ഹേഗ്: കുൽഭൂഷൺ ജാദവിന്റെ വധ ശിക്ഷ അന്താരാഷ്ട്ര നീതി ന്യായ കോടതി തടഞ്ഞു. വിധി പാകിസ്ഥാൻ പുനപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു, വിയന്ന ഉടമ്പടി പാകിസ്ഥാൻ ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. 16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്ക് അനുകൂല നിലപാടെടുത്തു. ഇന്ത്യൻ പ്രതിനിധികൾക്ക് കുൽഭൂഷൺ ജാദവിനെ കാണാനും അനുമതി നൽകി . അതേസമയം ജാദവിനെ മോചിപ്പിക്കണം എന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നീതിപൂർവമായ വിചാരണ നടത്തണമന്നും കോടതി വ്യക്തമാക്കി.
വിധി ഇന്ത്യയുടെ വൻവിജയമെന്ന് മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നതായി സുഷമ അറിയിച്ചു.
ജയിലിൽ കഴിയുന്ന 49കാരനായ കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് അന്താരാഷ്ട്ര നീതി ന്യായ കോടതി വിധി പറഞ്ഞത്. മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചിരിക്കുകയാണ്. 2016 മാർച്ചിലാണ് ജാദവിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്യുന്നത്.
2017 ഏപ്രിലിൽ ചാരപ്രവർത്തി ആരോപിച്ച് പാക് സൈനിക കോടതി രഹസ്യ വിചാരണയിലൂടെ ജാദവിനെ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു. ഫെബ്രുവരിയിലാണ് കേസിന്റെ വാദം തുറന്നകോടതിയിൽ നടന്നത്. ജാദവിന്റെ മോചനത്തിനായി ഇന്ത്യൻ അഭിഭാഷകൻ ഹരീഷ് സാൽവെ പാക് നടപടികൾക്കെതിരെ ശക്തമായി വാദിച്ചിരുന്നു. ജാദവിനെ ഇറാനിൽ നിന്നും തട്ടിക്കൊണ്ടു പോയതാണെന്നും ജാദവിന് നയതന്ത്രതല സഹായം പാകിസ്ഥാൻ നിക്ഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ ചൂണ്ടിക്കാട്ടി.
ജാദവിനെ പാകിസ്ഥാൻ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്നും ഇന്ത്യ ആരോപിച്ചിരുന്നു. ചാരപ്രവർത്തനത്തിനായി ഇറാനിൽ നിന്നും ബലൂചിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് ജാദവിനെ പിടികൂടിയതെന്നാണ് പാക് വാദം. രണ്ട് വർഷത്തിലേറെയുള്ള നീണ്ട കാത്തിരിപ്പിന് ശേഷം നെതർലൻഡ്സിലെ ഹേഗിലെ കോടതി ആസ്ഥാനത്ത് മുതിർന്ന ജഡ്‌ജി അബ്ദുൾഖവി അഹമ്മദ് യൂസഫിന്റെ നേതൃത്വത്തിലുള്ള പത്തംഗ ബഞ്ചാണ് വിധി പ്രഖ്യാപിക്കുക. 2017ൽ ജാദവിനെ അമ്മയ്‌ക്കും സഹോദരിയ്‌ക്കും കാണാൻ പാക് കോടതി അനുവാദം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |