SignIn
Kerala Kaumudi Online
Saturday, 14 June 2025 11.37 PM IST

നവകേരള വൃഥാ വ്യായാമം

Increase Font Size Decrease Font Size Print Page

f

ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയിൽ കണ്ട അമ്പരപ്പിക്കുന്ന ജനക്കൂട്ടവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കു ലഭിച്ച കനത്ത ഭൂരിപക്ഷവുമാവാം നവകേരള സദസ് എന്നൊരു കെട്ടുകാഴ്ച സംഘടിപ്പിക്കാൻ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് പ്രചോദനമായത്. മുഖ്യമന്ത്രി ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടുചെന്ന് പരാതികൾ സ്വീകരിക്കുകയും അവയ്ക്ക് തൽണം പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന പരിപാടി തുടങ്ങിവച്ചത് 1982-87കാലത്ത് കെ.കരുണാകരനാണ്- സ്പീഡ് പ്രോഗ്രാം എന്നായിരുന്നു അതിന്റെ പേര്.

2011-12 കാലത്ത് ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടിയാക്കി അതിന് മറ്റൊരു മാനം നൽകി. സംസ്ഥാനത്തെ 14 ജില്ലകളിലും വ്യത്യസ്ത ദിവസങ്ങളിൽ പരിപാടി സംഘടിപ്പിച്ചു. ഉമ്മൻചാണ്ടി ഓരോ സ്ഥലത്തും നേരിട്ടുചെന്ന് പരാതികൾ സ്വീകരിക്കുകയും അവയിൽ ഭൂരിപക്ഷത്തിനും ഉടനടി പരിഹാരമുണ്ടാക്കുകയും ചെയ്തു. ബാക്കിയുള്ളവ ഉദ്യോഗസ്ഥർക്കു കൈമാറി. കുറേ അധികംപേർക്ക് ഇതുകൊണ്ട് പ്രയോജനമുണ്ടായി. ജനസമ്പർക്ക പരിപാടിയുടെ ഒന്നാംഘട്ടം അവസാനിക്കുമ്പോഴേക്കും സോളാർ വിവാദം കത്തിപ്പടർന്നു. ഉമ്മൻചാണ്ടിക്ക് പരിപാടി തുടർന്നു നടത്താൻ കഴിയാതെവന്നു. 2014-ൽ ബാർകോഴ വിവാദം കൂടി ആയപ്പോൾ മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലുണ്ടായി. അഴിമതി ആരോപണങ്ങളും ചില മന്ത്രിമാരുടെ കെടുകാര്യസ്ഥതയും അതിലുപരി സാമുദായിക പ്രീണനവും കൂടിയായപ്പോൾ മന്ത്രിസഭയുടെ മുഖം വികൃതമായി. 2016-ൽ യു.ഡി.എഫ് അനിവാര്യമായ പരാജയം ഏറ്റുവാങ്ങി.

ജനസമ്പർക്കവും

നവകേരള സദസും

ജനസമ്പർക്ക പരിപാടിയുടെ കേവലമായ അനുകരണമല്ല നവകേരള സദസ്. ഉമ്മൻചാണ്ടിയെപ്പോലെ 14 ജില്ലാ ആസ്ഥാനങ്ങളിലും ചെന്ന് ജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ കൈപ്പറ്റുകയല്ല പിണറായി ചെയ്യുന്നത്. അദ്ദേഹവും മറ്റു മന്ത്രിമാരും ചീഫ് സെക്രട്ടറിയും സഹിതം നവംബർ 18-ന് കാസർകോട് ജില്ലയിലെ പൈവെളികയിൽ നിന്ന് ബസ് യാത്ര ആരംഭിച്ചു. 140 നിയോജകമണ്ഡലങ്ങളും താണ്ടി ഡിസംബർ 24-ന് തിരുവനന്തപുരത്ത് യാത്ര അവസാനിക്കും. ഒരിടത്തും ഒരാളിൽ നിന്നും ഒരുപരാതിയും കൈകൊണ്ട് വാങ്ങുകയില്ല. പരാതിക്കാരുണ്ടെങ്കിൽ കാലേക്കൂട്ടി യോഗസ്ഥലത്തു ചെന്ന് കൗണ്ടറിൽ സമർപ്പിച്ച് രസീത് വാങ്ങാവുന്നതാണ്. അവയിൽ കാലവിളംബം കൂടാതെ തീരുമാനമുണ്ടാകും.

മുഖ്യമന്ത്രിയും പരിവാരങ്ങളും നിശ്ചിതസമയത്ത് വേദിയിലെത്തി സംസ്ഥാനസർക്കാരിന്റെ ഇത:പര്യന്തമുള്ള നേട്ടങ്ങൾ വിശദീകരിക്കും; കൂട്ടത്തിൽ പ്രതിപക്ഷത്തിന്റെ കുറ്റവും കുറവും പറയും. കേന്ദ്രസർക്കാരിനെയും വിമർശിക്കും. പിന്നെയും സമയമുണ്ടെങ്കിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും അതിക്രമങ്ങളെക്കുറിച്ച് വാചാലമാകും. സർക്കാർ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ആട്ടിത്തെളിച്ച് കൊണ്ടുവരുന്ന തൊഴിലുറപ്പ് പണിക്കാരും കുടുംബശ്രീ പ്രവർത്തകരും വിദ്യാർത്ഥികളുമൊക്കെ അതുകേട്ട് കൈയടിച്ചുകൊള്ളണം. ഓരോ വേദിയിലും കുറഞ്ഞത് 5,000 പേരുടെയെങ്കിലും സാന്നിദ്ധ്യം ഉറപ്പുവരുത്തണമെന്ന് കർശന നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നല്കിയിട്ടുണ്ട്. ഓരോ സ്ഥലത്തും പൗരമുഖ്യന്മാർക്ക് (മാത്രം) കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നുണ്ട്. ബാക്കി പൗരന്മാർക്ക് സദസിലിരുന്നോ വഴിയരികിൽ കാത്തുനിന്നോ പരിപാടിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും അവസരമുണ്ട്.

തുടരുന്നത്

അതേ മാതൃക

പിണറായി വിജയന്റെ നേതൃത്വത്തിൽ മുമ്പു നടന്ന കേരള മാർച്ചിന്റെയും നവകേരള മാർച്ചുകളുടെയും മാതൃകയിലാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തം. അവയും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ പര്യടനം നടത്തിയിരുന്നു; ഓരോയിടത്തും പൗരമുഖ്യന്മാരുമായി കൂടിക്കാഴ്ചയും ഉണ്ടായിരുന്നു. എല്ലായിടത്തും രാഷ്ട്രീയപ്രസംഗമാണ് അദ്ദേഹം നടത്തിയിരുന്നത്. ഇപ്പോഴും അതുതന്നെയാണ് നടത്തുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനായിരുന്നെങ്കിൽ ജില്ലാ അടിസ്ഥാനത്തിലോ താലൂക്ക് അടിസ്ഥാനത്തിലോ ആയിരുന്നു പരിപാടി സംഘടിപ്പിക്കേണ്ടിയിരുന്നത്; നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ആയിരുന്നില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് പരാതി സ്വീകരിക്കുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നതായിരുന്നു ഉചിതം. ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കുകയും മന്ത്രിമാർ പ്രസംഗിക്കുകയും ചെയ്യുന്ന പരിപാടി നാട്ടിൽ മുമ്പുതന്നെ നിലവിലുള്ളതും ജനങ്ങൾക്ക് യാതൊരു ഉപകാരവും ഇല്ലാത്തതുമാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റെല്ലാ ജോലികളും മാറ്റിവച്ച് ഒരുമാസത്തിലധികം ഊരുചുറ്റുന്ന പരിപാടി കേരളത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. രാജ്യത്തുതന്നെ മറ്റൊരു സംസ്ഥാനത്തും നാളിതുവരെ നടന്നിട്ടുമില്ല. ആ നിലയ്ക്ക് നവകേരളസദസ് ചരിത്രസംഭവം തന്നെയാണ്. പക്ഷേ ഈ പരിപാടി നടക്കുന്ന കാലമത്രയും തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രത്തിൽ ഫയലുകൾ തീരുമാനമുണ്ടാകാതെ പൊടിപിടിച്ചു കിടക്കും. ഇപ്പോൾത്തന്നെ കെട്ടിക്കിടക്കുന്ന ഫയലുകൾ നിരവധിയാണ്. അവയുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നതാണ് ഈ പരിപാടികൊണ്ടുള്ള ഏറ്റവും വലിയ നേട്ടം.

മുറുക്കിയുടുത്ത്

കെട്ടുകാഴ്ച

സംസ്ഥാനം അതിഭയാനകമായ സാമ്പത്തിക പ്രസിസന്ധിയിൽക്കൂടി കടന്നുപോകുന്ന സമയത്താണ് ഇതുപോലൊരു കെട്ടുകാഴ്ച സംഘടിപ്പിച്ചിട്ടുള്ളത്. കോടികൾ ചെലവിട്ട് കേരളീയം പരിപാടി നടത്തിയതിന്റെ ആഘാതത്തിൽ നിന്ന് ഉണരുന്നതിനു മുമ്പാണ് നവകേരള സദസിന്റെ രഥയാത്ര ആരംഭിച്ചത്. ഖജനാവിൽ നിന്ന് പറയത്തക്ക സംഖ്യയൊന്നും ചെലവഴിക്കുന്നില്ല എന്നാണ് സർക്കാരിന്റെ നാട്യം. പക്ഷേ, തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണ ബാങ്കുകളുടെയും കുത്തിനുപിടിച്ച് പണം ഈടാക്കിയിട്ടാണ് നവകേരളസദസ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെയും തൊഴിലുറപ്പുകാരുടെയും പിച്ചച്ചട്ടിയിൽ വരെ കൈയിട്ടുവാരുന്നുണ്ട്. സർക്കാരിലേക്ക് നികുതി കുടിശികയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് പലവിധ പ്രലോഭനങ്ങളും ഭീഷണികളും മുഴക്കിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഫണ്ട് കണ്ടെത്തുന്നത്. കേരളീയം പരിപാടിക്കും ഇതേമാതൃകയാണ് അനുവർത്തിച്ചത്.

വരുംമാസങ്ങളിൽ നികുതിപിരിവ് മിക്കവാറും പൂജ്യത്തോടടുത്ത സംഖ്യയായിരിക്കും എന്നുറപ്പാണ്. സാമ്പത്തിക പ്രതിസന്ധി കൂടാനല്ലാതെ കുറയാൻ ഒരു സാദ്ധ്യതയുമില്ല. കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്നവരെ പൊലീസും പാർട്ടിഗുണ്ടകളും മർദ്ദിക്കുന്നതും പിഞ്ചുകുട്ടികൾ പൊരിവെയിലത്തു നിന്ന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതും കണ്ട് മുഖ്യമന്ത്രിക്ക് രോമാഞ്ചമുണ്ടാകാം. പക്ഷേ അതു കാണുന്നവർക്ക് അതേ വികാരം തോന്നണമെന്നില്ല. മാസപ്പടി വിവാദവും കരുവന്നൂർ മാതൃകയിലുള്ള സഹകരണ ബാങ്ക് കൊള്ളകളും കൊണ്ട് സർക്കാരിന്റെ പ്രതിച്ഛായ മങ്ങിയിരിക്കുകയാണ്.

അടുത്ത ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് മുൻനിറുത്തിയാണ് നവകേരളസദസ് സംഘടിപ്പിച്ചിട്ടുള്ളത്. 10 വർഷം തികയ്ക്കുന്ന മോദി സർക്കാരിന്റെ ഗുണദോഷങ്ങളാണ് അപ്പോൾ ജനങ്ങൾ വിലയിരുത്തുക. നവകേരള സദസ് പോലുള്ള കെട്ടുകാഴ്ചകൾ ആ വിധിയെഴുത്തിനെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുമെന്നു കരുതാനാവില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു വൃഥാ വ്യായാമമാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

TAGS: NAVAKERALASADASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.