കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചു നൽകിയ ഹർജി പിൻവലിക്കാൻ ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണിന് ഹൈക്കോടതി അനുമതി നൽകി. അതേസമയം, സത്യവാങ്മൂലത്തിൽ അനാവശ്യമായി അഭിഭാഷകനെ കുറ്റപ്പെടുത്തിയതിന് 10,000 രൂപ പിഴയടയ്ക്കാൻ ഉത്തരവിട്ടു. പിഴത്തുക ഒരുമാസത്തിനകം ഹൈക്കോർട്ട് ലീഗൽ സർവീസ് അതോറിറ്റിയിൽ കെട്ടിവച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടി സ്വീകരിക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ഉത്തരവിൽ പറയുന്നു.
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു - സാമ്പത്തിക തട്ടിപ്പു കേസിൽ ഐ.ജി ലക്ഷ്മണിനെ പ്രതി ചേർത്തിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അസാധാരണ ഭരണഘടനാ അതോറിറ്റിയുണ്ടെന്നും തനിക്കെതിരെ കേസെടുത്തത് തിരശീലയ്ക്കു പിന്നിലുള്ള ഈ അദൃശ്യകരങ്ങളുടെ ഇടപെടൽ മൂലമാണെന്നും ആരോപിച്ചിരുന്നു. വിവാദമായതോടെ ഹർജി പിൻവലിക്കാൻ മറ്റൊരു അഭിഭാഷകൻ മുഖേന ഹൈക്കോടതിയുടെ അനുമതി തേടി.
തന്റെ അറിവില്ലാതെ അഭിഭാഷകനാണ് ആരോപണങ്ങൾ ഹർജിയിൽ ചേർത്തതെന്ന് സത്യവാങ്മൂലവും നൽകി. അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാവില്ലെന്നും ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇത്തരത്തിൽ പറയുന്നത് അഭിഭാഷകന്റെ ഭാവിയെ ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്നു പുതിയ സത്യവാങ്മൂലം നൽകി. ആയുർവദ ചികിത്സ തേടിയിരുന്നതിനാൽ നേരിട്ടെത്തി അഭിഭാഷകനുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ഫോണിൽ പറഞ്ഞു നൽകിയാണ് ഹർജി നൽകിയതെന്നും ഐ.ജി വിശദീകരിച്ചു. അനാവശ്യമായ കാര്യങ്ങൾ കടന്നു കൂടിയത് നോട്ടപ്പിശകു മൂലമാണെന്നും അഭിഭാഷകനോ അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫുകളോ കുറ്റക്കാരല്ലെന്നും പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇതു പരിഗണിച്ചാണ് ഹർജി പിൻവലിക്കാൻ അനുവദിച്ചത്.
ഹർജിക്കാരന് തന്റെ ഇഷ്ടത്തിനനുസരിച്ച് വാദങ്ങൾ മാറ്റാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. പിന്നീട് അഭിഭാഷകന്റെ ഭാഗത്തെ പിഴവാണെന്ന് തെളിവുകളില്ലാതെ ആരോപിച്ചു. പിഴ ചുമത്താതെ ഹർജി പിൻവലിക്കാനുള്ള അപേക്ഷ അനുവദിക്കാനാവില്ല - ഹൈക്കോടതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |