ബംഗളൂരു: ബംഗളൂരുവിലെ 44 സ്‌കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വന്നതോടെ സുരക്ഷ വർദ്ധിപ്പിച്ചു. ഇന്നലെ രാവിലെയാണ് സന്ദേശം വന്നത്. ഉടനെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. സ്‌കൂളുകളുടെ പരിസരത്ത് സ്‌ഫോടക വസ്‌തുക്കൾ വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ചില സ്കൂളുകൾ കുട്ടികൾ ഇന്ന് വരേണ്ടതില്ലെന്ന് അറിയിപ്പ് നൽകി. ബോംബ് സ്‌ക്വാഡുൾപ്പെടെ എത്തി പരിശോധന നടത്തി. സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. നിലവിൽ വ്യാജ സന്ദേശമാണെന്നാണ് നിഗമനമെന്നും എന്നാൽ സന്ദേശം തള്ളിക്കളയുന്നില്ലെന്നും പൊലീസ് അറിയിച്ചു. മെയിലിന്റെ ഉറവിടം പരിശോധിച്ചു വരികയാണ്. രക്ഷിതാക്കൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സുരക്ഷ വർദ്ധിപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉൾപ്പെടെ നിരവധി പേർ സ്ഥലത്തെത്തി.
വൈറ്റ്ഫീൽഡ്, കോറെമംഗല, ബസ്വേഷ്‌നഗർ, യലഹങ്ക, സദാശിവനഗർ എന്നിവിടങ്ങളിലെ സ്കൂളുകൾക്കാണ് സന്ദേശം ലഭിച്ചത്. അധികൃതർ ഉടനെ പൊലീസിൽ അറിയിച്ചു. സ്‌കൂളുകളിലൊന്ന് ഡി.കെ.ശിവകുമാറിന്റെ വസതിക്ക് സമീപമാണ്.
പ്രഥമദൃഷ്ട്യാ ഭീഷണി വ്യാജമാണെന്നു തോന്നുന്നെന്ന് ശിവകുമാർ പ്രതികരിച്ചു. പൊലീസിനോട് സംസാരിച്ചു. അന്വേഷണം നടക്കുകയാണ്. ജാഗ്രത പാലിക്കണം, പക്ഷേ വിഷമിക്കേണ്ട കാര്യമില്ല. പൊലീസ് സാഹചര്യം നന്നായി കൈകാര്യം ചെയ്യുന്നു എന്നും പറഞ്ഞു.
കഴിഞ്ഞ വർഷം ബംഗളൂരുവിലെ ഏഴ് സ്‌കൂളുകൾക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു. അത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |