□50 കോടിയുടെ നിക്ഷേപം ഉറപ്പാക്കുമെന്നും മന്ത്രി വി.എൻ.വാസവൻ.
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ 50,000 രൂപ വരെയുള്ള നിക്ഷേപങ്ങൾ ഈ മാസം പൂർണമായി തിരിച്ചുനൽകുമെന്നും, 50.75 കോടിയുടെ സഹായം ബാങ്കിന് ഉറപ്പാക്കുമെന്നും സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ഒരു ലക്ഷം രൂപ വരെ നിക്ഷേപിച്ചവർക്ക് 50,000 വരെയും, അതിന് മുകളിലുള്ളവർക്ക് 50 ശതമാനം പലിശ, 10 ശതമാനം നിക്ഷേപം എന്നിങ്ങനെയും തിരികെ നൽകും. ചികിത്സ, വിവാഹം എന്നിങ്ങനെ അടിയന്തര ആവശ്യമുള്ളവരെ പ്രത്യേകം പരിഗണിക്കും. കരുവന്നൂർ പ്രശ്‌നവുമായി ബന്ധപ്പെട്ട ഉന്നതതല യോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.
കരുവന്നൂർ പാക്കേജിൽ 73 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി. 110 കോടി രൂപയുടെ നിക്ഷേപങ്ങൾ പുന:ക്രമീകരിച്ചു. 79 കോടി രൂപയോളം തിരിച്ചടവ് വന്നു.
കേരള ബാങ്കിലെ നിക്ഷേപമായ 12 കോടി, സഹകരണ ക്ഷേമനിധി ബോർഡിൽ നിന്ന് 10 കോടി രൂപ ലഭിക്കാനുള്ളതിൽ ബാക്കിയുള്ള 5 കോടി. കൺസ്യൂമർ ഫെഡിൽ നിന്ന് 25 ലക്ഷം, ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ നിന്ന് 10 ലക്ഷം, മുമ്പെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിലെ സഹകരണ സംഘങ്ങളിൽ നിന്ന് 9.40 കോടി, അധിക വിഭവ സമാഹരണമായി തൃശൂരിലെ സഹകരണ ബാങ്കുകളിൽ നിന്ന് 15 കോടി, സ്ഥലം പിടിച്ചെടുത്ത ഇനത്തിൽ 9 കോടി എന്നിങ്ങനെയാണ് 50.75 കോടി. പിരിഞ്ഞു കിട്ടാനുള്ളത് മുതലും പലിശയും ചേർത്ത് 506.61 കോടി രൂപയാണ്. കൊടുത്തു തീർക്കാനുള്ളത് സ്ഥിരനിക്ഷേപം ഉൾപ്പെടെ 282.6 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ സുഭാഷ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കരുവന്നൂർ ബാങ്ക് ഭരണ സമിതി അംഗങ്ങൾ, വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇ.ഡി ഇടപെടലിൽ
പോയത് 184.5 കോടി
ഇ.ഡി കൊണ്ടുപോയ 162 ആധാരങ്ങളിൽ നിന്നായി 184.5 കോടി രൂപ ബാങ്കിന് ലഭിക്കാനുണ്ട്. അത് തിരിച്ചടയ്ക്കാൻ പലരും വന്നെങ്കിലും ആധാരമില്ലാത്തതിനാൽ കഴിഞ്ഞില്ല. ആധാരങ്ങൾ തിരികെ ലഭിക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
മറ്റ് പ്രധാന നടപടികൾ
1. കേരള ബാങ്കിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനെ കരുവന്നൂർ ബാങ്കിലെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാക്കും
2. തിരിച്ചടവിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ ഈ വർഷം ഡിസംബർ 31 വരെ നീട്ടി
3. വരുമാനേതര ആസ്തികൾ വരുമാന ആസ്തികളാക്കും
ആർ.ബി.ഐയ്ക്ക്
ഇടപെടാനാകില്ല
കരുവന്നൂർ പാക്കേജിൽ ആർ.ബി.ഐയ്‌ക്കോ നബാർഡിനോ ഇടപെടാനാകില്ലെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്കിൽ നിന്ന് ലഭിക്കാനുള്ള 12 കോടിയുൾപ്പെടെ സഹായങ്ങൾ സഹകരണ രജിസ്ട്രാറുടെ മാത്രം അധീനതയിൽ വരുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |