ന്യൂഡൽഹി : ബലാത്സംഗക്കേസിൽ സ്ത്രീയെ പ്രതിയാക്കാൻ കഴിയുമോയെന്ന സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. പഞ്ചാബിലെ കേസിൽ പ്രതിയാക്കപ്പെട്ട വിധവയായ 62കാരിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്. സ്ത്രീക്കെതിരെ കുറ്റം ചുമത്താനാകില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യം നിയമനിർമാതാക്കളുടെ ശ്രദ്ധയിൽപ്പെടാത്തത് ആശ്ചര്യമാണെന്ന് കോടതി പ്രതികരിച്ചു. സ്ത്രീക്ക് ഇടക്കാല ജാമ്യം അനുവദിച്ച ജസ്റ്റിസ് ഹൃഷികേശ് റോയ് അദ്ധ്യക്ഷനായ ബെഞ്ച്, നിയമവശം വിശദമായി പരിശോധിക്കാമെന്ന് വ്യക്തമാക്കി. വിധവയുടെ മൂത്ത മകൻ സാമൂഹ്യമാദ്ധ്യമം മുഖേന പരിചയപ്പെട്ട യുവതിയാണ് ബലാത്സംഗക്കേസിലെ പരാതിക്കാരി. വിവാഹം നടന്നുവെന്ന് ചൂണ്ടിക്കാട്ടി വിധവയുടെ വീട്ടിൽ താമസം തുടങ്ങിയെങ്കിലും യുവതിയുടെ വീട്ടുകാർ എതിർത്തു. ഇതിനിടെ 11 ലക്ഷം വാങ്ങി യുവതി ഒത്തുതീർപ്പിലെത്തി. ഇതിന് പിന്നാലെ തനിക്കും ഇളയ മകനുമെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് യുവതി രംഗത്തെത്തിയെന്ന് വിധവയുടെ ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |