ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ ഗാന്ധിജിയുടെയും അദ്ദേഹത്തിന്റെ കൊലയാളിയായ ഗോഡ്‌സെയുടെയും ആദർശങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഷാജാപൂരിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
മദ്ധ്യപ്രദേശ് അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറി. ബി.ജെ.പി സമാനതകളില്ലാത്ത അഴിമതിയാണ് നടത്തിയത്. വ്യാപം അഴിമതി, എം.ബി.ബി.എസ് സീറ്റ് വിൽപന, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയവ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. 18 വർഷത്തെ ബി.ജെ.പി ഭരണത്തിൽ 18,000 കർഷകർ ആത്മഹത്യ ചെയ്തു. ചരിത്രത്തിലാദ്യമായാണ് കർഷകർക്ക് നികുതി നൽകേണ്ടി വരുന്നത്. ബി.ജെ.പി പ്രവർത്തിക്കുന്നത് ഏതാനും ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയിലെല്ലാം അദാനിയുടെ കാൽപ്പാടുകൾ കാണാം. ബി.ജെ.പി തടസപ്പെടുത്തിയ കമൽനാഥ് സർക്കാർ തുടക്കമിട്ട പദ്ധതികൾ കോൺഗ്രസ് വീണ്ടും ഭരണത്തിലെത്തുമ്പോൾ പുനരാരംഭിക്കുമെന്നും രാഹുൽ പറഞ്ഞു.
ഒ.ബി.സിക്കാർക്ക് മോദി ഒന്നും നൽകിയിട്ടില്ല: രാഹുൽ
ഒ.ബി.സി വിഭാഗങ്ങൾക്ക് അർഹമായ ഒന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടില്ലെന്നും രാഹുൽ ആരോപിച്ചു.
സ്വാധീനമുള്ള 90 കേന്ദ്ര സെക്രട്ടറിമാരിൽ മൂന്ന് പേർ മാത്രമാണ് ഒ.ബി.സിക്കാരെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. രാജ്യത്ത് നയരൂപീകരണ പ്രക്രിയയിൽ ഒ.ബി.സിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ അവരുടെ കൃത്യമായ എണ്ണം അറിയണം. അതിന് ജാതി സെൻസസ് അനിവാര്യം. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാലുടൻ ജാതി സെൻസസ് നടത്തും. മുൻ കോൺഗ്രസ് സർക്കാർ നടത്തിയ ജാതി സെൻസസ് വിവരങ്ങൾ ബി.ജെ.പി പുറത്തുവിടാത്തത് ജനങ്ങൾ സത്യം അറിയുമെന്ന ഭയം കൊണ്ടാണ്. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട നിരവധി എംപിമാരും എം.എൽ.എമാരും തങ്ങൾക്കുണ്ടെന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിലും തീരുമാനങ്ങളെടുക്കുന്നത് ആർ.എസ്.എസും ഉദ്യോഗസ്ഥരും ചേർന്നാണെന്നും രാഹുൽ പറഞ്ഞു.
മുൻ മുഖ്യമന്ത്രി കമൽനാഥ്, മദ്ധ്യപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, മുതിർന്ന നേതാവ് ദിജ്‌വിജയ സിംഗ് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |