ആലപ്പുഴ: സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ലക്ഷ്വറി ടൂറിസ്റ്റ് കോട്ടേജും ഗ്രീൻ ഹൗസ് ബോട്ട് സർവീസും ഉൾപ്പടെയുള്ള വമ്പൻ ടൂറിസം സംരംഭങ്ങൾ ജില്ലയുടെ മുഖച്ഛായ മാറ്റും. ടൂറിസം വകുപ്പ് കഴിഞ്ഞദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രഥമ നിക്ഷേപ സംഗമത്തിൽ, ആലപ്പുഴയിലെയും മുഹമ്മയിലെയും ടൂറിസം ലക്ഷ്വറി കോട്ടേജ്, ഗ്രീൻ ഹൗസ് ബോട്ട് പദ്ധതികൾക്ക് താമര ലെഷർ പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവച്ചതാണ് വിനോദ സഞ്ചാരരംഗത്ത് പുത്തൻ പ്രതീക്ഷയാകുന്നത്. ഇതുകൂടാതെ, ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ വന്നുപോകുന്ന ആലപ്പുഴ ബീച്ചിലും നഗരത്തിലും സർക്കാർ ഉടമസ്ഥതയിൽ സ്വകാര്യ പങ്കാളിത്തത്തോടെ രണ്ട് ഹോട്ടലുകൾ ആരംഭിക്കാനും സംഗമത്തിൽ ധാരണയായി. ആലപ്പുഴയിലും കണ്ണൂരിലുമായി 250 കോടി രൂപയുടെ ധാരണാപത്രമാണ് അന്ന് ഒപ്പുവച്ചത്.
ലക്ഷ്വറി കോട്ടേജ്, ഗ്രീൻ ഹൗസ് ബോട്ട്...
വിനോദ സഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ താമസിക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി. കോട്ടേജ് നിർമ്മാണത്തിനുള്ള സ്ഥലം കണ്ടെത്തേണ്ടതും ചെലവ് വഹിക്കേണ്ടതും സ്വകാര്യ സംരംഭകരാണ്. ആലപ്പുഴ നഗരത്തിലും മുഹമ്മ പഞ്ചായത്തിലും ഗ്രീൻ പ്രോട്ടോക്കോളിലെ പ്ളാറ്റിനം ഗൈഡ് ലൈൻ അടിസ്ഥാനമാക്കിയായിരിക്കും 14 ഓളം ലക്ഷ്വറി കോട്ടേജുകളുടെ നിർമ്മാണം. ഇതിന് പുറമേ പൂർണമായും സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന 25 പരിസ്ഥിതി സൗഹൃദ ഹൗസ് ബോട്ടുകളും പദ്ധതിയുടെ ഭാഗമായി വരും.
ബീച്ചിലും കയർ സൊസൈറ്റിയിലും ഹോട്ടലുകൾ
ആലപ്പുഴ ബീച്ചിലും കയർ കോർപ്പറേഷന് സമീപത്തെ ന്യൂമോഡൽ കയർ സൊസൈറ്റിയിലും രണ്ട് ഹോട്ടലുകൾക്ക് വിനോദസഞ്ചാര വകുപ്പിന് പദ്ധയുണ്ട്. വിനോദ സഞ്ചാരികൾക്ക് മിതമായ നിരക്കിൽ താമസസൗകര്യം സജ്ജമാക്കുകയാണ് ലക്ഷ്യം. ബീച്ചിന് സമീപത്തെ 46 സെന്റ് സ്ഥലത്ത് സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ഹോട്ടൽ ആരംഭിക്കാനാണ് നീക്കം. ബീച്ചിൽ ടൂറിസം വകുപ്പിന്റെ വകയായ സ്ഥലത്ത് സ്വകാര്യ സംരംഭകർ കെട്ടിടം പണിയണം. സംരംഭകന് ആവശ്യമായ പരിഗണനയും ഇളവും ലഭിക്കും. കയർ കോർപ്പറേഷന് സമീപത്തെ ന്യൂമോഡൽ കയർ സൊസൈറ്റിയുടെ പൈതൃക കെട്ടിടമാണ് മറ്റൊരു ഹോട്ടലിനായി ടൂറിസം വകുപ്പ് തെരഞ്ഞെടുത്തിരിക്കുന്നത്. സംരംഭകരുടെ നേതൃത്വത്തിൽ പദ്ധതികൾ ഉടൻ നടപ്പാക്കാനാണ് ശ്രമം. കൂടാതെ ബീച്ചിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാരംഭിക്കുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജും വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകും.
പദ്ധതി പ്രാഥമിക ഘട്ടത്തിലാണ്. കരാർ ഒപ്പുവച്ചിട്ടുണ്ട്. പദ്ധതി ഉടൻ നടപ്പാക്കാനാണ് തീരുമാനം
- പ്രേംകൃഷ്ണൻ, ടൂറിസം ഡെപ്യുട്ടി ഡയറക്ടർ
ലക്ഷ്വറി കോട്ടേജുകൾ
14
പരിസ്ഥിതി സൗഹൃദ ഹൗസ്ബോട്ടുകൾ
25
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |