ന്യൂഡൽഹി: മുത്തച്ഛനും അമ്മാവന്മാരും ചേർന്ന് കൊല്ലപ്പെടുത്തിയെന്ന് പിതാവ് ആരോപിച്ച 11കാരൻ ജീവനോടെ സുപ്രീംകോടതിക്ക് മുന്നിൽഉത്തർപ്രദേശിലെ പിലീഭീത് സ്വദേശിയായ ആൺകുട്ടിയാണ് നാടകീയമായി കോടതിയിൽ ഹാജരായത്. പിതാവിന്റെ വ്യാജ ആരോപണത്തിൽ ബന്ധുക്കൾക്കെതിരെ പൊലീസ് രജിസ്റ്രർ ചെയ്ത കൊലക്കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള മർദ്ദനം സഹിക്കാൻ കഴിയാതെ 2013ൽ മകനെയും എടുത്ത് മാതാവ് ഭർത്തൃഗൃഹം വിട്ടു. അപ്പോൾ മുതൽ ബാലൻ മുത്തച്ഛനൊപ്പമാണ്. ഇതിനിടെ മാതാവ് മരിച്ചു. മുത്തച്ഛൻ പിതാവിനും കുടുംബത്തിനുമെതിരെ കേസ് കൊടുത്തു. ഇതിന് പ്രതികാരമായി 11കാരനെ മുത്തച്ഛനും അമ്മാവന്മാരും ചേർന്ന് കൊന്നുവെന്ന് ആരോപിച്ച് പിതാവ് കള്ളക്കേസ് കൊടുക്കുകയായിരുന്നു. കേസിനെതിരെ അലഹബാദ് ഹൈക്കോടതി വരെ പോയെങ്കിലും അനുകൂല നിലപാടുണ്ടാകാത്തതിനെ തുടർന്നാണ് ബാലൻ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായത്.
വിഷയത്തിൽ യു.പി സർക്കാരിനോടും പിലീഭീത് എസ്.പിയോടും റിപ്പോർട്ട് തേടിയിരിക്കുകയാണ് സുപ്രീംകോടതി. ജനുവരിയിൽ കേസ് വീണ്ടും പരിഗണിക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മുത്തച്ഛൻ അടക്കമുള്ളവർക്കെതിരെ നടപടി പാടില്ലെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |