തിരുവനന്തപുരം: നെല്ല് സംഭരണത്തിനുള്ള പി.ആർ.എസ് വായ്പ വാങ്ങിയ വകയിൽ കേരള ബാങ്കിനുള്ള 800 കോടി രൂപ സർക്കാർ കൊടുത്തു തീർക്കാൻ ഇന്നല ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനമായി. പുതിയ സീസണിൽ നെല്ല് സംഭരിക്കുമ്പോൾ വീണ്ടും കേരള ബാങ്കിൽ നിന്ന് വായ്പെടുത്ത് കർഷകർക്ക് പണം ലഭ്യമാക്കും.
കേരള ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിന് കൺസോർഷ്യത്തിലെ എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുമായി കൂടിയാലോചനകൾ നടത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 2500
കോടിയാണ് കൺസോർഷ്യത്തിൽ നിന്ന് നേരത്തെയെടുത്ത വായ്പ. കൊയ്ത് കഴിഞ്ഞ നെല്ല് താമസം കൂടാതെ സംഭരിക്കാനും, കർഷകർക്ക് എത്രയും വേഗം സംഭരണ വില നൽകാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വി.എൻ.വാസവൻ, ജി.ആർ. അനിൽ, കെ.കൃഷ്ണൻകുട്ടി, പി.പ്രസാദ് എന്നിവരുൾപ്പെട്ട മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു.
നിലവിൽ 10 മില്ലുകളാണ് നെല്ലു സംഭരണത്തിൽ സർക്കാരുമായി സഹകരിക്കുന്നത്.
ഈ മില്ലുകൾക്ക് 25023.61 മെട്രിക് ടൺ നെല്ല് ശേഖരിക്കുന്നതിന് പാടശേഖരങ്ങൾ അലോട്ട് ചെയ്തിട്ടുണ്ട്. ഇതിനകം 2954.653 ടൺ നെല്ല് കർഷകരിൽ നിന്നും സംഭരിച്ചു. എന്നാൽ ഒരു വിഭാഗം മില്ലുടമകൾ ഔട്ട് ടേൺ റേഷ്യോ തർക്കമുന്നയിച്ച് ഇതുമായി സഹകരിക്കുന്നില്ല. കേന്ദ്രസർക്കാർ സംഭരിക്കേണ്ട നെല്ലിൽ നിന്നും ലഭിക്കേണ്ട അരിയുടെ അനുപാതം 100:68 ( ഒരു ക്വിന്റൽ നെല്ലിന് 68 കിലോ അരി) എന്ന് നിശ്ചയിച്ചിരുന്നെങ്കിലും ,കാലാവസ്ഥാ പ്രത്യേകതകൾ പരിഗണിച്ച് സംസ്ഥാനത്ത് ഇത് 100:64.5 ആണ്. എന്നാൽ , ഇപ്രകാരം നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.അതിനാൽ, കേന്ദ്രസർക്കാർ നിശ്ചയിച്ച അനുപാത പ്രകാരമേ മില്ലുടമകളുമായി കരാറിലേർപ്പെടാൻ സപ്ലൈകോയ്ക്ക് സാദ്ധ്യമാവൂ.ഇത് കണക്കിലെടുത്ത് നെല്ലു സംഭരണവുമായി എല്ലാ മില്ലുടമകളും സഹകരിക്കണമെന്ന് മന്ത്രിമാർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |