തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലയിലെ അൺ എംപ്ലോയിഡ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുളള ശിവകുമാറിന്റെ വീടിന് മുൻപിൽ പ്രതിഷേധം നടത്തുന്നത്. മുന്നൂറോളം നിക്ഷേപകർക്ക് പതിമൂന്ന് കോടി രൂപ നഷ്ടമായി എന്നാണ് പരാതി.
വെളളായണി, വലിയതുറ, കിളളിപ്പാലം തുടങ്ങിയ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധം നടത്തുന്നത്. സൊസൈറ്റി ശിവകുമാറിന്റെ ബിനാമിയായ കരകുളം സ്വദേശി അശോകന്റെതാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അതേസമയം നിക്ഷേപകർ നടത്തുന്ന പ്രതിഷേധത്തിൽ വി എസ് ശിവകുമാർ പ്രതികരിച്ചിരുന്നു. തന്നെ മനഃപൂർവ്വം കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. കഴിഞ്ഞ വർഷം ശിവകുമാറാണ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. സെപ്തംബർ മാസം അവസാനത്തോടെയാണ് സംസ്ഥാനത്തുളള സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ ക്രമക്കേട് നടക്കുന്നതെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നത്.
ക്രമക്കേട് നടന്ന 272 സഹകരണ സംഘങ്ങളിൽ 202 ലും ഭരണം നടത്തുന്നത് യു ഡി എഫാണെന്നാണ് പുറത്ത് വന്ന റിപ്പോർട്ടിലുളളത്. ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. എൽ ഡി എഫ് നേതൃത്വം നൽകുന്ന 63 സംഘങ്ങളിലും ബി ജെ പിയുടെ നിയന്ത്റണത്തിലുളള ഏഴ് സംഘങ്ങളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ പ്രധാനമായും 16255 സഹകരണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ 272 സഹകരണ സംഘങ്ങളിലാണ് രജിസ്ട്രാറുടെ അന്വേഷണത്തിൽ പല തരത്തിലുളള ക്രമക്കേടുകൾ കണ്ടെത്തിയത്. എൽ ഡി എഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ കൂടുതൽ തട്ടിപ്പ് നടന്നത് പത്തനംതിട്ട ജില്ലയിലാണ്. 25 സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |