മാവേലിക്കര: സ്പെഷ്യൽ സബ് ജയിലിൽ മരിച്ച കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബിനെ ജയിൽ വാർഡർമാർ ക്രൂരമായി മർദ്ദിക്കുന്നത് താൻ കണ്ടിരുന്നുവെന്ന് സഹതടവുകാരനായിരുന്ന ഉണ്ണിക്കൃഷ്ണൻ വെളിപ്പെടുത്തി. മർദ്ദിച്ച ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും വിയ്യൂർ ജയിലിൽ നിന്ന് മാവേലിക്കര കോടതിയിൽ മറ്റൊരു കേസിനായി എത്തിച്ച ഉണ്ണിക്കൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മജിസ്ട്രേട്ടിന് മൊഴി നൽകിയ ശേഷം തനിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളാണെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കൊടുത്ത പരാതിയിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലായിരുന്ന ഉണ്ണിക്കൃഷ്ണനെ വിയ്യൂരിലേക്കു മാറ്റുകയായിരുന്നു.
എം.ജെ. ജേക്കബിനെ 11-ാം നമ്പർ സെല്ലിലിട്ട് മർദ്ദിക്കുന്ന ശബ്ദം കേട്ടുവെന്നും മർദ്ദനത്തിനിടെ ജേക്കബ് രക്ഷപ്പെട്ട് ഓടി, തന്നെ പാർപ്പിച്ചിരുന്ന 9-ാം നമ്പർ സെല്ലിന്റെ മുന്നിലെത്തിയെന്നും അവിടെ വച്ചും ജയിൽ വാർഡർമാർ ജേക്കബിനെ മർദ്ദിക്കുന്നത് കണ്ടുവെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ബുഹാരി, ബിനോയ്, സുജിത്ത് എന്നീ ഉദ്യോഗസ്ഥരാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്. ജേക്കബിന്റെ പുറത്ത് കയറിയിരുന്നുവരെ മർദ്ദിച്ചു.
ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നൽകിയ ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റപ്പെട്ട തനിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനങ്ങൾ ആണെന്നാണ് മജിസ്ട്രേട്ട് കോടതിയിൽ ഉണ്ണിക്കൃഷ്ണൻ നൽകിയ സങ്കട ഹർജിയിൽ പറയുന്നത്. മാവേലിക്കരയിലെ കോടതികളിൽ കേസുള്ള തന്നെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത് മൊഴി കൊടുത്തതിലുള്ള പ്രതികാരം കാരണമാണ്. അവിടെ ഒരു കുടുസു തടവറയിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ചു. വിവരം ജയിൽ സൂപ്രണ്ടിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് മർദ്ദനത്തിൽ അയവുണ്ടായത്. എന്നാൽ ജയിലിലെ മരണം വീണ്ടും വാർത്തയായതോടെ തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണ്. തന്നെയും കസ്റ്റഡിയിൽ കൊല്ലുമെന്ന് ഭയപ്പെടുന്നുവെന്നും ജീവനു സംരക്ഷണം നൽകണമെന്നും ഉണ്ണിക്കൃഷ്ണൻ മാവേലിക്കര കോടതിയിൽ കൊടുത്തിരിക്കുന്ന പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |