കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചന്ദനത്തോപ്പ് കുഴിയം സ്വദേശി കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോൺ വിളിയിൽ ബോസിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം.
നിരവധി മോഷണക്കേസുകൾക്ക് പുറമേ ക്വട്ടേഷൻ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാൾ. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ അഞ്ച് മോഷണക്കേസുകളുണ്ട്. രാമൻകുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസം മാറ്റുകയായിരുന്നു. മോഷണക്കേസിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. എന്നാൽ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ ജ്യേഷ്ഠൻ കൊലക്കേസിൽ ചെന്നൈ സെൻട്രൽ ജയിലിൽ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ സ്ത്രീയെന്നും സംശയിക്കുന്നു.
15 പേരുടെ പട്ടിക തയ്യാറാക്കി
15 പേരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ എവിടെയായിരുന്നുവെന്ന പരിശോധനയാണ് പ്രധാനമായും നടക്കുന്നത്. നേരത്തെ ക്വട്ടേഷൻ, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കേസുകളിൽ പ്രതിയായിട്ടുള്ളവരാണ് പട്ടികയിലുള്ളത്.
'കടയിൽ വന്നയാൾ ഇത് തന്നെ"
മോഷ്ടാവിന്റെ രേഖാചിത്രം സ്ഥിരീകരിച്ച് കടയുടമ ഗിരിജ. തന്റെ കടയിൽ വന്ന് ഫോൺ വാങ്ങി അബിഗേലിന്റെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സ്ത്രീക്കൊപ്പം ഉണ്ടായിരുന്നത് പൊലീസ് അന്വേഷിക്കുന്ന മോഷ്ടാവ് തന്നെയെന്ന് ഗിരിജ പറഞ്ഞു.
ഗിരിജയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പൊലീസ് കടയിൽ എത്തിയയാളുടെ രേഖാചിത്രം തയ്യാറാക്കിയത്.
തട്ടിക്കൊണ്ടുപോയ ദിവസം രാത്രി ഏഴരയോടെയാണ് സ്ത്രീയും പുരുഷനും കടയിലെത്തിയത്. പാരിപ്പള്ളി ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ പിന്നീട് പള്ളിക്കൽ ഭാഗത്തേക്കാണ് പോയത്. ഓട്ടോറിക്ഷയിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഗിരിജ പറഞ്ഞു.
അബിഗേൽ പറഞ്ഞത്
തട്ടിക്കൊണ്ടുപോയതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് അബിഗേൽ പൊലീസിനോട് പറഞ്ഞതിങ്ങനെ.
''പിടിച്ച് കാറിൽ കയറ്റിപ്പോൾ കരഞ്ഞു. അപ്പോൾ വാ പൊത്തിപ്പിടിച്ച ശേഷം സീറ്റിൽ കിടത്തി. പിന്നീട് ഒരു വീട്ടിലെത്തിച്ചു. കഴിക്കാൻ കേക്കും റെസ്കുമൊക്കെ തന്നു. പിന്നെ ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചു. ഇടയ്ക്ക് ഉറങ്ങിപ്പോയി. രാവിലെ ഉണർന്നപ്പോൾ നീല നിറമുള്ള കാറിൽ കയറ്റി. വഴിയിലിറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കയറി വഴിയിറലിറങ്ങി. പിന്നെ പപ്പയെ വിളിച്ച് കൊണ്ടുവരാമെന്ന് പറഞ്ഞു ആന്റി എങ്ങോട്ടോ പോയി.
എല്ലാവർക്കും നന്ദി
കാറ്റാടിയിലെ വീട്ടിൽ കരഞ്ഞുതളർന്ന് കിടപ്പായിരുന്നു അബിഗേലിന്റെ അമ്മ സിജി. ആരോടും മിണ്ടുന്നുണ്ടായിരുന്നില്ല. ഒന്നും കഴിച്ചതുമില്ല. ഉച്ചയ്ക്ക് ഒന്നരയോടെ മകളെ കണ്ടെത്തിയ വിവരമറിഞ്ഞ് സിജി ദൈവങ്ങൾക്കെല്ലാം നന്ദി പറഞ്ഞു. വനിത പൊലീസുകാരുടെ ഫോണിൽ നിന്ന് വീഡിയോ കോളിൽ മകൾ വിളിച്ചതോടെ സിജി സന്തോഷം കൊണ്ട് വിതുമ്പി. ഒരിറ്റ് വെള്ളം കുടിച്ചു. ദൈവങ്ങൾക്കും അവൾക്കായി തെരച്ചിൽ നടത്തിയ നാടിനും പൊലീസിനും നന്ദി പറഞ്ഞു. ഇതിനിടയിൽ റെജി കൊല്ലം എ.ആർ ക്യാമ്പിലെത്തി വീഡിയോ കോളിൽ വിളിച്ച് അബിഗേലിനെ വീണ്ടും കാണിച്ചു. അവളെ എപ്പോൾ കൊണ്ടുവരുമെന്നായിരുന്നു സിജിയുടെ ചോദ്യം.
മകളെ ഉടൻ കൊണ്ടുവരില്ലെന്ന് അറിഞ്ഞതോടെയാണ് മകൻ ജോനാഥനൊപ്പം സിജി എ.ആർ ക്യാമ്പിലേക്ക് എത്തിയത്. ജോനാഥൻ കുഞ്ഞുപെങ്ങളെ കെട്ടിപ്പിടിച്ച് ചിരിച്ചു. കൈയിൽ കരുതിയിരുന്ന പാലും ബ്രഡും അമ്മ അവൾക്ക് കൊടുത്തു. ഇന്നലെ നീ ഉറങ്ങിയോ, ഒരുപാട് കരഞ്ഞോ എന്നൊക്കെ ചോദിച്ച് വാരിയെടുത്തു. പൊക്കിൾക്കൊടി സ്നേഹത്തിന്റെ നിർമ്മല നിമിഷങ്ങളായിരുന്നു അവിടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |