മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് ഒഴിയുമെന്ന് സൂചന. ഇതു സംബന്ധിച്ച വിവരം അദ്ദേഹം ബിസിസിഐ അധികൃതരെ അറിയിച്ചുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. രാഹുലിന്റെ പകരക്കാരനായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ താരവുമായ വിവിഎസ് ലക്ഷ്മണ്‍ ചുമതലയേറ്റെടുത്തേക്കും.
നവംബര്‍ 19ന് സമാപിച്ച ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെ കാലാവധി. ഏകദിന ലോകകപ്പിലൂടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ അപരാജിതരായാണ് ഫൈനല്‍ വരെ മുന്നേറിയത്. എന്നാല്‍ കലാശപ്പോരില്‍ കാലിടറുകയായിരുന്നു.
2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയാണ് ദ്രാവിഡ്- രോഹിത് ശര്‍മ്മ സഖ്യം പരിശീലകനും നായകനുമായി ചുമതലയേറ്റെടുത്തത്. ഇരുവരുടേയും കീഴില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനല്‍വരെയെത്തിയെങ്കിലും രണ്ട് തവണയും ഓസ്‌ട്രേലിയയോട് തോറ്റിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ വരെ എത്തിയ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റാണ് പുറത്തായത്. എന്നാല്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യ ഏഷ്യാ കപ്പ് വിജയിച്ചിരുന്നു. ലോകകപ്പിന് തൊട്ട് പിന്നാലെ തന്നെ അദ്ദേഹം തുടരാന്‍ സാദ്ധ്യതയില്ലെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അന്ന് ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍, അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലക സ്ഥാനം അലങ്കരിച്ച ശേഷമാണ് 2021ല്‍ സീനിയര്‍ ടീമിന്റെ പരിശീലകനായത്. സമാനമായ രീതിയിലാണ് ലക്ഷ്മണും മുഖ്യ പരിശീലകസ്ഥാനത്തേക്ക് എത്തുന്നത്.
ലോകകപ്പിന് ശേഷം വിശ്രമത്തിലാണ് രാഹുല്‍ ദ്രാവിഡ്. ഇന്ന് ആരംഭിക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കുള്ള ടീമിന്റെ പരിശീലകനായി നേരത്തെ തന്നെ ലക്ഷ്മണിനെ നിയമിച്ചിരുന്നു. ഈ പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയിലാണ് ഇന്ത്യയുടെ അടുത്ത പര്യടനം. ഈ പരമ്പരയ്ക്ക് മുന്‍പ് തന്നെ പരിശീലക സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |