നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു.... പാലക്കാട് റെയിൽവേ ഡിവിഷണൽ ആസ്ഥാനത്ത് നിന്ന് ദീർഘദൂര ട്രെയിനുകൾ ചൂളംവിളിച്ച് കൂകിപ്പായാൻ ഇനി അധികകാലമെടുക്കില്ല. ഫാക്ടറി വഴിയേ നടന്നകലുമെന്ന് കരുതിയ പാലക്കാട് പിറ്റ്ലൈൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പച്ചക്കൊടി. പാലക്കാട് പിറ്റ്‌ലൈൻ എന്നത് റെയിൽവേയുടെ അടിയന്തര പരിഗണനയിലുള്ള പദ്ധതിയല്ല. അതിനാൽത്തന്നെ അടുത്ത കാലത്ത് പദ്ധതിക്കായുള്ള ടെൻഡർ വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റെയിൽവേ അറിയിച്ചിരുന്നിടത്താണ് ഇപ്പോൾ പദ്ധതി യാഥാർത്ഥ്യമാകാൻ പോവുന്നത്. ഇതോടെ പാലക്കാട്ടെ റെയിൽവേ വികസനത്തിൽ എക്സ്പ്രസ് വേഗം കൈവരുമെന്നാണ് വിലയിരുത്തൽ.
പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ച് സ്ഥാപിക്കുന്ന പിറ്റ്‌ലൈൻ നിർമ്മാണത്തിന് റെയിൽേവേ ടെൻഡറായി. ജനുവരിയോടെ നിർമ്മാണം ആരംഭിക്കാനാണ് നീക്കം. പാലക്കാട്ടു നിന്നു ദീർഘദൂര ട്രെയിൻ സർവീസുകൾക്ക് വഴിതുറക്കുന്ന പിറ്റ്‌ലൈനിന്റെ പ്രധാന ഭാഗമായ ട്രാക്ക് നിർമ്മാണത്തിനുള്ള കരാർ സേലത്തെ ജി.എം ഇൻഫ്രാ ടെക്കിനാണ്. തുടർനടപടിക്കുള്ള പ്രാഥമിക പരിശോധന ഉടൻ ഉണ്ടാവും. മംഗളൂരു കഴിഞ്ഞാൽ ഷൊർണൂർ ജംഗ്ഷനിലെ 12 കോച്ചുകളുടെ പിറ്റ്‌ലൈനാണ് ഡിവിഷനിലുള്ളത്. സ്ഥലമില്ലാത്തതിനാൽ അതു വികസിപ്പിക്കാനാവില്ലെന്നാണ് റെയിൽവേ നിലപാട്. മംഗളൂരുവിലുള്ള മൂന്ന് പിറ്റ്‌ലൈനിൽ 10 എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും അറ്റകുറ്റപ്പണി നടത്തിവരുന്നു. 4 ട്രെയിനുകളുടെ അറ്റകുറ്റപ്പണി കൂടി നടത്താമെങ്കിലും ജീവനക്കാരുടെ ക്ഷാമം തടസമാണ്. മംഗളൂരു സെൻട്രലിൽ പുതിയ രണ്ട് പ്ലാറ്റ്ഫോമുകളുടെ നിർമ്മാണം പൂർത്തിയായി. ജംഗ്ഷനിൽ രണ്ടു പ്ലാറ്റ്‌ഫോം കൂടി നിർമ്മിക്കും.
കുറഞ്ഞത് 3 ദീർഘദൂര ട്രെയിനുകൾ
പിറ്റ്‌ലൈൻ പദ്ധതി പൂർത്തിയായാൽ പാലക്കാട് ടൗൺ സ്റ്റേഷനിൽ നിന്ന് കുറഞ്ഞത് 3 ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. കോയമ്പത്തൂരിൽ നിന്നുള്ള ചില ട്രെയിനുകൾ പാലക്കട്ടേക്കു നീട്ടാനും കഴിയും. ടൗൺ റെയിൽവേ സ്റ്റേഷന്റെ 8 ഏക്കറോളം സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള വികസന സാദ്ധ്യതയും പരിഗണിക്കുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സ്ഥലത്തിനു ചുറ്റുമതിൽ നിർമ്മിക്കാനും പദ്ധതിയുണ്ട്. ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനമാണ് പിറ്റ്‌ലൈൻ. മൂന്നു വർഷം മുൻപ് വി.കെ.ശ്രീകണ്ഠൻ എം.പിയുടെ ശ്രമഫലമായാണ് അന്നത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ പിറ്റ്‌ലൈൻ അനുവദിച്ചത്. 19.10 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഒരു വർഷത്തിനുള്ളിൽ പിറ്റ്‌ലൈൻ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പല കാരണങ്ങൾകൊണ്ട് വർഷങ്ങൾ നീണ്ടു.
സാമ്പത്തിക പ്രതിസന്ധി
പിറ്റ്ലൈൻ പദ്ധതിക്കായി രണ്ടുവർഷം മുൻപ് കേന്ദ്ര ബഡ്ജറ്റിൽ ഒൻപത് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് പല പദ്ധതികളും മരവിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചപ്പോൾ അതിൽ പാലക്കാട് പിറ്റ്‌ലൈനും ഉൾപ്പെടുകയായിരുന്നു. അതേസമയം പാലക്കാടിനൊപ്പം അനുവദിച്ച മംഗളൂരു സെൻട്രലിലെ രണ്ടാം പിറ്റ്‌ലൈൻ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും റെയിൽവേ വ്യക്തമാക്കുന്നുണ്ട്. അക്കാലത്തെ റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ പ്രത്യേക താത്‌പര്യമാണ് മംഗളൂരുവിന് തുണയായത്. നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് കേരളത്തിൽ പിറ്റ്‌ലൈനുകളുള്ളത്. ഈ രണ്ടിടത്തും ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ട്രെയിനുകൾക്ക് അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത അവസ്ഥയാണ്. പാലക്കാട് പിറ്റ്‌ലൈൻ യാഥാർത്ഥ്യമായാൽ കേരളത്തിന് പത്തിലധികം പുതിയ ട്രെയിനുകൾ ലഭിക്കാം.
പിറ്റ്ലൈൻ എന്നാൽ
റെയിൽവേ കോച്ചുകളുടെ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും നടത്താനുള്ള വർക്ക്ഷോപ്പാണ് പിറ്റ്‌ലൈൻ. ഈ വർക്ക്ഷോപ്പിലേക്കു ട്രെയിൻ കയറ്റി നിറുത്തി അതിലെ കേടുപാടുകൾ തീർക്കുകയാണ് പതിവ്. ഇത്തരം പിറ്റ്‌ലൈൻ ഉണ്ടെങ്കിലേ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാനാകൂ. പാലക്കാട് ഡിവിഷനിൽ പൂർണതോതിലുള്ള പിറ്റ്‌ലൈൻ മംഗളൂരുവിൽ മാത്രമാണുള്ളത്. ഷൊർണൂരിൽ അഞ്ചോ ആറോ കോച്ച് മാത്രം പണി നടത്താനുള്ള ചെറിയ പിറ്റ്‌ലൈനുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, എറണാകുളം എന്നിവിടങ്ങളിൽ വലിയ പിറ്റ്‌ലൈനുകളുണ്ട്. സേലം ഡിവിഷനിൽ കോയമ്പത്തൂരും ഈ സൗകര്യമുണ്ട്. ദീർഘദൂര ട്രെയിനുകൾ നിശ്ചിത ദൂരം യാത്രചെയ്തു കഴിഞ്ഞാൽ നിർബന്ധമായും അറ്റകുറ്റപ്പണി നടത്തേണം. അതിനാൽ പിറ്റ്‌ലൈൻ സൗകര്യമുള്ള സ്റ്റേഷൻ കേന്ദ്രീകരിച്ചാവും സർവീസ് അനുവദിക്കുക. റെയിൽവേ ഡിവിഷൻ ആസ്ഥാനമായ പാലക്കാട് പിറ്റ്‌ലൈൻ ഇല്ലാതിരുന്നത് ഇതുവരെ ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ തടസമായിരുന്നു. പാലക്കാട് റെയിൽവേ ഡിവിഷനിൽ ദീർഘദൂര ട്രെയിനുകൾ മംഗളൂരുവിൽ നിന്നായിരുന്നു ആരംഭിച്ചിരുന്നത്. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനോട് ചേർന്ന് റെയിൽവേയുടെ അധീനതയിൽ ആവശ്യത്തിന് ഭൂമി ലഭ്യമാണെന്നതും പിറ്റ്‌ലൈൻ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന് ആദ്യഘട്ടത്തിൽ സഹായകമായി.
സ്വപ്നം ട്രാക്കിലാവുമ്പോൾ
ഗ്വാളിയാറിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് മെയ്ന്റനൻസ് ടെക്‌നോളജിയുടെ (കാംടെക്) നിർദ്ദേശമനുസരിച്ചുള്ള ആധുനിക പിറ്റ്‌ലൈനാണ് പാലക്കാട്ട് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതോടൊപ്പം ഒരു സിക്ക് ലൈൻ, രണ്ട് സ്റ്റേബ്ലിംഗ് ലൈൻ എന്നിവയും നിർമ്മിക്കും. അറ്റകുറ്റപ്പണിക്കിടയിൽ കുഴപ്പം കാണുന്ന കോച്ചുകൾ മാറ്റിയിടാനുള്ള സ്ഥലമാണ് സിക്ക് ലൈൻ. പണിക്കുവരുമ്പോഴും പണി കഴിഞ്ഞും റേക്കുകൾ നിറുത്തിയിടുന്നത് സ്റ്റേബ്ലിംഗ് ലൈനിലാണ്. ഒരു ട്രെയിനിന്റെ പൂർണതോതിലുള്ള അറ്റകുറ്റപ്പണികൾ നടത്താൻ ആറുമണിക്കൂർ വേണ്ടിവരും. പാലക്കാട്ടെ പിറ്റ്‌ലൈൻ പണി പൂർത്തിയായിക്കഴിഞ്ഞാൽ ഇങ്ങനെ ഒരു ദിവസം 24 കോച്ചുള്ള മൂന്ന് ട്രെയിനുകൾ വരെ ഗതാഗതയോഗ്യമാക്കാനാവും. ഓരോ ട്രെയിനിന്റെയും അറ്റകുറ്റപ്പണികൾ രണ്ടോ മൂന്നോ ദിവസത്തിൽ ഒരിക്കൽ മതിയെന്നിരിക്കേ (2000 കിലോമീറ്റർ ഓടിയതിനുശേഷം) പുതുതായി പത്തോളം ട്രെയിനുകൾ പാലക്കാട്ടു നിന്ന് തുടങ്ങാനാവും.
വികസനം വേണം
പിറ്റ്‌ലൈൻ ഇല്ലാത്തതുകൊണ്ട് പാലക്കാടിനും ഈ ഡിവിഷനും കേരളത്തിനും സംഭവിച്ച നഷ്ടം ഒട്ടും ചെറുതല്ല. മംഗളൂരു പിറ്റ്‌ലൈൻ ഓവർ സാച്ചുറേറ്റഡായതിനാൽ വർഷങ്ങളായി അവിടെ നിന്ന് കൂടുതൽ സർവീസ് ആരംഭിക്കാനായിട്ടില്ല. പാലക്കാട്ട് സൗകര്യമില്ലാത്തതിനാൽ കോയമ്പത്തൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഇങ്ങോട്ടു നീട്ടാനുമായിട്ടില്ല. 10 വർഷം മുൻപ് തുടങ്ങിയ മംഗളൂരു - കോയമ്പത്തൂർ ഇന്റർസിറ്റി എക്‌സ്‌പ്രസാണ് പാലക്കാട് ഡിവിഷന്റെ അവസാനം തുടങ്ങിയ ട്രെയിൻ. പാലക്കാട് - കോഴിക്കോട് - കണ്ണൂർ - മംഗളൂരു റൂട്ടിൽ സമയം ലഭ്യമായിട്ടും ട്രെയിനുകൾ കുറഞ്ഞതിന്റെ കാരണവും ഇതുതന്നെ. നഷ്ടമോ, കണക്കാക്കാൻ പറ്റാത്ത അത്രയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |