SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.04 PM IST

കേരളത്തിലെ കാലാവസ്ഥയില്‍ വന്‍ മാറ്റം, രാത്രിയും പകലും കൊടുംതണുപ്പ്; കാരണമിതാണ്

Increase Font Size Decrease Font Size Print Page
winter

തിരുവനന്തപുരം: മഴ മാറിയതിന് പിന്നാലെ കേരളത്തിലെ കാലാവസ്ഥയില്‍ വന്നിരിക്കുന്നത് വലിയ മാറ്റമാണ്. വൃശ്ചിക മാസത്തില്‍ തണുപ്പ് സാധാരണമാണെങ്കിലും പിതിവില്‍ കൂടുതല്‍ തണുത്ത് വിറയ്ക്കുകയാണ് കേരളം. രാത്രിക്ക് പുറമേ പകല്‍ സമയത്ത് പോലും തണുത്ത കാലാവസ്ഥയാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇതാണ് അവസ്ഥ. എന്നാല്‍ ഉത്തര കേരളത്തേയും മദ്ധ്യ മേഖലയിലെ ജില്ലകളേയും അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്.

കേരളത്തില്‍ ചൂട് കാലത്ത് മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ചുള്ളതിനേക്കാള്‍ താപനില ഉയര്‍ന്നത് പോലെ തണുപ്പിലും ഇതേ പ്രതിഭാസമുണ്ടായിരിക്കുന്നുവെന്നാണ് ആദ്യം പലരും കരുതിയത്. എന്നാല്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തണുത്ത അന്തരീക്ഷത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇപ്പോഴത്തെ തണുപ്പിന് കാരണം ഡിറ്റ് വാ ചുഴലിക്കാറ്റ് ആണെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം പറയുന്നു.

ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മേഘങ്ങള്‍ രണ്ടു ദിവസമായി കേരളത്തിന്റെ അന്തരീക്ഷത്തിന് മുകളില്‍ നില്‍ക്കുകയാണ്. വടക്കന്‍ കേരളത്തില്‍ രാത്രിയും പുലര്‍ച്ചെയുമാണ് തണുപ്പ് അനുഭവപ്പെടുന്നതെങ്കില്‍ തിരുവനന്തപുരം, കൊല്ലം അടക്കം ഉള്ള ജില്ലകളില്‍ പകല്‍ സമയങ്ങളില്‍ പോലും മൂടിക്കെട്ടിയ കാലാവസ്ഥയും തണുപ്പും അനുഭവപ്പെടുകയാണ്. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ ഇപ്പോളും മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ്. അതേസമയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തു കൂടെ കടന്നു വടക്ക് ഭാഗത്തേക്ക് പോകും. ശ്രീലങ്കയില്‍ ഭീതി പടര്‍ത്തിയ ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തിന് തൊട്ടടുത്താണ്. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലും പുതുച്ചേരിയിലും മൂന്ന് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

TAGS: WEATHER, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY