തിരുവനന്തപുരം: 2019ലെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ്, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഇൗ അലോട്ട്മെന്റ് സ്വകാര്യ, സ്വാശ്രയ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റ് ആണ്. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകൾക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഇൗ അലോട്ട്മെന്റിൽ പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജ്, കണ്ണൂർ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ്, പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ്, ഒല്ലൂർ വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളേജ് എന്നിവയ്ക്ക് ആയുഷ് മന്ത്രാലയത്തിന്റെയും യൂണിവേഴ്സിറ്റിയുടെയും അംഗീകാരം ലഭിക്കാത്തതിനാൽ ഇൗ ഘട്ടത്തിൽ പരിഗണിക്കില്ല. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അലോട്ട്മെന്റിൽ പരിഗണിക്കും. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്.
എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകൾക്ക് അലോട്ട്മെൻറ് ലഭിച്ചവർ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട ഫീസ് ഇന്നു മുതൽ 20 വരെ ഓൺലൈൻ പേയ്മെന്റ് ആയോ ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കിയ ശേഷം 20 ന് വൈകിട്ട് 4 നകം അലോട്ട്മെൻറ് ലഭിച്ച കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം.
അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ്, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലേക്ക് പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ ഇന്നു മുതൽ 22 വരെ ഫീസ് ഒടുക്കിയ ശേഷം 22 ന് വൈകിട്ട് 4 നകം അലോട്ട്മെൻറ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടണം.
നിശ്ചിത സമയത്തിനുള്ളിൽ ഫീസ് ഒടുക്കി പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും. ഇൗ ഘട്ട അലോട്ട്മെന്റിൽ സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളെ ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പ്രകാരം ഉണ്ടാകാവുന്ന തുടർന്നുള്ള ഓൺലൈൻ അലോട്ട്മെന്റുകളിൽ പരിഗണിക്കില്ലെന്ന് പ്രവേശന പരിക്ഷ കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |