കൊച്ചി: കർണാടകയിലെ കൊല്ലൂരിൽ വില്ല നിർമ്മിച്ചു നൽകാമെന്നു പറഞ്ഞു പണം തട്ടിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി മുൻക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹർജിയിൽ പരാതിക്കാരനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് ഒത്തുതീർപ്പായെന്ന് പബ്ളിക് പ്രോസിക്യൂട്ടർ അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നിർദ്ദേശം. ഹർജി ഡിസംബർ എട്ടിലേക്ക് മാറ്റിയ സിംഗിൾബെഞ്ച് അതുവരെ ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞു.
കൊല്ലൂരിൽ വില്ല നിർമ്മിച്ചു നൽകാമെന്നും ഇവിടെ തുടങ്ങുന്ന സ്പോർട്‌സ് അക്കാഡമിയിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് രാജീവ് കുമാർ, വെങ്കിടേഷ് കിണി, ശ്രീശാന്ത് എന്നിവർ ചേർന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് കണ്ണൂർ ചെറുകുന്ന് സ്വദേശി സരീഗ് ബാലഗോപാലൻ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തിരുന്നു. കേസിൽ തെറ്റായി പ്രതിചേർത്തതാണെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് ശ്രീശാന്തിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |