SignIn
Kerala Kaumudi Online
Monday, 14 September 2026 7.41 PM IST

ഒമേഗിളിനേക്കാൾ അപകടകാരികൾ,​ ഈ അഞ്ച് ആപ്പുകൾ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കണം; 'പണി' കിട്ടിയാൽ കുറ്റവാളികളെ കണ്ടെത്തുക തന്നെ ബുദ്ധിമുട്ട്

phone

തിരുവനന്തപുരം:ലോകത്തിന്റെ പല കോണിലുള്ള അപരിചിതർ വീഡിയോ കോളിലൂടെ കണ്ടും സംസാരിച്ചും സൗഹൃദം സ്ഥാപിച്ചിരുന്ന വീഡിയോ ചാറ്റ് ആപ്ലിക്കേഷൻ ഒമേഗിൾ ഇന്നലെ പൂട്ടിക്കെട്ടി. പതിന്നാല് വർഷം മുമ്പ് 18കാരനായ അമേരിക്കൻ വിദ്യാർത്ഥി ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ കിടപ്പു മുറിയിൽ ഇരുന്ന് സൃഷ്ടിച്ച ആപ്ലിക്കേഷൻ ലോകമെമ്പാടും ഹിറ്റായിരുന്നു. ഒപ്പം അതിന്റെ ദുരുപയോഗവും വർദ്ധിച്ചു.

സൗജന്യമായ ആപ്ലിക്കേഷനിലൂടെ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായിചൂഷണം ചെയ്യുന്നതായി പരാതികൾ ഉയരുകയും നിരവധി രാജ്യങ്ങളിൽ കേസുകൾ വരികയും ചെയ്തതോടെയാണ് നിറുത്തലാക്കിയത്. മലയാളികളടക്കം 33 ലക്ഷം ആളുകൾ പ്രതിദിന ഉപഭോക്താക്കളായിരുന്നു.

18 വയസാണ് ഉപയോഗിക്കാനുള്ള പ്രായമെങ്കിലും നിരീക്ഷണം കർശനമല്ലാത്തതാണ് ഇത്തരം ആപ്പുകളുടെ പ്രശ്നം. ഉപയോഗിക്കാൻ പേരോ വയസോ മെയിൽ ഐഡിയോ പോലും കൊടുക്കേണ്ട. ആപ്പിൽ കയറി 'ടോക്ക് ടു സ്ട്രെയിഞ്ചേഴ്സ്' ഐക്കൺ അമർത്തിയാൽ മതി. പ്രത്യക്ഷപ്പെടുന്നത് അമേരിക്കക്കാരനോ മലേഷ്യക്കാരിയോ ആവാം. കൊവിഡിന് ശേഷമാണ് ഇത് കേരളത്തിൽ പ്രചാരത്തിലായത്.

നഗ്നതാപ്രദർശനം പോലുള്ള ലൈംഗിക വൈകൃതങ്ങൾക്ക് ഇത് ഉപയോഗിച്ചിരുന്നു. സ്ത്രീകളുടെ വീഡിയോ കോൾ റെക്കാഡ് ചെയ്ത് എ.ഐ (നിർമ്മിതബുദ്ധി) സഹായത്തോടെ നഗ്നവീഡിയോകളിൽ ഉപയോഗിക്കും. കുട്ടികളോട് സൗഹൃദം സ്ഥാപിച്ച് സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയിരുന്നു. ഭയപ്പെടുത്തുന്ന 'ഹാലോവിയൻ' രൂപങ്ങളായാണ് ചിലർ പ്രത്യക്ഷപ്പെടുന്നത്. തലയിൽ കൊമ്പു വച്ചും രക്തം വാർന്നും നിൽക്കുന്ന ഭീകരരൂപങ്ങൾ മുതിർന്നവർക്കും മാനസികാഘാതം ഉണ്ടാക്കും.

ഇവയും സൂക്ഷിക്കണം

ടൈനിചാറ്റ്, യൂ നൗ, ചാറ്റ് റാൻഡം, വി-ചാറ്റ്, ചാറ്റ് റൂം പോലുള്ള ആപ്പുകൾ ഒമേഗിളിനേക്കാൾ അപകടകാരികളാണ്. ചാറ്റിനെത്തുന്ന അപരിചിതനെ ബ്ലോക്ക് ചെയ്യാനുള്ള അവസരം ഇല്ല. നിറത്തെയും വംശത്തെയും ജാതിയെയും അവഹേളിക്കുന്ന പരാമർശങ്ങളും ചിലർ നടത്താറുണ്ട്. ആളുകളുടെ പേരോ രാജ്യമോ സൂക്ഷിക്കാത്തതിനാൽ കുറ്റവാളികളെ കണ്ടെത്തുക ബുദ്ധിമുട്ടാണ്.

ഒമേഗിൾ

2009ൽ ലീഫ്.കെ.ബ്രൂക്സ് എന്ന 18കാരൻ നിർമ്മിച്ച വീഡിയോ കോൾ ആപ്പ്

13 - 24 പ്രായക്കാരാണ് കൂടുതലും ഉപയോഗിച്ചിരുന്നത്

'ഒറ്റപ്പെടൽ അകറ്റാൻ അപരിചിതരോട് സൗഹൃദം സ്ഥാപിക്കാം' എന്നതായിരുന്നു ആപ്തവാക്യം.

സാമ്പത്തിക പ്രതിസന്ധിയും അടച്ചുപൂട്ടലിന് കാരണമായി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, OMEGLE, PHONE, APP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY