ന്യൂഡൽഹി: വിവാദ പരാമർശങ്ങൾ നടത്തിയ ബിജെപി എം പി മേനകാ ഗാന്ധിക്കെതിരെ നൂറ് കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് ഇസ്‌കോൺ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്).
പശുക്കളെ ഇസ്കോൺ കശാപ്പുകാർക്ക് വിൽക്കുന്നെന്ന ആരോപണങ്ങളാണ് മേനകാ ഗാന്ധി ഉന്നയിച്ചത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.
വിവാദ പരാമർശങ്ങൾ നടത്തിയ മേനകാ ഗാന്ധിയെ നിയമപരമായി അവസാനം വരെ നേരിടുമെന്ന് ഇസ്‌കോൺ വൈസ് പ്രസിഡന്റ് രാധാ രമൺ ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിലുളള ആരോപണങ്ങൾ ലോകമെമ്പാടുമുളള ഇസ്‌കോൺ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുളളതാണെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ മേനകാ ഗാന്ധി യാതൊരു തെളിവുമില്ലാതെയാണ് ഇസ്കോണിനെതിരെ വിവാദങ്ങൾ ഉന്നയിച്ചതെന്നും രാധാ രമൺ ദാസ് പറഞ്ഞു. അനന്ത്പൂരിലുളള ഗോശാലയിൽ മേനകാ ഗാന്ധി സന്ദർശനം നടത്തിയിരുന്നില്ലെന്നും എങ്ങനെ അവർക്ക് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു.
പശുക്കളെ കശാപ്പുകാർക്ക് ഇസ്‌കോൺ വിൽക്കുന്നുവെന്നും ഇത് രാജ്യത്തെ ഏറ്റവും വലിയ ചതിയാണെന്നുമാണ് മേനകാ ഗാന്ധി ആരോപിച്ചത്. അവർ ഗോശാലകൾ പരിപാലിക്കുന്നുവെന്ന പേരിൽ സർക്കാരിൽ നിന്നും ധാരാളം സ്ഥലങ്ങൾ സ്വന്തമാക്കുകയും ആനുകൂല്യങ്ങൾ നേടുകയും ചെയ്യുന്നുവെന്നാണ് വീഡിയോയിൽ മേനകാ ഗാന്ധി പറഞ്ഞത്. അതേസമയം ഇത്തരം പരാമർശങ്ങൾ തെളിവില്ലാത്തതും വ്യാജവുമാണെന്നും ഇസ്‌കോണിന്റെ ദേശീയ വക്താവായ യുധിഷ്ഠർ ഗോവിന്ദ് ദാസ് അന്ന് പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |