കൊല്ലം: അന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവുമായി വന്ന ബസിന്റെ ഡ്രൈവർ തന്നെയാണ് ഇന്നലെ കാനം രാജേന്ദ്രന്റെ ഭൗതിക ശരീരവുമായെത്തിയത്.
തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവറായ ബി.ശ്യാമിനാണ് രണ്ട് നേതാക്കളുടെയും വിലാപയാത്രയിൽ സാരഥിയാകാൻ നിയോഗം ലഭിച്ചത്. സി.ഐ.ടി.യു യൂണിയൻ അംഗമാണ് വെള്ളായണി നേമം ഹോമിയോ കോളേജ് ജംഗ്ഷൻ വിളയിൽ വിളാകത്ത് വീട്ടിൽ ബി.ശ്യാം. പതിനെട്ട് വർഷമായി ട്രാൻ. ബസിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. ഉമ്മൻചാണ്ടിയുടെ വിലാപയാത്രക്കായി ഡിപ്പോയിൽ നിന്ന് ബസ് അനുവദിച്ചപ്പോൾ ശ്യാമിന് ഡ്യൂട്ടിവന്നു. നാല്പത് മണിക്കൂറാണ് അന്ന് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡിപ്പോയിൽ നിന്ന് ബസ് സ്റ്റാർട്ട് ചെയ്തു. ഓരോ കേന്ദ്രങ്ങളിലും വലിയ ആൾക്കൂട്ടമുണ്ടായിരുന്നതിനാൽ വൈകിട്ട് 6.40 ഓടെയേ കൊട്ടാരക്കരയിൽ എത്താൻ പറ്റിയുള്ളൂ.
വല്ലാത്ത അനുഭവമാണ്, ചില പ്രവർത്തകർ പൊട്ടിക്കരയുന്നത് കാണുമ്പോൾ വിഷമം തോന്നും. രണ്ട് നേതാക്കളുടെയും വിയോഗം വലിയ നഷ്ടമാണെന്ന് ഓരോ സ്ഥലത്തുമെത്തുമ്പോൾ ബോദ്ധ്യപ്പെടും. ചോദിച്ചു വാങ്ങിയ ഡ്യൂട്ടിയല്ല, എന്നാൽ വിലാപയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ തൃപ്തിയുണ്ട്.
ബി.ശ്യാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |