തിരുവനന്തപുരം: ഇന്ത്യയിലെ 81.5 കോടി ജനങ്ങളുടെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തി വില്പനയ്‌ക്ക് വച്ചതോടെ ഇന്റർനെറ്റ് അധോലോകമായ ഡാർക്ക് വെബിന്റെ കടുത്ത ഭീഷണിയിലായി രാജ്യം. ലക്ഷക്കണക്കിന് എ.ടി.എം കാർഡ് വിവരങ്ങളും ഡാർക്ക് വെബിലുണ്ട്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ (ഐ.സി.എം.ആർ) ഡേറ്റാ ബേസിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ചോർത്തിയത്. അമേരിക്കൻ സൈബർ സെക്യൂരിറ്റി സ്ഥാപനമായ റീസെക്യൂരിറ്റിയാണ് കണ്ടെത്തിയത്.
പേരും മേൽവിലാസവും ഫോൺനമ്പരും ആധാർ, പാസ്‌പോർട്ട് വിവരങ്ങളും 65 ലക്ഷം രൂപയ്‌ക്കാണ് 'pwn0001'എന്ന ഹാക്കർ ഒക്ടോബർ 9ന് ഡാർക്ക് വെബിൽ വില്പനയ്‌ക്ക് വച്ചത്.
ജാർഖണ്ഡിലെ ആയുഷ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത് മൂന്നര ലക്ഷം രോഗികളുടെ ചികിത്സാവിവരങ്ങളും ഡോക്ടർമാരുടെ പേരും
യൂസർ നെയിമും പാസ്‌വേഡും ഫോൺനമ്പരുകൾ അടക്കവും ഇട്ടിരുന്നു. പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവയുമുണ്ട്. നിർമ്മിത ബുദ്ധിയിലൂടെ ഇവ
നഗ്നവീഡിയോകളും ചിത്രങ്ങളുമാക്കി മാറ്റി പ്രചരിക്കുകയാണ്. ലഹരി വില്പനയും നടക്കുന്നു. ക്രിപ്റ്റോ കറൻസിയാണ് ഇടപാടിനായി ഉപയോഗിക്കുന്നത്.
ആൾമാറാട്ടം നടത്താം
#വാങ്ങുന്നവർക്ക് വ്യക്തി വിവരങ്ങളും ഫോട്ടോയും പാസ്പോർട്ടും ആൾമാറാട്ടത്തിന് ഉപയോഗിക്കാം
#ബാങ്ക് വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടാം
#പെൺകുട്ടികളുടെ ചിത്രങ്ങൾ നഗ്നചിത്രങ്ങളാക്കി മാറ്റാം
# വ്യക്തിവിവരങ്ങൾ കമ്പനികൾക്ക് ബിസിനസ് സർവേയുടെ ഭാഗമാക്കാം
# ഈ വിവരങ്ങളിലൂടെ അഭിപ്രായ രൂപീകരണത്തിന് പ്രചാരണം നടത്താം
കുട്ടികളുടെ ഫോട്ടോ കെണിയാവും
സോഷ്യൽ മീഡിയയിൽ കുട്ടികളുടെ ഫോട്ടോകൾ ഒഴിവാക്കുക
ആധാറിലെയുംമറ്റും വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക
സൈബർ ഹെൽപ്പ് ലൈൻ നമ്പർ 1930
ഡാർക്ക് വെബ്
ഓൺലൈൻവഴി നിയമവിരുദ്ധ പ്രവൃത്തികൾ നടത്തുന്ന സൈബർ മേഖല. സാധാരണ സെർച്ച് എൻജിനുകൾ ഉപയോഗിച്ച് ഡാർക്ക് വെബിൽ എത്താനാവില്ല. ടോർ, ഇൻവിസിബിൾ ഇന്റർനെറ്റ് പ്രോജക്ട് പോലുള്ള ബ്രൗസറുകൾ വേണം. സൈറ്റുകളിലും ഡേറ്റാബേസുകളിലും നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്തി വില്പനയ്ക്ക് വയ്ക്കും. പോൺ വീഡിയോകളും ചിത്രങ്ങളും കച്ചവടം ചെയ്യും. യഥാർത്ഥ കൊലപാതകം ചെയ്ത് ഇരയുടെ ദീനരോദനംവരെ വില്പനയ്ക്ക് വയ്ക്കും.നിർമ്മിത ബുദ്ധി ഉപയോഗിച്ച് പൈശാചിക കുറ്റകൃത്യങ്ങൾ ചെയ്തുകാണിക്കും. വേം ജി.പി.ടി പോലുള്ള അനധികൃത എ.ഐ ടൂളുകളാണ് ഉപയോഗിക്കുന്നത്. മയക്കുമരുന്ന് ഇടപാടിനും സൗകര്യം. നൈജീരിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ സംഘങ്ങളാണ് പിന്നിൽ. കണ്ടെത്താൻ സൈബർ പൊലീസിന് പരിമിതികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |