പാലക്കാട്: രാപകലില്ലാതെ വിജിലൻസ് പരക്കംപാഞ്ഞിട്ടും തമിഴ്നാട് അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിലെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിക്കുന്നു. പാലക്കാട്ടെ വാളയാർ, ഗോവിന്ദാപുരം ചെക്പോസ്റ്റുകളിൽ അഞ്ചുവർഷത്തിനിടെ 55 ഉദ്യോഗസ്ഥരാണ് കൈക്കൂലിക്കേസിൽ കുടുങ്ങിയത്. ഇതിൽ രണ്ടുതവണ വിജിലൻസിന്റെ പിടിയിലായ ഉദ്യോഗസ്ഥർ 11പേരുണ്ട്. വിവരാവകാശ പ്രവർത്തകൻ റെയ്മണ്ട് ആന്റണിക്ക് വിജിലൻസ് പാലക്കാട് ഡിവൈ.എസ്.പിയുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടിയിലാണ് കൈക്കൂലിക്കാരുടെ കണക്കുള്ളത്.
ചരക്ക് സേവന നികുതി സംവിധാനം നിലവിൽ വന്നശേഷം 2018 ജനുവരി ഒന്നുമുതൽ ഈ വർഷം ആഗസ്റ്റ് 17 വരെ വിജിലൻസ് മോട്ടോർവാഹന വകുപ്പ് ചെക്പോസ്റ്റുകളിൽ നടത്തിയ പരിശോധനകളിലാണ് കൈക്കൂലിക്കാർ വലയിലായത്. ഇക്കാലയളവിൽ പാലക്കാട് വിജിലൻസ് യൂണിറ്റ് 36 മിന്നൽ പരിശോധനകൾ നടത്തി. 9,04,440 രൂപ കൈക്കൂലിപ്പണമായി കണ്ടെത്തി. ആഗസ്റ്റ് 17 വരെയുള്ള അഞ്ചുവർഷക്കാലയളവിൽ വിജിലൻസ് പിടികൂടിയ കേസുകളിലെ എല്ലാ ഉദ്യോഗസ്ഥരും സർവീസിൽ തിരിച്ചുകയറിയതായും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. ഇപ്പോഴും കോടതിയിൽ തീർപ്പാകാതെ കിടക്കുന്ന രണ്ടു കേസുകളുണ്ട്.
വഴിയടഞ്ഞ് ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ്
'അഴിമതിമുക്ത വാളയാർ" പദ്ധതിയുടെ ഭാഗമായി 2021 ഫെബ്രുവരി 15ന് തറക്കല്ലിട്ട ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പദ്ധതി 32 മാസം പിന്നിടുമ്പോഴും ഒരടി മുന്നോട്ടുപോയിട്ടില്ല. സംസ്ഥാന അതിർത്തിയിലെ മോട്ടോർവാഹന ചെക്‌പോസ്റ്റുകൾ നിറുത്തലാക്കണമെന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശവും, ദേശീയപാത അതോറിട്ടി സാങ്കേതിക ബുദ്ധിമുട്ടുകൾ അറിയിച്ചതുമാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്വപ്ന പദ്ധതി നിലയ്ക്കാൻ കാരണം.
'ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റിനുള്ള തടസങ്ങൾ നീക്കി നിർമ്മാണം ഉടൻ ആരംഭിക്കും.
അടുത്ത വർഷം പ്രവർത്തനം ആരംഭിക്കാനാണു ശ്രമം. കേന്ദ്രത്തിന്റെ എതിർപ്പുകൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ'.
എ.പ്രഭാകരൻ, എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |