SignIn
Kerala Kaumudi Online
Tuesday, 08 July 2025 6.55 AM IST

മാലിന്യപ്പിഴയ്ക്കു മുൻപ് സൗകര്യമൊരുക്കണം

Increase Font Size Decrease Font Size Print Page
n

മലയാളികൾ പൊതുവെ വൃത്തിയും വെടിപ്പും കൂടിയ കൂട്ടരാണെന്നാണ് പൊതുസങ്കല്പം. ആവതുണ്ടെങ്കിൽ രണ്ടു നേരം കുളി നിർബന്ധം. പക്ഷേ, ഈ വൃത്തിബോധമൊക്കെ ശരീര ശുചിത്വത്തിന്റെ കാര്യത്തിലേയുള്ളൂ എന്നതാണ് വാസ്തവം. പരിസരശുചിത്വത്തിന്റെ കാര്യം വരുമ്പോൾ,​ ചപ്പും ചവറുമൊക്കെ മതിലിനു പുറത്ത് എന്നതാണ് നയം. ചീഞ്ഞതും നാറുന്നതുമൊക്കെ സൗകര്യമുണ്ടെങ്കിൽ അയൽപക്കക്കാരന്റെ പുരയിടത്തിൽ നിക്ഷേപിക്കും. അതിനു പറ്റുന്നില്ലെങ്കിൽ പൊതിഞ്ഞുകെട്ടി,​ രാത്രിനേരത്ത് സ്കൂട്ടറിൽ രഹസ്യമായി കൊണ്ടുപോയി,​ ഒന്നുമറിയാത്ത മട്ടിൽ വഴിയോരത്ത് തട്ടും!

ഇങ്ങനെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള,​ സ്വന്തം വീട്ടിൽ നിന്നുള്ള മാലിന്യം പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുന്ന നിയമം കഴിഞ്ഞ ദിവസമാണ് നിലവിൽ വന്നത്. ഇതു സംബന്ധിച്ച നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടതിനു തൊട്ടുപിന്നാലെ,​ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് സർക്കാർ നിർദ്ദേശവും നൽകി. മാലിന്യം വലിച്ചെറിയുന്നവർ മാത്രമല്ല,​ വഴിയോരത്ത് കൂട്ടിയിട്ട് കത്തിക്കുന്നവരും,​ കുഴിച്ചുമൂടുന്നവരുമൊക്കെ കുടുങ്ങും! അയ്യായിരം രൂപയാണ് കുറഞ്ഞ പിഴത്തുക. പരമാവധി ശിക്ഷ ഒരുവർഷം വരെ തടവും 50,​000 രൂപ പിഴയും. തദ്ദേശസ്ഥാപന സെക്രട്ടറിയുടെ പിഴ അറിയിപ്പ് നിസ്സാരമായി കരുതി അവഗണിക്കാമെന്നു വിചാരിക്കുന്നവരിൽ നിന്ന്,​ പ്രതിമാസം അമ്പതു ശതമാനം പിഴയോടെ അത് വസ്തുനികുതിയുടെ ഭാഗമായോ കെട്ടിട നികുതിയുടെ ഭാഗമായോ നിർബന്ധമായും ഈടാക്കും.

പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപത്തിനുള്ള ശിക്ഷ ഇതുകൊണ്ടും തീരില്ല. മാലിന്യശേഖരണത്തിനുള്ള യൂസർഫീ അടയ്ക്കാത്തവർക്ക്,​ അത് അടയ്ക്കുന്നതുവരെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ നിന്ന് ഒരുവിധത്തിലുമുള്ള സേവനത്തിന് അർഹതയുണ്ടാകില്ല. ഇനി,​ ഇതുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശം പാലിക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ കാര്യത്തിലോ?​ അവർക്കുള്ള പിഴ സർക്കാർ ഈടാക്കും. ഏതെങ്കിലും വ്യക്തിയോ സംഘമോ സ്ഥാപനമോ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നവർ അക്കാര്യം തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിച്ചാൽ,​ ഉചിതമായ പാരിതോഷികവും കിട്ടും.

വൃത്തിയുള്ള ഗൃഹപരിസരം മാത്രമല്ല,​ ശുചിത്വമുള്ള പൊതുപരിസരവും ആരോഗ്യപൂർണമായ പൊതുസമൂഹത്തിന്റെ ലക്ഷണമാണ്. വീടും പുരയിടവും വൃത്തിയായി സൂക്ഷിക്കുകയെന്നത് വ്യക്തിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്വമാണെന്നതു പോലെ,​ പൊതുസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നത് സർക്കാരിന്റെ മാത്രമല്ല,​ സമൂഹത്തിന്റെയും കടമയാണ്. ഇതിനായി സ്വീകരിക്കുന്ന ഏതു നടപടിയും സ്വാഗതം ചെയ്യപ്പെടേണ്ടതും,​ നിയമങ്ങൾ അനുസരിക്കാത്തവർക്ക് പിഴ ചുമത്തുന്നതിനെ പിന്തുണയ്ക്കേണ്ടതും തന്നെയാണ്.

വിഷയം അതല്ല. വാഹനങ്ങൾക്ക് പൊതു പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താതെ,​ വഴിയരികിലെ പാർക്കിംഗിന് പിഴ ചുമത്തുന്ന നടപടിയിൽ മര്യാദയുടെയും നീതിയുടെയും അംശം തീരെയില്ലാത്തതു പോലെ,​ മാലിന്യ സ്വീകരണത്തിനും നിർമ്മാർജ്ജനത്തിനും തദ്ദേശസ്ഥാപനങ്ങൾ മതിയായ സംവിധാനവും സൗകര്യവും ഏർപ്പെടുത്തുന്നിനു മുൻപ്,​ വഴിയോരത്തെ മാലിന്യ നിക്ഷേപത്തിന് കനത്ത പിഴ ചുമത്തുന്നതിനെ എങ്ങനെ നീതികരിക്കുമെന്നതാണ് ജനങ്ങളുടെ ചോദ്യം. വീടുകളിലെയും മറ്റും മാലിന്യം പ്രതിമാസം നിശ്ചിത ഫീസ് ഈടാക്കി ശേഖരിക്കുന്നതിനും അംഗീകൃത കേന്ദ്രങ്ങളിൽ സംസ്കരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങൾ ഹരിതകർമ്മ സേന പോലെയുള്ള ഏജൻസികളെ ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് വയ്പ്. നഗരമേഖലകളിൽ ഈ സംവിധാനം ഏറക്കുറെ നടപ്പിലായിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ പൂർണ തോതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പറയാനാവില്ല.

ഇങ്ങനെ വീടുകളിൽ നിന്ന് ഫീസ് ഈടാക്കി മാലിന്യം ശേഖരിക്കുന്ന ചില സ്വകാര്യ ഏജൻസികൾ ഈ മാലിന്യമെല്ലാം ഒഴിഞ്ഞ പൊതുസ്ഥലങ്ങളിലും,​ തിരക്കു കുറഞ്ഞ റോഡിന്റെ അരികുകളിലും നിക്ഷേപിക്കുന്നതായുള്ള പരാതികൾ വ്യാപകമായുണ്ട്. കോർപ്പറേഷൻ,​ മുനിസിപ്പാലിറ്റി,​ പഞ്ചായത്ത് തലങ്ങളിൽ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഈ സൗകര്യം നൽകിയിട്ടും,​ പ്രതിമാസ യൂസർ ഫീ നൽകാൻ മടിച്ച് പൊതുസ്ഥലം മലിനമാക്കുന്നവർക്ക് കനത്ത പിഴതന്നെ ചുമത്തണം. മാലിന്യനിർമ്മാർജ്ജന കാര്യത്തിന് മതിയായ ഫണ്ട് ലഭ്യമല്ലെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ പരാതി. അത്തരം പരാതികളുയരാൻ അവസരം നൽകാതിരിക്കേണ്ടത് സർക്കാരാണ്.

TAGS: WASTE, STATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.