ന്യൂഡൽഹി : മ്യാൻമർ, ബംഗ്ലാദേശ് ഭീകരസംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരിൽ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഒരാളെ എൻ.ഐ. എ അറസ്റ്റ് ചെയ്തു. സെയ് മിൻലുൻ ഗാംഗ്ടെ എന്നയാളെയാണ് ചുരാചന്ദപൂരിൽ നിന്ന് എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമം നടത്തിയെന്ന് എൻ.ഐ.എ അറിയിച്ചു.
അതേസമയം കലാപം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ജനരോഷവും പ്രതിഷേധവും ഭരണകൂടത്തിനെതിരായെന്നും കുറ്റപ്പെടുത്തി സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തി.. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന അദ്ധ്യക്ഷ എ. ശാരദാദേവിയുടെയുടെയും വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗിന്റെയും നേതൃത്വത്തിൽ എട്ട് നേതാക്കൾ പാർട്ടി അദ്ധ്യക്ഷൻ ജെ.പി.നദ്ദയ്ക്ക് കത്തയച്ചു.
സ്വന്തം നാടുവിട്ട് പോയവരെ തിരികെയെത്തിക്കാൻ നടപടിയെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ദേശീയപാതകൾ അടക്കമുള്ളവയിലെ തടസങ്ങൾ നീക്കി ഗതാഗതം സുഗമമാക്കുന്നതിന് നടപടിയെടുക്കണമെന്ന ജനങ്ങളുടെ ആവശ്യം അടിയന്തരമായി പരിഗണിക്കണം. കലാപത്തിൽ മരിച്ചവരുടെ ആശ്രിതർക്കും വീട് നഷ്ടപ്പെട്ടവർക്കും ധനസഹായം നൽകണം. അക്രമങ്ങൾ ഭീകരപ്രവർത്തനമായി പ്രഖ്യാപിക്കണം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിക്കുന്ന നടപടി വേഗത്തിലാക്കാനും ദേശീയ പൗരത്വ നിയമം നടപ്പാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ അവസരം വേണമെന്നും ഇവർ ആവശ്യമുന്നയിച്ചു.
അതിനിടെ സംസ്ഥാനത്ത് പ്രക്ഷോഭം തുടരുകയാണ്. വെള്ളിയാഴ്ച അർദ്ധരാത്രി പ്രക്ഷോഭകർ ബി.ജെ.പി എം.എൽ.എ എൽ.സുശീന്ദ്റോയുടെ വീട് ആക്രമിക്കാൻ ശ്രമിച്ചു. സംഭവ സമയം എം.എൽ.എ വീട്ടിലുണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഖുരായിൽ നിന്നുള്ള എം.എൽ.എ ആയ ഇദ്ദേഹത്തെ ജൂണിലും അക്രമികൾ ലക്ഷ്യമിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |