ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണം; അതിനു മറുപടിയായി ഇസ്രയേൽ അഴിച്ചുവിട്ട പ്രത്യാക്രമണം. ഇവ രണ്ടും ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും തത്ക്ഷണം ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. ഇതര പാശ്ചാത്യ രാജ്യങ്ങളും അതേ നിലപാട് കൈക്കൊണ്ടു. ഇറാനും ഖത്തറും ഒരു പരിധിവരെ തുർക്കിയുമല്ലാതെ മറ്റൊരു രാജ്യവും ഹമാസിന് പരസ്യപിന്തുണ നല്കിയില്ല. അതേസമയം, മൂന്നാം ലോകരാജ്യങ്ങൾ പൊതുവിലും അറബ് രാജ്യങ്ങൾ പ്രത്യേകിച്ചും ഇസ്രയേലിന്റെ പ്രത്യാക്രമണത്തെ അപലപിച്ചു.
ഹമാസിന്റെ ആക്രമണമുണ്ടായപ്പോൾ ഇസ്രയേലിന് പരസ്യപിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ പ്രധാനമന്ത്രി അടുത്ത ഘട്ടത്തിൽ രാഷ്ട്രം പാലസ്തീനൊപ്പമാണെന്ന പഴയ നിലപാടിൽ ഉറച്ചുനിന്നു. ദുരിതാശ്വാസത്തിന് മരുന്നും മറ്റു വസ്തുക്കളും കൊടുത്തയച്ചു. ഐക്യരാഷ്ട്ര പൊതുസഭയിൽ ജോർദാൻ പ്രമേയം കൊണ്ടുവന്നപ്പോൾ ഇന്ത്യ നിഷ്പക്ഷത പാലിച്ചു. ബ്രിട്ടനിലും ഫ്രാൻസിലും അമേരിക്കയിലും വരെ ഇസ്രയേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. മറ്റു രാജ്യങ്ങളുടെ കാര്യം പറയാനുമില്ല. പക്ഷേ, കേരളത്തിൽ ഉണ്ടായതുപോലെ ഒരു വികാരവിക്ഷോഭം ലോകത്ത് ഒരിടത്തും ദൃശ്യമായില്ല. ഒരുപക്ഷേ മെഹമൂദ് അബ്ബാസിന്റെ ഫത്ത പാർട്ടി ഭരിക്കുന്ന പാലസ്തീന്റെ വെസ്റ്റ്ബാങ്കിൽപ്പോലും ഇത്രയധികം പ്രതിഷേധ പ്രകടനങ്ങൾ നടന്നുകാണില്ല!
പണ്ടുമുതലേ പാലസ്തീന്റെ കാര്യത്തിൽ ഉത്കണ്ഠയുള്ളവരാണ് മലയാളികൾ. എപ്പോഴൊക്കെ ഇസ്രയേലുമായി സംഘർഷമുണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ ഇവിടത്തെ തെരുവുകളിൽ 'സേവ് ഗാസ' എന്ന് ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തെ കണ്ടിട്ടുണ്ട്. ഇത്തവണ ഹമാസിന്റെ ആക്രമണമുണ്ടായപ്പോൾ ഒരുവിഭാഗം ആവേശംകൊണ്ട് വീർപ്പുമുട്ടി. ഇസ്രയേലിന്റെ പണി തീർന്നു, യഹൂദന്മാർ ഇതോടെ രാജ്യം വിട്ടോടും എന്നൊക്കെ ചിലർ വീരവാദം മുഴക്കി. തുല്യവും വിപരീതവുമായ പ്രതികരണം മറുഭാഗത്തുമുണ്ടായി. ഹമാസിന്റെ നാളുകൾ എണ്ണപ്പെട്ടു, ഇത് അന്തിമയുദ്ധമാണ് എന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
സമൂഹമാദ്ധ്യമങ്ങളിലെങ്കിലും സമുദായ ധ്രുവീകരണം പ്രകടമായി. മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ വെറുതെയിരുന്നില്ല. ഹമാസിനെ ആദ്യം ന്യായീകരിച്ചതും ഇസ്രയേലിനെ കുറ്റപ്പെടുത്തിയതും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. തൊട്ടുപിന്നാലെ എം.എ. ബേബിയും എം. സ്വരാജും രംഗത്തുവന്നു. ഹമാസിന്റെ നടപടി ഭീകരപ്രവർത്തനമാണോ എന്ന സംശയം കെ.കെ. ശൈലജയ്ക്കു മാത്രമേ തോന്നിയുള്ളൂ. അവർ തന്നെയും അധികം വൈകാതെ നിലപാട് മയപ്പെടുത്തി.
മാർക്‌സിസ്റ്റ് പാർട്ടി ഒറ്റയ്ക്ക് ഗോളടിക്കുന്നതു കണ്ട് മിണ്ടാതിരിക്കാൻ മുസ്ലിംലീഗിന് കഴിയില്ല. അവർ കോഴിക്കോട് കടപ്പുറത്ത് അതിഗംഭീരമായ പൊതുസമ്മേളനം വിളിച്ചുചേർത്തു. ഇസ്രയേലിനെ മുച്ചൂടും വിമർശിച്ചു. മുഖ്യാതിഥിയായി എത്തിയ ഡോ. ശശി തരൂർ എം.പി ഹമാസിനെക്കുറിച്ച് അഭിനന്ദനപരമല്ലാത്ത ചില പരാമർശങ്ങൾ നടത്തിയത് കേൾവിക്കാർക്ക് പൊതുവിലും ലീഗ് നേതാക്കൾക്ക് പ്രത്യേകിച്ചും മനോവിഷമമുണ്ടാക്കി. ഡോ. എം.കെ. മുനീറും അബ്ദുസമദ് സമദാനിയും പാർട്ടിയുടെ നിലപാട് വ്യക്തമാക്കി. ഹമാസ് ഭീകരപ്രവർത്തകരോ തീവ്രവാദികളോ അല്ല, സ്വാതന്ത്ര്യസമര പോരാളികളാണെന്ന് വിശദീകരിച്ചു.
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ അടക്കമുള്ള മുസ്ലിം സംഘടനകളും താമസംവിനാ രംഗത്തു വന്നു. ഓരോരുത്തരും പ്രാർത്ഥനാ സംഗമങ്ങൾ സംഘടിപ്പിച്ചു. എല്ലാ പ്രഭാഷകരും സയണിസ്റ്റ് ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചു. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഹമാസിനെ മുറിപ്പെടുത്താത്ത വാർത്തകൾ പ്രസിദ്ധീകരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പാലസ്തീന്റെ കണ്ണുനീർ മലയാള മനോരമയിലും മാതൃഭൂമിയിലും ഏഷ്യാനെറ്റിലും നിറഞ്ഞുതുളുമ്പി. മാധ്യമവും ദേശാഭിമാനിയും മറ്റെല്ലാവരെയും പിന്നിലാക്കി. ജമാഅത്തെ ഇസ്ലാമിയുടെ മീഡിയാ വൺ ചാനൽ ദൈനംദിനാടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി പ്രേക്ഷകരെ ഉദ്ബുദ്ധരാക്കി. ലീഗും മുസ്ലിം സംഘടനകളും നിറുത്തിയിടത്തു നിന്ന് മാർക്‌സിസ്റ്റ് പാർട്ടി തുടങ്ങിവച്ചു- നാടെങ്ങും പാലസ്തീൻ ഐക്യദാർഢ്യ റാലികൾ. അവയിലേക്ക് മുസ്ലിം സംഘടനകളെയും ലീഗിനെത്തന്നെയും ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് വിലക്കിയതുകൊണ്ട് ലീഗ് തത്കാലം പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
പാലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് വ്യക്തതയില്ലെന്നാണ് മാർക്‌സിസ്റ്റ് നിലപാട്. ഗാസയ്ക്കു വേണ്ടി കണ്ണീരൊഴുക്കുമ്പോഴും ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ സാഹസത്തെ കോൺഗ്രസ് വേണ്ടവിധം അഭിനന്ദിക്കുന്നില്ല എന്നാണ് സഖാക്കളുടെ ആരോപണം. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഹമാസിനെ കലവറയില്ലാതെ അഭിനന്ദിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്തുമെന്ന് രാഹുൽ ഗാന്ധിക്കുപോലും അറിയാം. ഏതായായും നവംബർ 23-ാം തീയതി കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസും ഒരു പാലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അവിടെ ശശി തരൂർ പ്രസംഗിക്കാൻ ഉണ്ടാവില്ല. പകരം സി.ആർ. മഹേഷ്, റിജിൽ മാക്കുറ്റി മുതലായ ഹമാസ് പ്രേമികൾക്ക് കൂടുതൽ സമയം അനുവദിക്കും.
ഇടതു മുന്നണിയിലുള്ള കേരള കോൺഗ്രസ്- ജോസ് മാണി വിഭാഗമോ ജനാധിപത്യ കേരളാ കോൺഗ്രസോ ഐക്യ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പോ പാലസ്തീൻ വിഷയത്തെക്കുറിച്ച് നാളിതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അവരുടെ മൗനം വാചാലം എന്നുവേണം കരുതാൻ. ഫ്രാൻസിസ് മാർപ്പാപ്പ പാലസ്തീനോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തിലെ കത്തോലിക്കാ മെത്രാന്മാർ അത്രതന്നെ അനുഭാവം ഇല്ലാത്തവരാണ്. ചില വൈദികരെങ്കിലും ഇസ്രയേൽ അനുകൂല നിലപാടുകാരാണ്. വിശ്വാസികളിൽ ഏറിയകൂറും അങ്ങനെതന്നെ.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ സംഗമത്തെ മുച്ചൂടും വിമർശിച്ചുകൊണ്ട് നവംബർ ഏഴാം തീയതി ദീപിക എഴുതിയ മുഖപ്രസംഗം കത്തോലിക്കാ സഭയുടെ ഹൃദയവികാരത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. മുടങ്ങിയ ക്ഷേമ പെൻഷനുകൾ, കർഷകർക്കു കിട്ടാനുള്ള നെല്ലിന്റെ വില, റബർ കർഷകരുടെ പ്രശ്‌നങ്ങൾ, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുടങ്ങുന്ന ശമ്പളം, ഉച്ചക്കഞ്ഞിയുടെ കാശു കിട്ടാതെ വിഷമിക്കുന്ന പ്രധാന അദ്ധ്യാപകർ, കട്ടുമുടിച്ച സഹകരണ സ്ഥാപനങ്ങൾ, വർദ്ധിപ്പിച്ച വൈദ്യുതി ചാർജും വെള്ളക്കരവും, വികസന മുരടിപ്പ്, സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ അവശ്യവസ്തുക്കളുടെ ദൗർലഭ്യം, കാരുണ്യ പദ്ധതിയുടെ താളംതെറ്റൽ.... ഇവയൊക്കെ പരാമർശിച്ച ശേഷം മുഖപ്രസംഗം ഇങ്ങനെ തുടരുന്നു
'' ഇതൊന്നും പരിഹരിക്കാതെ, ഹമാസ് എന്ന ഭീകരപ്രസ്ഥാനം വിതച്ച ദുരിതം പത്തിരട്ടിയായി കൊയ്യേണ്ടിവന്ന പാലസ്തീനിലെ മനുഷ്യരെ മറയാക്കി നിങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണ്. ഈ കാപട്യം തുടങ്ങിയിട്ടിന്ന് ഒരുമാസമായി. കേരളത്തിലെ ഗതികെട്ട ജനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലോകത്തെ ഏറ്റവും സമ്പന്നമായ ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളിൽ ഒന്നായ ഹമാസ് വരില്ല. കേരള സർക്കാർ ആദ്യം സ്വന്തം ജനങ്ങളെ രക്ഷിക്കട്ടെ, എന്നിട്ടു മതി പശ്ചിമേഷ്യൻ നീതി.""
ചൈനയിൽ ഉയിഗർ മുസ്ലിങ്ങളും മ്യാൻമറിൽ റോഹിംഗ്യൻ അഭയാർത്ഥികളും പാകിസ്ഥാനിൽ അഫ്ഗാൻകാരും യെമനിൽ ഹൂതികളും ഇറാനിൽ മുസ്ലിം വനിതകളും അനുഭവിക്കുന്ന പീഡനങ്ങൾ എണ്ണിപ്പറഞ്ഞ ശേഷം മുഖപ്രസംഗം വീണ്ടും തുടരുന്നു- ''അവർക്കൊക്കെ നിഷേധിച്ച മനുഷ്യാവകാശങ്ങൾ സി.പി.എം പോലുള്ള പാർട്ടികൾ ഗാസയ്ക്കും ഹമാസിനും അനുവദിച്ചുകൊടുക്കുന്നത് മനുഷ്യത്വമല്ല, അവസരവാദ രാഷ്ട്രീയമാണ്. ലോകത്ത് ഒരു ഇസ്ലാമിക രാഷ്ട്രവും പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാർട്ടികളെ വച്ചുപൊറുപ്പിച്ചിട്ടില്ല. എന്നിട്ടും ഹമാസിനെ ആശ്ലേഷിക്കാൻ സി.പി.എം ഇന്നുകാണിക്കുന്ന വെമ്പൽ വോട്ട് രാഷ്ടീയമായിരിക്കാം. പക്ഷേ കേരളത്തിൽ ഇസ്ലാമിക തീവ്രവാദത്തിനു വളമിട്ടവരുടെ പട്ടികയിൽ സി.പി.എമ്മിന്റെ പേര് ചരിത്രം ഒന്നാമതല്ലെങ്കിൽ രണ്ടാമതായി എഴുതിച്ചേർക്കും. ഈ ഐക്യദാർഢ്യം ഒളിച്ചോട്ടമാണ്. ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ലോകമെങ്ങുമുള്ള ഭീകരപ്രസ്ഥാനങ്ങളുണ്ട്. അവർക്ക് സാമ്പത്തിക സഹായവും ആയുധങ്ങളും നല്കാൻ ഖത്തറും ഇറാനുമുൾപ്പെടെയുള്ള നിരവധി രാജ്യങ്ങളുണ്ട്. കേരളത്തെ രക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്."" ചുരുക്കിപ്പറഞ്ഞാൽ ഹമാസിന് കേരളത്തിൽ പിന്തുണക്കാർ മാത്രമല്ല, വിരോധികളും ധാരാളമുണ്ട്. അധികമായാൽ ഹമാസും വിഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |