മലപ്പുറം: കേരളം കേന്ദ്രത്തോട് സൗജന്യമോ ഔദാര്യമോ അല്ല, ന്യായമായി ലഭിക്കേണ്ട നികുതി വിഹിതം കിട്ടണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള യാത്രയോടനുബന്ധിച്ച് തിരൂരിൽ നടന്ന പ്രഭാത സദസിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതവും ഗ്രാൻഡും അർഹതപ്പെട്ടത് കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണം. കേന്ദ്രസർക്കാർ സാമ്പത്തികമായി കേരളത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തന്നെ വസ്തുതാവിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സംസ്ഥാനത്തിന്റെ ബാദ്ധ്യത കൂട്ടുന്നു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകൾ നിർമ്മിച്ചപ്പോൾ 32,171 വീടുകൾക്ക് മാത്രമാണ് പി.എം.എ.വൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. കേരളം സംഖ്യ കൂട്ടി നാലു ലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്. പി.എം.എ.വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ലെന്നതിനാൽ പുതിയ വീടുകൾ അനുവദിക്കാനാവുന്നില്ല. എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകൾക്ക് കേന്ദ്രത്തിന്റെ ബ്രാൻഡിംഗ് വേണമെന്നാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ആരുടെയെങ്കിലും സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് പണം ചെലവഴിക്കുന്നവയല്ല.
കേരളത്തിന്റെ സാമൂഹിക ഉന്നമനത്തെ ശിക്ഷാമാർഗ്ഗമായി കാണുകയാണ് കേന്ദ്ര സർക്കാർ. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് കേന്ദ്രവിഹിതം വർഷങ്ങളായി ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാരാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ലെന്ന കേന്ദ്രധനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കലാണ്. കേന്ദ്ര വിഹിതം അകാരണമായി വർഷങ്ങൾ തടഞ്ഞുവച്ച ശേഷം നിരന്തര സമ്മർദ്ധങ്ങൾക്കൊടുവിലാണ് 2021 ജനുവരി മുതൽ 2023 ജൂൺ വരെയുള്ളത് ഇപ്പോൾ അനുവദിച്ചത്. കേരളത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നതിന്റെ 16.62% പേർ മാത്രമാണ് കേന്ദ്രവിഹിതമുള്ള പെൻഷൻ ഗുണഭോക്താക്കൾ. നെല്ല് സംഭരണ ഇനത്തിൽ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. കേന്ദ്രം എപ്പോൾ പണം നൽകുന്നുവോ അപ്പോൾ തീരുന്ന പ്രശ്‌നമാണത്.
ചൈനയിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ ആശങ്ക ഉണ്ടാകേണ്ടതില്ല. ആരോഗ്യവകുപ്പ് ഇക്കാര്യം സൂക്ഷ്മതയോടെ വീക്ഷിക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ ഭീഷണിയൊന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നവകേരള സദസിൽ തങ്ങളുടെ മരുമകനും
മലപ്പുറം: യു.ഡി.എഫ് വിലക്ക് മറികടന്ന് തിരൂരിൽ നവകേരളം പ്രഭാതസദസിൽ പങ്കെടുത്ത് കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ. ലീഗ് മുൻസംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ, താനാളൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റും ലീഗിന്റെ കർഷക സംഘടനയുടെ ജില്ലാ ഭാരവാഹിയുമായ പി.പി. ഇബ്രാഹീം, മുൻ ഡി.സി.സി അംഗവും തിരുനാവായ ബ്ലോക്ക് പ്രസിഡന്റുമായിരുന്ന എ.പി.മൊയ്തീൻ എന്നിവരാണ് പങ്കെടുത്തത്. എ.പി.മൊയ്തീനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഇബ്രാഹീമിനെതിരെ നടപടിയുണ്ടാവുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ പെൻഷനുമായി ബന്ധപ്പെട്ട പരാതി കൈമാറാനാണ് പോയതെന്നാണ് ഇബ്രാഹീം പാർട്ടിക്ക് നൽകിയ വിശദീകരണം.
ഹസീബിന് ലീഗിൽ പ്രാഥമികാംഗത്വം പോലുമില്ലെന്നും നവകേരള സദസിൽ പങ്കെടുത്തത് വലിയ സംഭവമാക്കി മാറ്റുന്നത് സി.പി.എമ്മിന്റെ അൽപ്പത്തരമാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു. അതേസമയം, ലീഗിന്റെ ശക്തികേന്ദ്രത്തിൽ പാണക്കാട് കുടുംബാംഗം നവകേരള സദസിൽ പങ്കെടുത്തത് രാഷ്ട്രീയ വിവാദമായിട്ടുണ്ട്.
താൻ പങ്കെടുത്തത് വികസന നിർദ്ദേശങ്ങൾ നൽകാനാണെന്നും ജനാധിപത്യ രീതിയിൽ നടക്കുന്ന സദസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും ഹസീബ് പറഞ്ഞു. ലീഗ് നേതാക്കൾ ഇങ്ങനെ മുമ്പും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |