ജയ്പൂർ: രാഷ്ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദിയെ അജ്ഞാതർ വെടിവച്ച് കൊന്നു. ശ്യാം നഗർ പ്രദേശത്തെ വീട്ടിലെത്തിയ അക്രമികൾ അദ്ദേഹത്തിനും രണ്ട് അംഗരക്ഷകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ജയ്പൂർ പൊലീസ് പറഞ്ഞു. സുരക്ഷാംഗങ്ങളുടെ വെടിവയ്പിൽ അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടു.
ലോറൻസ് ബിഷ്‌ണോയി അക്രമി സംഘത്തിലെ രോഹിത് ഗോദര എന്നയാൾ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. തങ്ങളുടെ എതിരാളികളുമായി ഗൂഢാലോചന നടത്തിയതിനാണ് ഗോഗമേദിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റിൽ പറയുന്നു. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നു,
ഗോഗമേദിക്ക് ഏറെ നാളായി ഭീഷണിയുണ്ടായിരുന്നെന്നും ആക്രമണം ഭയന്നിരുന്നെന്നും അദ്ദേഹത്തിന്റെ ബന്ധു പറഞ്ഞു. സംഭവത്തിൽ ഗോഗമേദിയുടെ അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
പദ്മാവതിനെതിരെ
വന്ന് ശ്രദ്ധേയനായി
ലോകേന്ദ്ര സിംഗ് കൽവിയുടെ രജപുത് കർണി സേനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് 2015ലാണ് സുഖ്ദേവ് രാഷ്ട്രീയ രജ്പുത് കർണി സേന രൂപീകരിച്ചത്
ദീപിക പദുക്കോൺ നായികയായ ബോളിവുഡ് ചിത്രം പദ്മാവതിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയതോടെയാണ് സുഖ്ദേവ് വാർത്തകളിൽ ഇടംപിടിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |