കൊച്ചി: ചിരിയോർമ്മകൾ ബാക്കിയാക്കി മടങ്ങിയ കാർട്ടൂണിസ്റ്റ് സുകുമാറിന് അന്ത്യാഞ്ജലി. സുദീർഘമായ തിരുവനന്തപുരം വാസത്തിനുശേഷം കൊച്ചിയിലെത്തിയ അദ്ദേഹത്തിന് തൃപ്പൂണിത്തുറ എമ്പ്രാൻമഠത്തിലാണ് ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം ഒരുങ്ങിയത്.
കാക്കനാട് പാലച്ചുവട്ടിലെ മകളുടെ വസതിയിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ വ്യവസായമന്ത്രി പി. രാജീവ്, മുൻകേന്ദ്രമന്ത്രി കെ.വി. തോമസ്, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, കാർട്ടൂൺ അക്കാഡമി ഭാരവാഹികളായ അനൂപ് രാധാകൃഷ്ണൻ, പ്രസന്നൻ ആനിക്കാട്, കാർട്ടൂണിസ്റ്റുകളായ അരവിന്ദൻ, ജോബി, സുരേഷ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരികമന്ത്രി സജി ചെറിയാൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർക്കു വേണ്ടിയും റീത്തുകൾ സമർപ്പിച്ചു.
വൈകിട്ട് മൂന്നു വരെ പൊതുദർശനത്തിന് ശേഷം തൃപ്പൂണിത്തുറയിലെ എമ്പ്രാൻമഠത്തിൽ എത്തിച്ചു. പൊലീസിന്റെ ബഹുമതികൾക്ക് ശേഷം സഹോദരീപുത്രൻ അനന്തകൃഷ്ണൻ ചിതയ്ക്ക് തീകൊളുത്തി. ഈമാസം നാലിനാണ് സഞ്ചയനച്ചടങ്ങുകളെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |