സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കരുവന്നൂർ തട്ടിപ്പിലെ ഇ.ഡി അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്കു നീളുന്നത്. രാഷ്ട്രീയ, ഭരണ, പൊലീസ് ഉന്നതർ ആസൂത്രിതമായി നടത്തിയതാണ് കരുവന്നൂരിലെ വായ്പാത്തട്ടിപ്പെന്ന് ഇ.ഡി ആവർത്തിക്കുന്നു. പതിറ്റാണ്ടുകളായി ബാങ്ക് ഭരിക്കുന്ന സി.പി.എമ്മിലെ നേതാക്കളിലേക്കാണ് സംശയമുന നീളുന്നത്. അതേസമയം, നേതാക്കളെ കുടുക്കാൻ രാഷ്ട്രീയതാല്പര്യപ്രകാരം ഇ.ഡി ശ്രമിക്കുകയാണെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നത്.
സഹകരണ വകുപ്പ് ഉന്നതസമിതിയുടെ അന്വേഷണത്തിൽ 219.33 കോടി രൂപയുടെയും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ 150 കോടിയുടെയും ഇ.ഡി അന്വേഷണത്തിൽ 300 കോടിയുടെയും തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. ഒരു സഹകരണ ബാങ്കിൽ ഇത്രയും വലിയ തട്ടിപ്പ് നടത്താൻ ഏതാനും ജീവനക്കാർക്കോ ഇടപാടുകാർക്കോ മാത്രം കഴിയുമോയെന്ന ചോദ്യം പ്രസക്തമാണ്. ഭരണസമിതി അംഗങ്ങളിലേക്കും അവരുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിലേക്കും സംശയവും അന്വേഷണവും നീളാനുള്ള കാരണവും ഇതാണ്.
ബാങ്ക് ഡയറക്ടർ ബോർഡ് യോഗങ്ങളുടെ മിനിട്സുകളിലും തിരിമറി നടത്തിയിരുന്നതായി ആരോപിച്ചത് മുൻ ഡയറക്ടർമാർ തന്നെയാണ്. ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത് ജയിലിൽ കിടന്ന മുൻ ഡയറക്ടർമാരായ മിനി നന്ദൻ (സി.പി.ഐ), അമ്പിളി മഹേഷ് (സി.പി.എം) എന്നിവർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യോഗങ്ങൾക്കു ശേഷം മിനിട്സ് ബുക്കിൽ കുറെ സ്ഥലം ഒഴിച്ചിടും. അപേക്ഷ വയ്ക്കാത്തവരുടെ പേരുകൾ പിന്നീട് എഴുതിച്ചേർത്ത് വൻതുകകൾ വായ്പയായി അനുവദിച്ചെന്ന് അവർ പറയുന്നു.
ബാങ്കിന്റെ പ്രവർത്തനപരിധിക്കു പുറത്തുള്ളവർക്കും കോടികൾ വായ്‌പ ലഭിച്ചത് ഇത്തരത്തിലാണ്. ഭരണസമിതിയിലെയും അവരുമായി അടുപ്പമുള്ള നേതാക്കളുടെയും അറിവില്ലാതെ ഇത്തരം ഇടപാട് നടത്താൻ കഴിയില്ലെന്ന് വ്യക്തം. കരുവന്നൂർ ബാങ്കിന്റെ പാർട്ടി ചുമതല വഹിച്ചിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗം ബോർഡ് യോഗത്തിനു ശേഷം മിനിട്സ് ബുക്ക് വാങ്ങി പരിശോധിച്ചിരുന്നു. ബോർഡിൽ അപേക്ഷ നൽകാത്തവർക്ക് വായ്പ അനുവദിച്ചതായി എഴുതിച്ചേർത്തത് നേതാവു വഴിയാണെന്നും ഇടതുപക്ഷപ്രവർത്തകർ ഉൾപ്പെടെ ആരോപിക്കുന്നു.
ബാങ്ക് ജീവനക്കാരിലെ പ്രധാനികൾ മുതൽ ഭരണസമിതിയിലെ ചിലരും അവരുമായി ബന്ധപ്പെട്ടവരും തട്ടിപ്പിൽ പങ്കാളികളും ഉത്തരവാദികളുമാണെന്ന് പേരു വെളിപ്പെടുത്താൻ തയ്യാറല്ലാത്ത സി.പി.ഐയുടെ പ്രാദേശിക നേതാവ് പറഞ്ഞു. ബാങ്കിലെ ഒരു സെക്രട്ടറി, മാനേജർ, കമ്മിഷൻ ഏജന്റ് എന്നിവരാണ് തട്ടിപ്പിലെ മുഖ്യ കണ്ണികൾ. അവർക്കു പിന്നിൽ മുതിർന്ന സി.പി.എം നേതാക്കളുണ്ടെന്നും അദ്ദേഹം പറയുന്നു.
ഭരണസമിതി അംഗങ്ങളായ സി.പി.എം നേതാക്കളും അവർക്കു പിന്നിലുള്ളവരുമാണ് ഇ.ഡിയുടെ അന്വേഷണവലയിലുള്ളത്. പൊലീസിലെ ചില ഉന്നതരും തട്ടിപ്പിൽ പങ്കാളികളാണെന്നും ബിനാമി, കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. മുൻമന്ത്രിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എ.സി. മൊയ്‌തീനാണ് ഇ.ഡിയുടെ സംശയ നിഴലിലുള്ള ഏറ്റവും പ്രമുഖൻ. അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചു. കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ഒരുതവണ ചോദ്യം ചെയ്തു. വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. സി.പി.എം പ്രാദേശിക നേതാവ് പി.ആർ. അരവിന്ദാക്ഷനാണ് അറസ്റ്റിലായ നേതാവ്.
ഒഴിവാക്കണം ആശങ്കകൾ
സംസ്ഥാനത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ സ്ഥാപനങ്ങൾ. ദൈനംദിന ആവശ്യങ്ങൾക്കുൾപ്പെടെ സാധാരണക്കാർ ആശ്രയിക്കുന്നത് സഹകരണ സൊസൈറ്റികൾ, ബാങ്കുകൾ എന്നിവയെയാണ്. നിക്ഷേപങ്ങൾ, വായ്പകൾ, ചിട്ടി തുടങ്ങിയ ഇടപാടുകൾക്ക് സാധാരണക്കാർക്കും കർഷകർക്കും ചെറുകിട സംരംഭകർക്കും ആശ്രയം സഹകരണ ബാങ്കുകളാണ്.
കരുവന്നൂരിലെ പ്രശ്നം ഒറ്റപ്പെട്ടതാണെങ്കിലും തട്ടിയെടുത്തത് കോടികളാണ്. തിരിച്ചടവ് നിലച്ചതോടെ പ്രതിസന്ധിയിലായത് നിക്ഷേപകരും ചിട്ടിയിൽ പണമടച്ചവരും. 370 കോടി രൂപയോളമാണ് നിക്ഷേപകർക്ക് തിരിച്ചുനൽകാനുള്ളത്. പണം തിരിച്ചുകിട്ടാത്തത് മറ്റു സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപം പിൻവലിക്കുകയോ കുറയുകയോ ചെയ്യുന്നത് സഹകരണ ബാങ്കുകളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
(അവസാനിച്ചു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |