കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണമെന്ന് പരാതി. ഫാം ഹൗസ് ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയവർ ആക്രമിച്ചെന്നാണ് പരാതി.
പരിക്കേറ്റ ഷിജുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ ഇയാളെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഷാജിയ്ക്കും ഭാര്യയ്ക്കും ഇന്നലെ വധഭീഷണി വന്നിരുന്നു. വധഭീഷണി വന്നതിന് പിന്നാലെ ഇരുവരും ഇന്നലെ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ഡി.ഐ.ജി ആർ.നിശാന്തിനിയാണ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ നേതൃത്വത്തിൽ 13 അംഗ സംഘത്തെ നിയോഗിച്ചത്.
സംഭവം വൻ വിവാദമായതോടെ അഡീഷണൽ എസ്.പി ആർ.പ്രതാപൻ നായരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ 39 അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പൂയപ്പള്ളി സി.ഐ എസ്.ടി.ബിജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. എ.ഡി.ജി.പി എം.ആർ.അജിത്ത്കുമാറും ഡി.ഐ.ജി ആർ.നിശാന്തിനിയും കൊല്ലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നു. പൂയപ്പള്ളി സി.ഐ എസ്.ടി.ബിജു, പൂയപ്പള്ളിയിലെ എസ്.ഐമാരായ അഭിലാഷ്, സജി ജോൺ, അഡീഷണൽ എസ്.ഐമാരായ രാജേഷ്, ജിജിമോൾ, അംബിക, ഗ്രേഡ് എസ്.ഐ മനോജ്കുമാർ, സീനിയർ സി.പി.ഒമാരായ ബിനു, ഷിജു, ബിജീഷ്, മഹേഷ് മോഹൻ, ജിജി സനോജ് എന്നിവരാണ് പുതിയ അന്വേഷണ സംഘത്തിലെ അംഗങ്ങൾ.
ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കേസിന്റെ അന്വേഷണം ഏറ്റെടുത്തതായുള്ള റിപ്പോർട്ടിനൊപ്പം പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകാനുള്ള അപേക്ഷയും ഇന്നലെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ നൽകി. അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പുതിയ അന്വേഷണ സംഘം ഇന്നലെ പ്രത്യേക യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |