ലണ്ടൻ : 94 വർഷങ്ങൾക്ക് മുമ്പ്....1928 ഒക്ടോബർ 13ന് ഇംഗ്ലണ്ടിലെ ലീസ്ഡിൽ നിന്ന് ബ്രിസ്‌റ്റലിലേക്ക് 60 യാത്രക്കാരുമായി ഒരു മെയിൽ ട്രെയിൻ പുറപ്പെട്ടു. നിർഭാഗ്യവശാൽ, ലക്ഷ്യസ്ഥാനത്തെത്തുന്നതിന് പകരം ഒരു ദുരന്തത്തിലേക്കായിരുന്നു ആ യാത്ര കലാശിച്ചത്. ചാർഫീൽഡ് ഗ്രാമത്തിൽ വച്ച് എതിരെ വന്ന ഒരു ചരക്കു ട്രെയിനുമായി ആ മെയിൽ കൂട്ടിയിടിച്ചു. അതിശക്തമായ മൂടൽ മഞ്ഞുണ്ടായിരുന്നു അന്ന്. അടുത്തുള്ള ചാർഫീൽഡ് റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള അപായ സിഗ്നൽ മെയിൽ ട്രെയിനിന്റെ ലോക്കോപൈലറ്റിന് കാണാനാകാതെ പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
കൂട്ടിയിടിക്കു പിന്നാലെ ചരക്കു ട്രെയിനിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് അതിശക്തമായ സ്‌ഫോടനമുണ്ടായി. 16 പേർ ആ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. അക്കൂട്ടത്തിൽ അഞ്ചും പന്ത്രണ്ടും വീതം വയസുള്ള ആൺകുട്ടിയും പെൺകുട്ടിയുമുണ്ടായിരുന്നു. ഈ രണ്ട് ചെറിയ കുട്ടികളുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വണ്ണം കത്തിക്കരിഞ്ഞുപോയിരുന്നു. ഇരുവരെയും ഒഴികെ കൊല്ലപ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞു. ഈ കുട്ടികളെ പറ്റിയോ അവരുടെ അച്‌ഛനമ്മമാർ ആരാണെന്നോ ആർക്കുമറിയില്ലായിരുന്നു.
കുട്ടികളുടെ കുടുംബാംഗങ്ങൾ എന്നവകാശപ്പെട്ട് ആരും മുന്നോട്ട് വന്നതുമില്ല. കുട്ടികളെ കണ്ടെത്താൻ രാജ്യവ്യാപകമായി പരസ്യം നൽകിയെങ്കിലും വിഫലമായി. ഒടുവിൽ ചാർഫീൽഡിലെ സെന്റ് തോമസ് ചർച്ചിൽ കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചു. ചാർഫീൽഡ് റെയിൽവേ അപകടത്തിൽ മരിച്ചവർക്കായി സെന്റ് തോമസ് ചർച്ചിൽ ഒരു സ്‌മാരകവും പണിതു.
അങ്ങനെയെരിക്കെയാണ് ഇവിടുത്തെ നാട്ടുകാർ ഒരു കാര്യം കണ്ടെത്തിയത്. 1929 മുതൽ എല്ലാ വർഷവും ചാർഫീൽഡ് അപകടത്തിന്റെ വാർഷിക ദിനത്തിൽ ആ രണ്ട് കുട്ടികളുടെയും കല്ലറയിൽ മാത്രം ആരോ പൂക്കൾ അർപ്പിച്ച് മടങ്ങുന്നു. കറുത്ത വലിയ കുപ്പായം ധരിച്ച ഒരു സ്ത്രീയായിരുന്നു അത്. കല്ലറയുടെ മുന്നിൽ പ്രാർത്ഥിച്ച ഉടൻ തന്നെ അവർ എവിടേക്കോ അപ്രത്യക്ഷമാകുമായിരുന്നു. കറുത്ത ശിരോവസ്ത്രത്താൽ അവരുടെ മുഖം മൂടപ്പെട്ടിരുന്നു.
1960കളുടെ തുടക്കത്തിൽ ഒരു വാർഷിക ദിനത്തിൽ ഒരു കൂട്ടം മാദ്ധ്യമപ്രവർത്തകർ ആ സ്ത്രീയെ കണ്ടെത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ആ സ്ത്രീ അവിടെ നിന്ന് എവിടേക്കോ മറഞ്ഞു. പിന്നീടൊരിക്കലും കല്ലറയിലേക്ക് പൂക്കളുമായി അവരെത്തിയില്ല. ഈ സംഭവത്തിന് ശേഷം ചാർഫീൽഡ് അപകടം ഉണ്ടായ സ്ഥലത്ത് രണ്ട് കുട്ടികൾ കൈകോർത്ത് നില്‌ക്കുന്നത് കണ്ടതായി അവകാശപ്പെട്ട് പലരും എത്തി. എന്നാൽ, അത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വിശദീകരിച്ചു.
വർഷങ്ങൾ പിന്നിട്ടിട്ടും ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട ഈ കഥ ചാർഫീൽഡിൽ നിലനിൽക്കുന്നു. കഥകൾ ശരിയെങ്കിൽ ആ കുട്ടികൾ ആരായിരുന്നു ? ആരായിരുന്നു ആ അജ്ഞാത സ്ത്രീ ? ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവ ഇന്നും അവശേഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |