തിരുവനന്തപുരം : നവകേരള സദസിന് ആളെ കൂട്ടാനുള്ള വീട്ടുമുറ്റ സദസിന്റെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകി ഗുരുവായൂർ നഗരസഭ സെക്രട്ടറി ഉത്തരവിറക്കിയത് വിവാദമായി. നവകേരള സദസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെങ്കിലും വീടുകളിൽ പോയി ആളക്കൂട്ടാൻ ഉത്തരവ് ഇറങ്ങുന്നത് ആദ്യമായാണ്. ഇതുവരെ സദസ് നടത്തിയ കേന്ദ്രങ്ങളിൽ ഇതിന്റെ ചുമതല പാർട്ടിക്കാർക്ക് ആയിരുന്നു.
നഗരസഭാതല സ്വാഗതസംഘത്തിന്റെ തീരുമാനപ്രകാരമാണ് സെക്രട്ടറി അഭിലാഷിന്റെ ഉത്തരവ്. നഗരസഭാ പരിധിയെ 50 വീടുകളായി തിരിച്ച് ക്ലാർക്ക്,ഓവർസിയർ,ബില്ല് കളക്ടർ,റവന്യൂ ഇൻസ്പെക്ടർ,ഹെൽത്ത് ഇൻസ്പെക്ടർ,സീനിയർ ക്ലർക്ക്,അസിസ്റ്റന്റ് എൻജിനിയർ, ടെപ്പിസ്റ്റ് തുടങ്ങിയ ഉദ്യോഗസ്ഥർക്കാണ് ചുമതല നൽകിയത്. നാളെ (ഡിസംബർ 4) ചാവക്കാട് കൂട്ടുങ്ങൽ ചതുരത്തിൽ നടക്കുന്ന ഗുരുവായൂർ മണ്ഡലത്തിന്റെ പരിപാടിയ്ക്കായാണ് ഉദ്യോഗസ്ഥരെ ബൂത്ത് തല കൺവീനർമാരായി നിയോഗിച്ചത്. 50വീതം വീടിന് പ്രാദേശിക പാർട്ടിക്കാരെ ഓരോരുത്തരെയായി ബൂത്ത് തല പ്രവർത്തകരായി നിയോഗിച്ചിട്ടുണ്ട്. ഇവരുമായി യോജിച്ചാണ് വീട്ടുമുറ്റ സദസ് സംഘടിപ്പിക്കേണ്ടത്. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുമ്പോൾ ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ പരിധിയിലെ 50 വീട്ടിൽ നിന്ന് ഓരോരുത്തരെ നിർബന്ധമായും പരിപാടിയിൽ പങ്കെടുപ്പിക്കണം. 40 ബൂത്തായി തിരിച്ചിരിക്കുന്ന നഗരസഭാ പരിധിയിൽ നിന്ന് മാത്രം 2000 പേരെ ഇത്തരത്തിൽ എത്തിക്കാനാണ് നീക്കം.
സ്ഥലം മാറ്റം ഭയന്ന് എതിർത്തില്ല
സെക്രട്ടറിയുടെ തീരുമാനത്തിൽ ഉദ്യോഗസ്ഥർക്ക് അമർഷമുണ്ടെങ്കിലും എതിർത്താൽ സ്ഥലം മാറ്റം ഉറപ്പാണ്. നവകേരള സദസിന്റെ സംഘാടക സമിതി യോഗങ്ങളുമായി സഹകരിക്കാത്ത നാല് പഞ്ചായത്ത് സെക്രട്ടറിമാരെ ഒക്ടോബർ 30ന് സ്ഥലംമാറ്റിയിരിരുന്നു. കോട്ടയം പുതുപ്പള്ളി, പാലക്കാട് പരുതൂർ, ആനക്കര, കോഴിക്കോട് തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറിമാരെയാണ് ഇടുക്കിയിലേക്കും കാസർകോടേക്കും അന്ന് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |