തിരുവനന്തപുരം: അന്ധവിശ്വാസത്തെ അതിജീവിക്കാൻ ശാസ്ത്രചിന്ത ശക്തമാകണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. 55ാമത് സ്കൂൾ ശാസ്ത്രോത്സവം കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സയൻസിനെ പ്രോത്സാഹിപ്പിക്കേണ്ട കാലമാണിത്. ശാസ്ത്രം തെറ്റാണെന്നും മറ്റ് ചിലതാണ് ശരിയെന്നും പ്രചരിപ്പിക്കുന്നു. പാത്രങ്ങൾ കൂട്ടിമുട്ടിച്ചാൽ കൊവിഡ് വൈറസ് പോകുമെന്ന് ചിലർ പറഞ്ഞു. ജയിച്ചത് സയൻസും മെഡിക്കൽ സയൻസുമാണ്. മത വിശ്വാസം തെറ്റല്ല. അന്ധവിശ്വാസം പാടില്ല. ആർട്ടിഫിഷ്യൽ ഇന്റലിജന്റിസന്റെ കാലമാണ്. പഴയപോലെ പഠിപ്പിച്ച് പോകാനാവില്ല. പഠിപ്പിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കാൻ സംവിധാനമുണ്ട്. കാലത്തിന്റെ മാറ്റം അദ്ധ്യാപകരും വിദ്യാഭ്യാസ സമൂഹവും ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. എ.എ. റഹീം എം.പി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്.ഷാനവാസ്, അഡിഷണൽ ഡയറക്ടർ എം.കെ.ഷൈൻമോൻ,എസ്.എസ്.കെ ഡയറക്ടർ സുപ്രിയ, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.ശരണ്യ, സുജുമേരി തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാഭ്യാസ മന്ത്രിയില്ലാതെ ആദ്യ ശാസ്ത്രമേള
ശാസ്ത്രമേള മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം മലപ്പുറത്ത് നവകരേള സദസിൽ പങ്കെടുക്കുന്നതിനാലാണ് സ്‌പീക്കർ ഉദ്ഘാടകനായത്. ശാസ്‌ത്രോത്സവ മാന്വൽ അനുസരിച്ച് പരിപാടിയുടെ മുഖ്യ രക്ഷാധികാരികൾ ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ്, ജില്ലയിലെ മന്ത്രി എന്നിവരാണ്. ഇവരാരും ഇല്ലായിരുന്നു. ആദ്യമായാണ് ഇങ്ങനെ. മൂന്നിന് വൈകിട്ട് കോട്ടൺഹില്ലിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് വി.കെ. പ്രശാന്ത് എം.എൽ.എയാണ്.
വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ചോദ്യം ചെയ്യാനും അന്വേഷിക്കാനും നവീകരിക്കാനും ശാസ്ത്രം യുവമനസുകളെ പ്രാപ്തരാക്കുമെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രമേള വിദ്യാർത്ഥികളിൽ ശാസ്ത്രീയ ജിജ്ഞാസയെ പ്രചോദിപ്പിക്കും. ശാസ്ത്രത്തിൽ ഊന്നുന്ന പാഠ്യപദ്ധതി പരിഷ്കരണമാണ് കേരളത്തിലേത്. പരിണാമ സിദ്ധാന്തമടക്കമുള്ളവ പാഠ്യപദ്ധതിയിൽ നിലനിറുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |