മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മാണം
രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. ഇതാദ്യമായാണ് മമ്മൂട്ടി നായകനാവുന്ന ചിത്രം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയശേഷം രഞ്ജൻ പ്രമോദിന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം. ചിത്രത്തിന്റെ രചനയും രഞ്ജൻ പ്രമോദിന്റേതാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ലാൽജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവം എന്ന ചിത്രത്തിന് രചന നിർവഹിച്ച് വെള്ളിത്തിരയിലേക്ക് എത്തിയ രഞ്ജൻ പ്രമോദ് തിരക്കഥ എഴുതിയ മീശ മാധവൻ, മനസിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു.മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ ആണ് രഞ്ജൻ പ്രമോദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ദിലീഷ് പോത്തൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒ ബേബി ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.അതേസമയം മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ നയൻതാര ആണ് നായിക. അനശ്വര രാജൻ ആണ് മറ്റൊരു പ്രധാന താരം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 18ന് ആരംഭിക്കാനാണ് തീരുമാനം. മഹേഷ് നാരായണൻ, മിഥുൻ മാനുവൽ തോമസ്, അമൽ നീരദ് എന്നിവരുടെ ചിത്രങ്ങളിൽ അടുത്ത വർഷം മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |