ന്യൂഡൽഹി:ജമ്മു കാശ്‌മീരിന് പ്രത്യേക അധികാരം നൽകിയ 377-ാം വകുപ്പ് റദ്ദാക്കിയതിലൂടെ മോദി സർക്കാർ ഇന്ത്യയ്‌ക്ക് ഒരു പതാകയും ഒരു ഭരണഘടനയും ഉറപ്പാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷാ പറഞ്ഞു. ലോക്‌സഭയിൽ ജമ്മു-കാശ്മീർ സംവരണ (ഭേദഗതി) ബിൽ, ജമ്മു-കാശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ എന്നിവയുടെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്ന ആശയം രാഷ്ട്രീയ മുദ്രാവാക്യമല്ലെന്നും ബി.ജെ.പി അതിൽ ഉറച്ച് വിശ്വസിച്ച് ജമ്മു കാശ്മീരിൽ നടപ്പാക്കുകയാണ് ചെയ്‌തെന്നും അമിത് ഷാ പറഞ്ഞു.
370-ാം വകുപ്പ് റദ്ദാക്കിയ ശേഷവും ജമ്മുകാശ്‌മീരിന്റെ വിവിധഇടങ്ങളിൽ പാക് ഭീകരർ അക്രമം നടത്തുന്നുണ്ടെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒാവൈസി പറഞ്ഞു.
ജമ്മു-കാശ്‌മീരിൽ തിരഞ്ഞെടുപ്പ് നടത്തി ജനകീയ ഭരണം സ്ഥാപിക്കാത്തത് എന്തുകൊണ്ടാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ചോദിച്ചു. കാശ്‌മീർ ജനതയെ കേന്ദ്രസർക്കാരിന് വിശ്വാസമില്ല. നാലുവർഷമായി കാശ്‌മീരിൽ രാഷ്ട്രപതി ഭരണം തുടരുന്നത് കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ ഉറപ്പിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പറ്റി ചർച്ച നടന്നു . ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും യു.പി.എ ഭരിച്ച 10 വർഷം അർഹതയില്ലാത്തവർക്ക് വായ്‌പ നൽകിയത് ബാങ്കുകളെ പ്രതികൂലമായി ബാധിച്ചെന്നും ചർച്ചയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |