ശബരിമലയിൽ മണ്ഡല- മകരവിളക്ക് തീർത്ഥാടനകാലത്തിന് തുടക്കമാവുകയാണ്. എല്ലാ തവണയും പോലെ ജനലക്ഷങ്ങളാവും അയ്യപ്പദർശനം തേടി നാട്ടിൽ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തുക.
ശബരിമലയിലെ ഏറ്റവും വലിയ പ്രശ്നം അനിയന്ത്രിതമായ തിരക്കുതന്നെയാണ്. ഓരോ വർഷവും അടുത്ത വർഷം തിരക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുമെങ്കിലും അതൊന്നും ഫലപ്രദമായി നടക്കാറില്ല. ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സന്നിധാനത്തിലെ തിരക്ക് പമ്പയിലും നിലയ്ക്കലും വീഡിയോ ദൃശ്യത്തിലൂടെ അറിയിക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ശരണവഴികൾ, ഇടത്താവളങ്ങൾ എന്നിവിടങ്ങളിലെ സജ്ജീകരണങ്ങൾ പൂർണമായിട്ടില്ല എന്നതാണ് വാസ്തവം. വലിയ സുഖസൗകര്യങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മണിക്കൂറുകൾ നീളുന്ന കാത്തുനിൽപ്പില്ലാതെ പതിനെട്ടാം പടി ദർശനം നടത്തണം എന്നാണ് ഭൂരിപക്ഷം ഭക്തരുടെയും പ്രാർത്ഥന. അതുപോലെ തന്നെ വലിയ ക്യൂ ഇല്ലാതെ ആവശ്യത്തിന് അപ്പവും അരവണയും പ്രസാദമായി ലഭിക്കുകയും വേണം. നിമിഷനേരത്തേക്കാണെങ്കിലും ദർശനവും ലഭിച്ച് പ്രസാദവും കിട്ടിക്കഴിഞ്ഞാൽ ഭക്തർ പൂർണ തൃപ്തിയോടെയാണ് മലയിറങ്ങുന്നത്.
കഴിഞ്ഞ വർഷം ഒരുലക്ഷത്തിലേറെ തീർത്ഥാടകർ എത്തിയ ദിവസങ്ങളിൽ പതിനെട്ടാംപടി കയറാൻ എട്ടും ഒൻപതും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നിട്ടുണ്ട്. വരുന്നവർക്കെല്ലാം ഒരു നിമിഷമെങ്കിലും അയ്യപ്പനെ കണ്ടുതൊഴാനുള്ള അവസരം പ്രദാനം ചെയ്യുന്നതിനു വേണം പൊലീസും ദേവസ്വം ജീവനക്കാരും മുഖ്യ പരിഗണന നൽകേണ്ടത്.
അരവണയുടെ കാര്യത്തിലെ പരാതിക്കുപിന്നിൽ പല താത്‌പര്യങ്ങളും ഉള്ളതാണ്. ഇതുസംബന്ധിച്ച കേസുകൾ സുപ്രീംകോടതി വരെ എത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണയെങ്കിലും ഇതുസംബന്ധിച്ച പരാതികൾ ഒഴിവാക്കാൻ ദേവസ്വം ബോർഡ് പരമാവധി ശ്രദ്ധിക്കണം. കഴിഞ്ഞ വർഷത്തെ കരാറുകാരൻ എത്തിച്ച 2.94 ലക്ഷം കിലോ ശർക്കര ഉപയോഗിച്ചാണ് ഇപ്പോൾ അരവണ തയ്യാറാക്കുന്നത്. മണ്ഡല തീർത്ഥാടനം തുടങ്ങും മുമ്പ് 5 ലക്ഷം കിലോ ശർക്കരയുടേതെങ്കിലും സന്നിധാനത്തുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
കൊവിഡിനു ശേഷം മലകയറ്റത്തിനിടയിൽ ഹൃദ്രോഗസാദ്ധ്യത കൂടിയിട്ടുള്ളതായാണ് ആരോഗ്യകേന്ദ്രങ്ങൾ പറയുന്നത്. ജീവനക്കാർക്കെല്ലാം ജീവൻരക്ഷാ പരിശീലനം നൽകുന്നതിനു പുറമെ സന്നിധാനം, പമ്പ, അപ്പാച്ചിമേട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിൽ ഹൃദ്രോഗത്തിന് ചികിത്സിക്കുന്ന ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രഥമ ശുശ്രൂഷാ സൗകര്യം ഉറപ്പാക്കേണ്ടതാണ്. ആശുപത്രികളിൽ ഐ.സി.യു ഉൾപ്പെടെ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പമ്പ മുതൽ സന്നിധാനം വരെ 15 കേന്ദ്രങ്ങളിൽ അടിയന്തര ചികിത്സാകേന്ദ്രങ്ങൾ ഇതിനകം സജ്ജമാക്കിയിട്ടുള്ളത് വളരെ നല്ല കാര്യമാണ്.
തീർത്ഥാടകർക്ക് സഹായകമാകുന്ന വിധത്തിൽ വനം വകുപ്പ് മൊബൈൽ ആപ് തയ്യാറാക്കിയത് വളരെ പ്രയോജനം ചെയ്യും. പമ്പ, സന്നിധാനം, നീലിമലപ്പാത, സ്വാമി അയ്യപ്പൻ റോഡ്, എരുമേലിയിൽ നിന്ന് കരിമല വഴിയുള്ള കാനനപാത, പുല്ലുമേട് വഴിയുള്ള കാനനപാത എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളും മെഡിക്കൽ സേവനങ്ങളും താമസസൗകര്യവും പിന്നിടേണ്ട ദൂരവും മറ്റും ഈ ആപ്പിലൂടെ ഭക്തർക്ക് അറിയാനാകും. ശബരിമല പാതയിലെ അപകടസ്ഥലങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഡ്രൈവർമാരെ പരിചയപ്പെടുത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ലഘു വീഡിയോ പുറത്തിറക്കിയതും ഉചിതമായി. കെ.എസ്.ആർ.ടി.സി എല്ലാ വർഷവും മികച്ച സേവനമാണ് കാഴ്ചവയ്ക്കുന്നത്. അത് ഇത്തവണയും ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഭക്തരെ ചൂഷണം ചെയ്യുന്ന രീതിയിൽ അമിത വില ഈടാക്കുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നടപടിയെടുക്കേണ്ടതുമാണ്.
അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന ഭക്തരോട് ഈർഷ്യയോടെയുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. പല നിർദ്ദേശങ്ങളും അവർ അനുസരിക്കാതെ വരുന്നത് പലപ്പോഴും ഭാഷ മനസ്സിലാകാത്തതുകൊണ്ടാണ്. അന്യസംസ്ഥാനക്കാരുടെ വരവാണ് ശബരിമല തീർത്ഥാടനകാലത്തെ സാമ്പത്തികമായി ഉണർത്തുന്നത്. അടുത്ത ഒരുവർഷത്തേക്കുള്ള മറ്റ് അമ്പലങ്ങളുടെയും സാമ്പത്തിക സ്ഥിതി ഉറപ്പുവരുത്തുന്നതു കൂടിയാണ് തീർത്ഥാടന കാലയളവ്. വലിയ പരാതികൾക്കും പരിഭവങ്ങൾക്കും ഇടയാക്കാതെ ഇത്തവണത്തെ തീർത്ഥാടനകാലം സുഗമമായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |