ജിദ്ദ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടത്തിയ സ്‌ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ' സാധനം' എന്നത് മലബാറിൽ പ്രയോഗിച്ചുവരുന്ന ജീവൽ ഭാഷയാണെന്നും വാക്ക് പിൻവലിക്കുന്നുവെന്നും കെ എം ഷാജി പറഞ്ഞു. ദമാമിൽ കെ എം സി സി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുണ്ടൂർ അത്താണിയിലെ മുസ്‌ലിം ലീഗ് സമ്മേളനത്തിലായിരുന്നു കെ എം ഷാജിയുടെ വിവാദ പ്രസംഗം. മുഖ്യമന്തിയെ പുകഴ്ത്തുന്നതാണ് ആരോഗ്യ മന്ത്രിയാകാനുള്ള യോഗ്യതയെന്നും അന്തവും കുന്തവും വിവരവുമില്ലാത്ത വ്യക്തിയാണ് മന്ത്രി വീണയെന്നുമായിരുന്നു ഷാജിയുടെ പരാമർശം. പിന്നാലെ ഷാജിക്കെതിരെ വനിതാ കമ്മിഷൻ കേസെടുക്കുകയും ചെയ്തിരുന്നു.
'വാക്കിൽ തൂങ്ങിക്കളിക്കുക എന്നത് ഫാസിസ്റ്റ് തന്ത്രമാണ്. സാധാരണ മലബാറിൽ സാധനം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഒരു ജീവൽ ഭാഷയാണത്. ആ ഭാഷ ഞാൻ പ്രയോഗിച്ചു. മന്ത്രിയെ ഡീഗ്രേഡ് ചെയ്യാനല്ല അത് ഉപയോഗിച്ചത്. അതൊരു സ്‌ത്രീയായതുകൊണ്ടൊന്നുമല്ല. ജെൻഡർ ന്യൂട്രാലിറ്റി, ജെൻഡർ ഇക്വാലിറ്റി, ജെൻഡർ ജസ്റ്റിസ്, ആണുങ്ങളും പെണ്ണുങ്ങളും ഒരേപോലെയാണ്. പിന്നെന്തിനാണ് ആണുങ്ങൾക്ക് വേറൊരു ഭാഷയും പെണ്ണുങ്ങൾക്ക് വേറൊരു ഭാഷയും.
സ്ത്രീയെന്ന നിലക്കല്ല, ഒരു മനുഷ്യനോട് അവരുടെ മനസിന് വിഷമമുണ്ടാക്കുന്ന തരത്തിൽ ഒരു പ്രയോഗം വരാൻ പാടില്ലെന്ന് വിചാരിക്കുന്ന ആളാണ് താൻ. അവർ അന്ന് പറയാത്തതുകൊണ്ട് താനത് തിരുത്താനും പോയില്ല. സാധനം എന്ന വാക്ക് ദമാമിലെ പ്രസംഗത്തോടെ പിൻവലിക്കുന്നു. അന്തവും കുന്തവുമില്ലെന്ന് ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും. ഈ സാധുവിന് അന്തവുമില്ല, കുന്തവുമില്ല. കേരളത്തിലെ ആരോഗ്യമന്ത്രിയ്ക്ക് സത്യത്തിൽ ആ വകുപ്പിനെക്കുറിച്ച് അന്തവുമില്ല, കുന്തവുമില്ല' - കെ എം ഷാജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |