ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ആറാം മത്സരദിനമായ ഇന്നലെ രണ്ട് സ്വർണവും നാലുവെള്ളിയും രണ്ട് വെങ്കലങ്ങളുമുൾപ്പടെ എട്ടുമെഡലുകൾ വാരികൂട്ടിയ ഇന്ത്യ മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. എട്ടു സ്വർണവും 12 വെള്ളിയും 13 വെങ്കലവും ഉൾപ്പടെ 33 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്.
ഇന്നലെ ഇന്ത്യയ്ക്ക് ലഭിച്ച രണ്ട് സ്വർണവും ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ പലക്ക് ഗുലിയയും റൈഫിൾ 3 പൊസിഷൻ ടീമിനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ,സ്വപ്നിൽ സുരേഷ്, അഖിൽ ഷെയ്റോൺ എന്നിവർ ചേർന്നുമാണ് സ്വർണം നേടിയത്. 10 മീറ്റർ എയർ പിസ്റ്റൾ വനിതാ ടീമിനത്തിൽ പലക്, ഇഷ സിംഗ്, ദിവ്യ സുബ്ബറാവു എന്നിവർ ചേർന്നും വ്യക്തിഗത ഇനത്തിൽ ഇഷ സിംഗും 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമറും വെള്ളിനേടി. ഷൂട്ടിംഗ് റേഞ്ചിൽ ഇന്നലെ നടന്ന നാലുഫൈനലുകളിലും ഇന്ത്യ മെഡൽ നേടി.ഐശ്വരി പ്രതാപ് സിംഗിന്റെയും ഇഷ സിംഗിന്റെയും ഈ ഏഷ്യൻ ഗെയിംസിലെ നാലാമത്തെ മെഡലായിരുന്നു ഇന്നലത്തേത്.
പുരുഷ ഡബിൾസ് ടെന്നിസിൽ സാകേത് മെയ്നേനി- രാംകുമാർ രാമനാഥൻ സഖ്യവും വെള്ളി നേടി. സ്ക്വാഷ് വനിതാ ടീം വെങ്കലം നേടി.
72 വർഷത്തിന് ശേഷം ഷോട്ട്പുട്ടിൽ വനിതാ മെഡൽ
1951ലെ ആദ്യ ഏഷ്യൻ ഗെയിംസിന് ശേഷം വനിതകളുടെ ഷോട്ട്പുട്ടിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി കിരൺ ബലിയാൻ. ഷോട്ട്പുട്ടിൽ ഇന്നലെ വെങ്കലമാണ് ബലിയാൻ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |