വായ്പത്തട്ടിപ്പിൽ കരുവന്നൂർ സഹകരണ ബാങ്കിന് കോടികൾ നഷ്ടമായപ്പോൾ തകർന്നത് നൂറുകണക്കിന് നിക്ഷേപകരാണ്. ബാങ്കിൽ നിക്ഷേപിച്ച ജീവിതസമ്പാദ്യം തിരികെ കിട്ടാതെ നൂറുകണക്കിന് പേർ കടക്കെണിയിലായി. മക്കളുടെ വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കുറി ( ചിട്ടി) ചേർന്നും പണിക്കൂലിയിൽ നിന്ന് മിച്ചം വച്ചും നിക്ഷേപിച്ച തുക കിട്ടാതെ വന്നതോടെ ആത്മഹത്യ ചെയ്തവരുണ്ട്. പണമില്ലാത്തതിനാൽ ചികിത്സനേടാൻ കഴിയാതെ മരിച്ചവരുമുണ്ട്.
നിക്ഷേപർക്കായി 370 കോടിയോളം രൂപ തിരികെ നൽകാനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 35 കോടിയോളം രൂപയാണ് തിരിച്ചുകൊടുക്കാൻ കഴിഞ്ഞത്. വായ്പയെടുത്തവർ തിരിച്ചടയ്ക്കാത്തതിനാൽ നിക്ഷേപകർക്ക് നൽകാൻ ബാങ്കിന്റെ പക്കൽ പണമില്ല. അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലുള്ള ബാങ്ക് പരമാവധി പതിനായിരം രൂപ മാത്രമാണ് നിക്ഷേപർക്ക് തിരികെ നൽകുന്നത്. അതും നിശ്ചിതകാലത്തിൽ ഒരിക്കൽ മാത്രം. ചികിത്സ, മക്കളുടെ വിവാഹം, വീടുനിർമ്മാണം, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയ്ക്ക് പണമില്ലാതെ ക്ളേശിക്കുന്ന ജീവിതാവസ്ഥ.
മാപ്രാണം സ്വദേശി ഫിലോമിന ദേവസി, പൊറത്തുശേരി എടച്ചാലിൽ രാമൻ, മാടായിക്കോണം കാട്ടിപ്പറമ്പിൽ കുമാരൻ എന്നിവർ ബാങ്കിൽനിന്ന് പണം ലഭിക്കാത്തതിനാൽ ചികിത്സ നേടാൻ കഴിയാതെ മരിച്ചവരാണെന്നും തേലപ്പിള്ളി സ്വദേശി മുകുന്ദൻ, തളിയിക്കോണം സ്വദേശി ജോസ് എന്നിവർ ആത്മഹത്യ ചെയ്തത് ബാദ്ധ്യതകൾ നേരിടാൻ കഴിയാതെയാണെന്നും നാട്ടുകാർ പറഞ്ഞു.
കുറിയിൽ കുരുങ്ങി സാധാരണക്കാർ
പ്രതിമാസ നിക്ഷേപപദ്ധതികളിൽ ചേർന്ന് പണമടച്ച നൂറുകണക്കിന് പേർക്കും തുക തിരികെ കിട്ടിയിട്ടില്ല. സാധാരണക്കാരാണ് ഇവരിൽ ബഹുഭൂരിഭാഗവും. വിവാഹം, വീടുനിർമ്മാണം, പഠനാവശ്യങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ടാണ് സാധാരണക്കാരും ദിവസക്കൂലിക്കാരും തൊഴിലാളികളും കുറികളിൽ ചേരുന്നത്. പ്രതിമാസം നിശ്ചിതതുക അടയ്ക്കുന്ന 13 നിക്ഷേപ പദ്ധതികൾ (കുറികൾ) ബാങ്ക് നടത്തിയിരുന്നു. 500 മുതൽ 10,000 രൂപ വരെ പ്രതിമാസം അടയ്ക്കുന്നതാണ് കുറികൾ. 20 മുതൽ 50 വരെ മാസത്തവണകളുള്ള കുറികളുടെ കാലവാധി കഴിഞ്ഞു. 700 വരെ അംഗങ്ങളാണ് ഓരോ കുറിയിലും ചേർന്നിരുന്നത്. കുറികളുടെ കാലാവധി തീർന്നെങ്കിലും നിക്ഷേപകർക്ക് പണം തിരികെ കിട്ടിയിട്ടില്ല. കാലാവധി പൂർത്തിയായ ഇത്തരം പദ്ധതികളിൽ അംഗങ്ങളായവർക്ക് നൂറു കോടിയോളം രൂപ ലഭിക്കാനുണ്ട്.
സ്വകാര്യബസ് ഡ്രൈവറായ തിലകൻ മകളുടെ വിവാഹച്ചെലവിനായാണ് കുറിയിൽ ചേർന്നത്. കുറി വീണ് ലഭിച്ച തുക മുഴുവനും വിവാഹസമയത്ത് എടുക്കാൻ ബാങ്കിൽ നിക്ഷേപിച്ചു. ബാങ്ക് പ്രതിസന്ധിയിലായശേഷമാണ് മകളുടെ വിവാഹം ഉറപ്പിച്ചത്. കുറിപ്പണത്തിന് പല പ്രാവശ്യം കയറിയിറങ്ങിയിട്ടും കിട്ടിയില്ല. ഒടുവിൽ വട്ടിപ്പലിശയ്ക്ക് കടമെടുത്താണ് വിവാഹം നടത്തിയത്. ബാങ്കിൽ കുടുങ്ങിയ പണം എന്നെങ്കിലും തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് അദ്ദേഹം. ഒന്നിലേറെ കുറികളിൽ ചേർന്ന് വിളിച്ചെടുത്ത പത്തുലക്ഷം രൂപയും തിരികെ കിട്ടിയിട്ടില്ലെന്ന് പേരു വെളിപ്പെടുത്താൻ മടിയുള്ള കരുവന്നൂർ സ്വദേശി പറഞ്ഞു.
മാപ്രാണത്തെ ഒരു മരണാനന്തര സഹായനിധി കുറി ചേർന്നും അല്ലാതെയും ലഭിച്ച 4.25 ലക്ഷം രൂപ നിക്ഷേപിച്ചതും തിരികെ കിട്ടിയിട്ടില്ല. അംഗങ്ങളുടെ കുടുംബങ്ങളിൽ മരണാനന്തര സഹായം നൽകാൻ പിരിവെടുക്കേണ്ട സ്ഥിതിയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കുറിയിലും കോടികളുടെ തട്ടിപ്പ്
ഒന്നിലേറെ കുറികളിൽ ചേരുകയും തുക വാങ്ങുകയും ചെയ്തശേഷം അടവ് മുടക്കി ലക്ഷങ്ങൾ തട്ടിയെടുത്തവരുണ്ട്. വായ്പകളിലേതിന് സമാനമായ തട്ടിപ്പ് കുറികളിലും നടന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. അഞ്ചു കോടി രൂപ വരെ ഇത്തരത്തിൽ തട്ടിയെടുത്തവരുണ്ട്. മതിയായ വസ്തു ഈടായി വാങ്ങാതെയാണ് ഇവർ വൻതുക തട്ടിയെടുത്തത്.
കുറികളിൽ നിന്ന് ലഭിച്ച തുകയുടെ ഇരട്ടിയിലേറെ കുറി പിടിച്ചവർക്കായി വിതരണം ചെയ്തിട്ടുണ്ട്. ഇതുവഴി ബാങ്കിന്റെ നിക്ഷേപത്തുകയിൽ വൻകുറവ് സംഭവിച്ചു. പരസ്പരം ഈടുനിന്ന് ഇത്തരത്തിൽ ഒൻപത് വ്യക്തികൾ 9.42 കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്. പത്ത് ലക്ഷം രൂപയുടെ കുറിയിൽ 97 നമ്പരുകളിൽ ചേർന്ന ഒരാൾ ഏതാനും തവണ മാത്രം പണമടച്ചശേഷം വൻതുക വാങ്ങുകയും തുടർന്ന് പണമടയ്ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പണം കൈപ്പറ്റിയവർ പിന്നീട് തിരിച്ചടയ്ക്കാത്തതിനാൽ മറ്റുള്ളവർക്ക് നൽകാൻ ബാങ്കിന്റെ പക്കൽ പണമില്ല.
ഇരിങ്ങാലക്കുട നഗരസഭാംഗവും ബി.ജെ.പി നേതാവുമായ ടി.കെ. ഷാജു പറയുന്നു.- ''കുറികളിൽ നിരവധി നമ്പരുകളിൽ ആസൂത്രിതമായി ചേർന്ന് പണം കൈപ്പറ്റിയശേഷം തിരിച്ചടയ്ക്കാത്തവർ ധാരാളമുണ്ട്. ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്താശയോടെയാണ് അവർ കോടികൾ കടത്തിയത്. ഇതുമൂലം പ്രതിസന്ധിയിലായത് സാധാരണക്കാരായ കുറി അംഗങ്ങളാണ്. അവരുടെ പണം തിരിച്ചുനൽകാനുള്ള യാതാെരു നടപടിയും സ്വീകരിച്ചിട്ടില്ല.""
ഇരകളായെന്ന് വനിതകൾ
ബാങ്ക് ഭരണസമിതിയിലെ ഉന്നതരുടെയും ചില ജീവനക്കാരുടെയും ഒത്താശയിൽ നടന്ന വായ്പാത്തട്ടിപ്പിൽ ഇരയാക്കപ്പെട്ടതായി ബാങ്കിന്റെ മുൻ ഡയറക്ടർമാരും പറയുന്നു. തങ്ങൾ ചെയ്യാത്ത കുറ്റത്തിനാണ് കേസിൽ പ്രതികളായി ജയിലിൽ കഴിയേണ്ടിവന്നത്. ഇവരിലൊരാൾ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 2016 മുതൽ 2021 വരെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന സി.പി.എമ്മിലെ അമ്പിളി മഹേഷ്, സി.പി.ഐയിലെ മിനി നന്ദൻ എന്നിവരാണ് തങ്ങൾ ഇരകൾ മാത്രമാണെന്ന് വെളിപ്പെട്ടത്.
ബാങ്കിൽ വായ്പ അനുവദിക്കുന്നത് ഉൾപ്പെടെ നടപടികളിലെ തട്ടിപ്പിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് നിയമപരമായ ബാദ്ധ്യതയുണ്ട്. വായ്പാ അപേക്ഷകൾ അംഗീകരിക്കുന്നത് ഡയറക്ടർ ബോർഡ് യോഗമാണ്. വായ്പയ്ക്ക് ഈടായി സമർപ്പിക്കുന്ന വസ്തുക്കളുടെ മൂല്യനിർണയം ഉൾപ്പെടെ നടത്തേണ്ട ചുമതലയും ഉത്തരവാദിത്വവും ഡയറക്ടർ ബോർഡിനാണ്. ഇതുപ്രകാരമാണ് ബോർഡ് അംഗങ്ങളെ പ്രതികളാക്കി അറസ്റ്റു ചെയ്തത്.
അറസ്റ്റിലായ മിനി നന്ദൻ, അമ്പിളി മഹേഷ് എന്നിവർ 58 ദിവസം വിയ്യൂർ ജയിലിൽ കഴിഞ്ഞു. കോടതി വഴിയാണ് പുറത്തിറങ്ങിയത്. മുഴുവൻ ബോർഡ് യോഗങ്ങളിലും തങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇരുവരും പറയുന്നു. ബോർഡ് യോഗങ്ങളിൽ ചർച്ചകൾ നടക്കാറില്ല. മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ സെക്രട്ടറി ആവശ്യപ്പെടും. മിനിറ്റ്സ് വായിക്കാൻ പോലും അനുവദിക്കില്ല. മിനിറ്റ്സ് ബുക്കിൽ കുറെ സ്ഥലം കാലിയാക്കി ഇട്ടിട്ടുണ്ടാകും. ഒപ്പുകൾ ഇടുവിപ്പിച്ചശേഷം പലരുടെയും വായ്പാ അപേക്ഷ അംഗീകരിച്ചതായി എഴുതിച്ചേർക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞത്. പാർട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നതായും അവർ പറഞ്ഞു.
ബാങ്കിനുണ്ടായ നഷ്ടം ഈടാക്കാൻ ബോർഡ് അംഗങ്ങളുടെ വസ്തുക്കൾ ജപ്തി ചെയ്യാൻ റവന്യു വകുപ്പ് നോട്ടീസ് നൽകി നടപടി ആരംഭിച്ചിരുന്നു. കോടതിയിൽനിന്ന് സ്റ്റേ വാങ്ങി കഴിയുകയാണ്. കടുത്ത അപമാനവും മാനസികവിഷമവും നേരിടുകയാണെന്ന് അവർ പറഞ്ഞു.
കേസിൽ പ്രതിയായിരുന്ന സുമതി ഗോപാലകൃഷ്ണൻ എന്ന ഡയറക്ടർ അന്വേഷണത്തിനിടെ മരിച്ചിരുന്നു. കാൻസർ രോഗിയായിരുന്ന സുമതി കേസിൽ പ്രതിയാക്കപ്പെട്ടതിന്റെ ആഘാതത്തിലാണ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമ, ബ്ളോക്ക് പഞ്ചായത്ത് അംഗമായിരുന്ന അവർ സി.പി.എമ്മിലെ ജനകീയ നേതാവായിരുന്നു. രോഗം മൂലം ഏതാനും ബോർഡ് യോഗങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. രോഗം മൂലം മുൻകൂർ ജാമ്യം നേടി കഴിയുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |