്നിരുന്ന് പ്രാർത്ഥനകൾ നടത്താൻ ഈ അത്ഭുത പാനീയം സഹായിക്കുമെന്ന്. പതിയെ പലവിധത്തിലുള്ള പരീക്ഷണങ്ങളിലൂടെ എത്യോപ്യയിൽ നിന്ന് കോഫിയുടെ വേരുകൾ ലോകത്തേക്കു പടർന്നു. 15-ാം നൂറ്റാണ്ടുമുതൽ കോഫി ഉപയോഗിച്ചിരുന്നു എന്നതിനാണ് ചരിത്രകാരന്മാർ തെളിവു നിരത്തുന്നത്. എത്യോപ്യയിൽ നിന്ന് യെമനിലേക്കും അവിടെ നിന്ന് മിഡിൽഈസ്റ്റ് വഴി ഇറ്റലിയിലേക്കും, പിന്നാലെ യൂറോപ്പിലേക്കും തുടർന്ന് ഡച്ചുകാർ വഴി അമേരിക്കയിലേക്കും കോഫി വരവറിയിച്ചു. അറേബിക, റോബസ്റ്റ എന്നീ രണ്ടിനം കാപ്പിക്കുരുക്കളാണ് ഇന്ന് വ്യാപകമായി കൃഷി ചെയ്യുന്നത്.
ദ സീക്രട്ട് ഒഫ് മൈ എനർജി!
ലോകത്ത് അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച പൂച്ച എന്ന ഗിന്നസ് റെക്കോഡിനുടമയാണ് 'ക്രീം പഫ്'. യു.എസിലെ ടെക്സസിൽ ജനിച്ച ക്രീം പഫ് 2005 ഓഗസ്റ്റ് ആറിന് 38-ാം വയസിലാണ് ലോകത്തോട് വിടപറഞ്ഞത്. ക്രീം പഫിന്റെ ആയുസിന്റെ സീക്രട്ടുകളിൽ ഒന്ന് കോഫിയായിരുന്നു. ദിവസവും രാവിലെ കോഫി കുടിക്കുന്ന പതിവ് ജീവിതകാലത്തുടനീളം ക്രീം പഫ് മുടക്കിയിട്ടില്ലത്രേ. ക്രീം ചേർത്ത കോഫിയായിരുന്നു കൂടുതൽ ഇഷ്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |