ഇടുക്കി: വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ എസ്.ഐയ്ക്ക്
സസ്‌പെൻഷൻ. ഉപ്പുതറ എസ്.ഐ കെ.ഐ.നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ സസ്പെൻഡ് ചെയ്തത്. ഉപ്പുതറ സ്റ്റേഷനിലെ സി.ഐ സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്.ഐ ആയിരുന്ന കെ.നസീറിന് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ താത്കാലിക ചുമതല നൽകിയത്.
നവംബർ 13ന് വൈകിട്ട് മേരികുളം ടൗണിന് സമീപം വാഹനത്തിൽ മദ്യപിച്ചു കൊണ്ടിരുന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് സംഘർഷമുണ്ടാകുകയും രണ്ടു പേർക്ക് വെട്ടേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് സമീപവാസിയായ വീട്ടുടമസ്ഥന് എതിരെ പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ അനുകൂലമായ റിപ്പോർട്ട് നൽകണമെന്ന ആവശ്യവുമായി പ്രതിയുടെ ബന്ധുക്കൾ 16ന് സ്റ്റേഷനിലെത്തി എസ്.ഐയെ സമീപിച്ചു. ഇവരോട് താമസ സ്ഥലത്ത് എത്താൻ നിർദ്ദേശിക്കുകയും അവിടെ വച്ച് 10,000 രൂപ കൈക്കൂലി വാങ്ങുകയുമായിരുന്നു. പിറ്റേന്ന് പ്രതി കീഴടങ്ങി റിമാൻഡിലായി. എന്നാൽ പണം നൽകിയ വിവരം പ്രതിയുടെ ബന്ധുക്കളിൽ നിന്ന് ചോർന്നു.
ഇതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ജില്ലാ പൊലീസ് മേധാവി കട്ടപ്പന ഡിവൈ.എസ്.പിയോട് റിപ്പോർട്ട് തേടി. അന്വേഷണത്തിൽ ഇയാൾ കൈക്കൂലി വാങ്ങിയതായി കണ്ടെത്തുകയും തുടർന്ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |