തിരുവനന്തപുരം:ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നവംബർ 27ന് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിക്കും. ചക്കുളത്തുകാവ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷനാകും. പ്രസിഡന്റ് രാധാകൃഷ്ണൻ നമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്നിപകരും. ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.
വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് കാർത്തികസ്തംഭത്തിൽ അഗ്നിപകരും. പൊലീസ്, കെ.എസ്.ആർ.ടി.സി, ആരോഗ്യ- തദ്ദേശ സ്ഥാപനങ്ങൾ, ഫയർഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടർമാർ നേതൃത്വം നൽകും. പാർക്കിംഗിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തും.
പൊങ്കാലയുടെ വരവറിയിക്കുന്ന പ്രധാന ചടങ്ങായ കാർത്തികസ്തംഭം ഉയർത്തൽ നവംബർ 19ന് നടക്കും. പ്ലാസ്റ്റിക് പൂർണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നതെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി. രാജീവ്, സെക്രട്ടറി സ്വാമിനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |