SignIn
Kerala Kaumudi Online
Thursday, 10 July 2025 6.56 AM IST

ആശ്വാസത്തിന്റെ ഇരട്ടിമധുരം

Increase Font Size Decrease Font Size Print Page
d

സമാനതകളില്ലാത്തതാണെങ്കിലും രണ്ടു വിധത്തിൽ രണ്ട് വലിയ ആശ്വാസ വാർത്തകളുടെ ദിവസമായിരുന്നു ഇന്നലെ. കൊല്ലം ഓയൂരിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം അജ്ഞാതസംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജി എന്ന പൊന്നോമനയ്ക്കായി ഒരു രാത്രിയും ഇന്നലെ പകൽ പാതിവരെയും കേരളം പ്രാർത്ഥനയിലായിരുന്നു. ഒടുവിൽ,​ ഇന്നലെ ഉച്ചയ്ക്ക് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയതിന്റെ ആശ്വാസ വർത്തമാനം പുറത്തുവരുമ്പോൾ,​ കഴിഞ്ഞ പതിനേഴു ദിവസമായി രാജ്യം കാത്തിരുന്ന ഒരു വലിയ രക്ഷാദൗത്യം സഫലമായതിന്റെ ആഹ്ളാദം കൂടിയുണ്ടായിരുന്നു,​ ഒപ്പം- അതേ സമയത്തു തന്നെ! ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കം,​ നിർമ്മാണത്തിനിടെ തകർന്ന് അകത്തു കുടുങ്ങിയ നാല്പത്തിയൊന്നു തൊഴിലാളികളെ പതിനേഴ് ദിവസങ്ങൾക്കു ശേഷം ജീവിതത്തിന്റെ പ്രകാശത്തിലേക്കു മടക്കിയെത്തിക്കാൻ വഴിയൊരുങ്ങിയ സഫലനിമിഷം!

സഹോദരനൊപ്പം ട്യൂഷനു പോകുന്ന വഴിയിൽ വീടിനടുത്തു നിന്ന് നാലംഗസംഘം ബലംപ്രയോഗിച്ച് കാറിൽ തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയെ കണ്ടെത്താൻ ആ നേരം മുതൽ അതിവിപുലമായ തെരച്ചിൽ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്താനും,​ അജ്ഞാതസംഘം കുട്ടിയുടെ വീട്ടിലേക്കു വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈൽ നമ്പറിനു പിന്നാലെയും,​ അക്രമികൾ യാത്രചെയ്യാനിടയുള്ള പാതകൾ മുഴുവൻ അരിച്ചുപെറുക്കിയും സമീപ ജില്ലകളിലേക്കു കൂടി വ്യാപിപ്പിച്ച അന്വേഷണം ആ രാത്രി മുഴുവൻ തുടർന്നു. പക്ഷേ,​ പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്ന അക്രമിസംഘം ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്തിന്റെ എല്ലാ തിരക്കുകൾക്കും നടുവിൽ നട്ടുച്ചയ്ക്കുതന്നെ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു!

ജീവിതത്തിൽ,​ ഒരേസമയം മധുരതരവും അത്രതന്നെ വേദനാജനകവുമായ അനുഭവമാണ് കാത്തിരിപ്പ്. അബിഗേൽ സാറയെന്ന ആറുവയസ്സുകാരിയുടെ അമ്മ സിജിയും അച്ഛൻ റെജിയും ഒരു രാത്രിയും ഇന്നലെ ഉച്ചവരെയുമുള്ള ഇരുപത് മണിക്കൂറോളം സമയം അനുഭവിച്ചത് വെറുമൊരു കാത്തിരിപ്പിന്റെ മനോവ്യഥയല്ല,​ കാണാതായ സ്വന്തം കുഞ്ഞിനെയോർത്തുള്ള മൂർച്ചയുള്ള ഉത്കണ്ഠയുടെ ഏറ്റവും തീവ്രമായ നോവാണ്. അവളെ തിരിച്ചുകിട്ടിയ നിമിഷമാകട്ടെ,​ ജീവിതത്തിലെ ഏറ്രവും വലിയ ആശ്വാസത്തിനൊപ്പം ഒരു പുനർജന്മത്തിന്റെ മധുരാനന്ദം കൂടിയുള്ളതുമായി. സിൽക്യാരാ തുരങ്കത്തിന്റെ ഇരുൾഗുഹയിൽ രക്ഷയുടെ വാതിൽ തുറക്കുന്നതും കാത്തുകാത്ത് പതിനേഴു ദിവസത്തെ ദീർഘദുരിതം നിശ്ശബ്ദം അനുഭവിച്ച മനുഷ്യരുടെ ഉത്കണ്ഠയെക്കാൾ എത്രയോ ആഴത്തിൽ പൊള്ളിക്കുന്നതായിരുന്നിരിക്കും,​ അവരുടെ കുടുംബാംഗങ്ങളും ഉറ്റവരും ഇതുവരെ അനുഭവിച്ച മനോവ്യഥയുടെ തീച്ചൂട്!

ഉത്തരാഖണ്‌ഡിലെ ഉത്തരകാശിയിൽ,​ ദേശീയപാത 134 ഉൾപ്പെടുന്ന ചാർധാം റോ‌ഡ് പ്രോജക്റ്റിന്റെ ഭാഗമാണ് ധരാസുവിനെ യമുനോത്രിയുമായി ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട നാലര കി.മീറ്റർ സിൽക്യാരാ തുരങ്കം. തുരങ്കപാതയുടെ നിർമ്മാണത്തിനിടെ ഇക്കഴിഞ്ഞ 12-ന് പുലർച്ചെയാണ് തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴുകയും,​ നിർമ്മാണജോലികളിൽ ഏർപ്പെട്ടിരുന്ന 41 തൊഴിലാളികൾ മലയിടിച്ചിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോവുകയും ചെയ്തത്. അപകടമുണ്ടായ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ച ദുരന്തപ്രതികരണ സേനാംഗങ്ങൾക്കു മുന്നിൽ ഭൂപ്രകൃതിയുടെ പ്രത്യേകതയും കാലാവസ്ഥയുടെ പ്രതികൂലാവസ്ഥയും രക്ഷാദൗത്യത്തിനെത്തിച്ച കൂറ്റൻ യന്ത്രങ്ങളുടെ തകരാറുമെല്ലാം ചേർന്ന് അതിദുർഘട പ്രതിസന്ധികളാണ് തീർത്തത്. തുരങ്കത്തിനകത്തേക്ക് വലിയ പൈപ്പുകൾ തുരന്നുകയറ്റി,​ അതുവഴി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പലവട്ടം തടസ്സപ്പെട്ടു.

അതേസമയം,​ ദൗത്യാരംഭത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തിലുണ്ടായ പാളിച്ചകൾ ഒഴിവാക്കാനായിരുന്നെങ്കിൽ ഇവരെ കുറേക്കൂടി നേരത്തേ പുറത്തെത്തിക്കാൻ കഴിയുമായിരുന്നു എന്നു വാദിക്കുന്നവരുണ്ട്. ഹിമാലയൻ പരിസ്ഥിതിയുടെയും മലനിരകളുടെയും പ്രത്യേകതകൾ യന്ത്ര സാങ്കേതികതകളുടെ മുന്നേറ്റങ്ങൾക്ക് അത്രയെളുപ്പം വഴങ്ങുന്നവയല്ല. ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന ഹിമാലയൻ നിരകളിൽ,​ പാറ അടരുകളുടെ ഘടന അസ്ഥിരവുമാണ്. ഇവിടെ നടത്തുന്ന ഏത് പ്രവർത്തനവും അതിസൂക്ഷ്മതയോടെ വേണം. സ്വാഭാവികമായിത്തന്നെ മലയിടിച്ചിലിന് സാദ്ധ്യതയേറിയ പർവതമേഖലയിലൂടെ പോകുന്ന സിൽക്യാരാ തുരങ്കത്തിൽ നേരത്തേയും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. അപ്രതീക്ഷിതമായി ഓരോരോ പ്രതിബന്ധം ഉടലെടുക്കുമ്പോഴും രക്ഷാശ്രമത്തിന്റെ രീതി മാറ്റുകയും,​ മുഴുവൻ തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിക്കുകയെന്ന ഏകപദ്ധതിയിൽ നിന്ന് വ്യതിചലിക്കാതിരിക്കുകയും ചെയ്ത ദൗത്യസംഘത്തിന് നന്ദി പറയുക മാത്രമല്ല,​ അവർക്ക് എല്ലാ ആദരവും നൽകുകയും വേണം.

ഇത്തരം ഏതു രക്ഷാദൗത്യത്തിലും ഏറ്റവും പ്രധാനം,​ അതിനു സ്വീകരിക്കേണ്ട മാർഗങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുന്നതിലെ കണിശതയാണ്. നിർഭാഗ്യമെന്നു പറയട്ടെ,​ ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ആറു വയസുകാരിയെ എത്രയും വേഗം കണ്ടെത്തുന്നതിലും,​ കുറ്റവാളികളെ കുടുക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് കാണാതെപോയത് ഈ കണിശതയില്ലായ്മയാണ്. കുട്ടിയുമായി കാറിൽ കടന്ന സംഘത്തിന്റെ ലക്ഷ്യം സംസ്ഥാനാതിർത്തി കടക്കലായിരിക്കുമെന്ന് നിശ്ചയിച്ച പൊലീസ് സംഘം ആ വഴിക്കുള്ള അന്വേഷണത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. സമീപ ജില്ലകളിൽ മാത്രമല്ല,​ സംസ്ഥാന വ്യാപകമായി വാഹനങ്ങൾ തടഞ്ഞ് പരിശോധന നടക്കുമ്പോൾ അക്രമിസംഘം കൊല്ലം വിട്ടുപോയിരുന്നില്ലെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. ഒടുവിൽ,​ പട്ടാപ്പകൽ തന്നെ തിരക്കേറിയ സ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ചുപോകാനും അക്രമികൾക്ക് ബുദ്ധിമുട്ടുണ്ടായില്ല!

അബിഗേലിനെ തിരികെക്കിട്ടിയ ആശ്വാസം മുഴുവൻ കേരളീയരും ആഹ്ളാദപൂർവം പങ്കുവയ്ക്കുമ്പോഴും രണ്ടു ചോദ്യങ്ങൾ ബാക്കിയാണ്- തട്ടിക്കൊണ്ടുപോകലിനു പിന്നിൽ ആര് എന്ന ചോദ്യവും,​ അതിന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നതും. കുട്ടിയെ തട്ടിയെടുത്ത് വലിയ തുക മോചനദ്രവ്യം ആവശ്യപ്പെടാവുന്നത്ര സമ്പന്നരല്ല റെജിയും സിജിയും. രണ്ടുപേരും സ്വകാര്യ ആശുപത്രി ജീവനക്കാർ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ദിവസങ്ങളായി ആ പരിസരത്ത് കണ്ടിരുന്നതായി നാട്ടുകാരിൽ പലരും പറയുന്നുണ്ട്. ഇതിൽനിന്നെല്ലാം ഊഹിക്കാവുന്നത്,​ അബിഗേലിന്റെ കുടുംബത്തെത്തന്നെ ലക്ഷ്യംവച്ച് ആസൂത്രണം ചെയ്തതായിരുന്നു ഈ തട്ടിക്കൊണ്ടുപോകലെന്നാണ്. കുറ്റവാളികളെയും അവരുടെ യഥാർത്ഥ ഉദ്ദേശ്യത്തെയും എത്രയും വേഗം വെളിച്ചത്തു കൊണ്ടുവരുമ്പോഴേ ഈ തട്ടിക്കൊണ്ടുപോകൽ സമൂഹത്തിൽ സൃഷ്ടിച്ച ഭീതിക്കും ആശങ്കയ്ക്കും പരിഹാരമാകൂ.

ഉത്തരകാശിയിലെ തുരങ്കവും ഓയൂരിലെ തട്ടിക്കൊണ്ടുപോക്കും നമ്മെ ഒരുപോലെ ഓർമ്മിപ്പിക്കുന്ന ഒരു കരുതലിന്റെ പാഠമുണ്ട്. തുരങ്കപാതകളുടെ നിർമ്മാണത്തിനിടെ മലയിടിച്ചിലോ മണ്ണിടിച്ചിലോ പോലുള്ള അപ്രതീക്ഷിത അപകടങ്ങളുടെ സാഹചര്യത്തിൽ അകത്ത് കുടുങ്ങിപ്പോകുന്നവരെ സുരക്ഷിതരായി പുറത്തെത്തിക്കാനുള്ള മാർഗങ്ങൾ കണ്ടുവയ്ക്കുന്നതിലെ മുൻകരുതലാണ് ഒന്ന്. ഓയൂർ സംഭവമാകട്ടെ,​ ഏത് പ്രതിസന്ധിഘട്ടത്തിലും മനോധൈര്യം കൈവിടാതിരിക്കാനും പ്രതീക്ഷയോടെയിരിക്കാനും ചെറുപ്രായത്തിൽത്തന്നെ കുഞ്ഞുങ്ങളെ ശീലിപ്പിക്കുകയെന്ന പാഠവും. ഭാഗ്യം; അച്ഛനിൽ നിന്നും അമ്മയിൽ നിന്നും അകറ്റപ്പെട്ട് ഒരു അജ്ഞാതസംഘത്തിന്റെ പിടിയിൽ ഇരുപത് മണിക്കൂറുകൾ കഴിയേണ്ടിവന്നിട്ടും,​ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുമ്പോഴും മിടുക്കിയായിരുന്നു അബിഗേൽ. അച്ഛനമ്മമാരുടെ മൊബൈൽ നമ്പരുകൾ ഓർമ്മിക്കാനും,​ സംഭവിച്ചത് ഓർത്തെടുത്തു പറയാനും അവൾക്ക് കഴിയുന്നുണ്ടായിരുന്നു.

അനുഭവങ്ങളോരോന്നും ഓരോ ജീവിതപാഠമാണ്. ഒരിക്കൽ സംഭവിച്ച അപകടം ആവർത്തിക്കാതിരിക്കാനും,​ വീണ്ടുമുണ്ടായാൽത്തന്നെ അതിനെ ധൈര്യപൂർവം നേരിടാനുമുള്ള പാഠം. സിൽക്യാര തുരങ്കത്തിന്റെ ഇരുൾഗർഭത്തിൽ നിന്ന് ആ 41 പേർക്കു മുന്നിൽ രക്ഷയുടെ കവാടം തുറക്കാനായതിന്റെ ആശ്വാസം രാജ്യം പങ്കുവയ്ക്കുമ്പോൾ,​ അബിഗേൽ സാറയെ മടക്കിക്കിട്ടിയതിന്റെ ആശ്വാസമധുരം കൂടിയുണ്ട്,​ ഓരോ മലയാളിയുടെ നെഞ്ചിലും. ​

TAGS: KIDNAPPING CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.