കൊല്ലം: ആറ് വയസുകാരി അബിഗേലിനെ കാണാതായി 21 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി എഡിജിപി എം. ആർ അജിത്‌കുമാർ. പൊലീസും മാദ്ധ്യമപ്രവർത്തകരും കുഞ്ഞിനെ കണ്ടെത്താൻ പരിശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. പൊലീസ് ഇടപെടലും മാദ്ധ്യമപ്രവർത്തകരുടെ ശുഷ്‌കാന്തിയുമാണ് കുഞ്ഞിനെ കിട്ടാനിടയാക്കിയതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവർക്ക് ഉപേക്ഷിക്കാതെ മറ്റ് വഴികളില്ലായിരുന്നു എന്നും കൂട്ടിച്ചേർത്തു.
പൊലീസ് സേനയും മാദ്ധ്യമപ്രവർത്തകരും നാട്ടുകാരും കുഞ്ഞിനെ കണ്ടെത്താൻ ഉറങ്ങാതെ പരിശ്രമിച്ചു. 24 മണിക്കൂർ പരിശ്രമത്തിൽ സർക്കാർ ഉടനീളം പിന്തുണച്ചു. തട്ടിക്കൊണ്ടുപോകൽ സംഘത്തിന് സമ്മർദ്ദമുണ്ടായതായും എഡിജിപി വ്യക്തമാക്കി. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്, ഒന്നും പറയാറായിട്ടില്ല തട്ടിക്കൊണ്ട് പോകാനുണ്ടായ കാരണവും വ്യക്തമല്ല ഡോക്‌ടർമാരുടെ നിർദ്ദേശാനുസാരം കുട്ടിയെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
വലിയൊരു വീട്ടിലേക്കാണ് തന്നെ കൊണ്ടുപോയതെന്നും മൂന്ന് പുരുഷന്മാരും ഒരു സ്‌ത്രീയും അവിടെയുണ്ടായിരുന്നതായും കുട്ടി അറിയിച്ചിരുന്നു. കാർട്ടൂൺ കാണിച്ചു, ഭക്ഷണം നൽകി ശേഷം രാവിലെ വാഹനത്തിൽ ചിന്നക്കടയിൽ എത്തിച്ചതായും കുട്ടി പറഞ്ഞിരുന്നു.
മഞ്ഞ ചുരിദാർ ധരിച്ച ഒരു സ്ത്രീയാണ് കുട്ടിയെ ആശ്രാമം മൈതാനത്തിൽ കൊണ്ടുവന്നതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |