
ഇടുക്കി: തെക്കിന്റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറിൽ അടിച്ചുപൊളിക്കാനായി സഞ്ചാരികൾ ഒഴുകിയെത്തുകയാണ്. ഈ സീസണിലെ ആദ്യ മൈനസ് ഡിഗ്രി താപനില ഇന്ന് പുലർച്ചെ മൂന്നാറിൽ രേഖപ്പെടുത്തി. കെ.ഡി.എച്ച്.പി എസ്റ്റേറ്റിലെ സെവൻമല സെക്ഷനിലാണ് താപനില പൂജ്യത്തിന് താഴെ എത്തിയത്. ഇന്നലെ പുലർച്ചെ കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിൽ രണ്ട് ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. മൂന്നാറിൽ താപനില രണ്ട് ഡിഗ്രിയിലെത്തിയെന്ന് അറിഞ്ഞതോടെ നിരവധി പേരാണ് തണുപ്പ് ആസ്വദിക്കാനായി ഇവിടേക്ക് വണ്ടിപിടിക്കുന്നത്.
ഉപാസി കേന്ദ്രത്തിൽ മൂന്നും ലക്ഷ്മി എസ്റ്റേറ്റിൽ നാലും സെവൻമലയിൽ അഞ്ചും മാട്ടുപ്പെട്ടിയിൽ ആറും ഡിഗ്രിയാണ് രേഖപ്പെടുത്തിയ താഴ്ന്ന താപനില. സൈലന്റ് വാലിയിലും ദേവികുളത്തും ഏഴ് ഡിഗ്രി രേഖപ്പെടുത്തി. ഇതോടെ ചെണ്ടുവര ഫാക്ടറി ഡിവിഷനിലെ പുൽമേട്ടിൽ മഞ്ഞുവീഴ്ചയുമുണ്ടായി. മഞ്ഞ് വീഴ്ചയിലും തെളിഞ്ഞ ആകാശവും താഴെ പരന്ന കാഴ്ചകളും തീർക്കുന്ന വശ്യമനോഹാരിതക്ക് തെല്ലും കുറവില്ല. നേരത്തെ 15ന് ചെണ്ടുവരയിലും ഉപാസി കേന്ദ്രത്തിലും കുറഞ്ഞ താപനില പൂജ്യത്തിലെത്തിയിരുന്നു. വട്ടവട, കാന്തല്ലൂർ മേഖലകളും ശൈത്യത്തിന്റെ പിടിയിലാണ്. നവംബറിൽ തുടങ്ങി ജനുവരിയിൽ അവസാനിക്കുന്നതാണ് മൂന്നാറിലെ തണുപ്പ് കാലം.
ഡിസംബർ ആദ്യം മുതൽ മൂന്നാറിലെ റിസോർട്ടുകളും ഹോട്ടലുകളും ഹൗസ് ഫുള്ളാണ്. അയൽ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെയുള്ള വിനോദ സഞ്ചാരികളാണ് മൂന്നാറിനെ ഇപ്പോൾ സജീവമാക്കുന്നത്. . മാർച്ച് ആദ്യം വരെ ഈ തിരക്ക് തുടരുമെന്നാണ് കരുതുന്നത്. മറ്റു ദിവസങ്ങളേക്കാൾ ശനിയും ഞായറുമാണ് ഇവിടെ തിരക്കേറുന്നത്. 2018ലെ പ്രളയകാലം മുതൽ മൂന്നാറിന്റെ വിനോദ സഞ്ചാര മേഖല പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയിരുന്നത്. കൊവിഡ് കാലവും അടച്ചിടലും എത്തിയതോടെ കാര്യങ്ങൾ പിന്നെയും സങ്കീർണമായി. ഇപ്പോൾ പുതിയ ഉണർവിലാണ് മൂന്നാറിലെ ടൂറിസം മേഖല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |