തിരുവനന്തപുരം:അമ്മയുടെ കഴുത്തിൽ ഇല്ലാത്ത കാൻസറിന് ചികിത്സിച്ച് ആധി പിടിച്ച ജീവിതം. ഡോക്ടർമാർക്ക് രോഗനിർണയം തെറ്റിയതായിരുന്നു. അത് സുഭാഷ് നാരായണൻ എന്ന ശാസ്‌ത്രജ്ഞന് ഊർജ്ജം പകർന്നു.
പിന്നെ പതിനെട്ട് വർഷം നീണ്ട ഗവേഷണം. വായിലെ കാൻസർ കണ്ടെത്താനുള്ള 'ഓറൽസ്‌കാൻ' ഉപകരണവും സോഫ്റ്റ്‌വെയറും 2020ൽ വികസിപ്പിച്ചു. അതിപ്പോൾ ആർ. സി. സി ഉൾപ്പെടെ ഇന്ത്യയിലെ നിരവധി ആശുപത്രികളിൽ ഉപയോഗിക്കുന്നു. ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ മികച്ച സ്റ്റാർട്ടപ്പ് അവാർഡും നേടി.
സാസ്‌കാൻ മെഡിടെക്ക് സ്റ്റാർട്ടപ്പിന്റെ സി.ഇ.ഒ ആണ് തിരുവനന്തപുരം ചെറുവയ്ക്കൽ സ്വദേശിയായ 70 കാരൻ. റിട്ടയർമെന്റിന് ശേഷമാണ് സ്റ്റാർട്ടപ്പിലേക്ക് തിരിഞ്ഞത്.
കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി 1975ൽ ആക്കുളം സെന്റർ ഫോർ എർത്ത് സയൻസിൽ ശാസ്ത്രജ്ഞനായി. ലേസർ ആയിരുന്നു മേഖല. 33 കൊല്ലത്തെ സേവനത്തിനു ശേഷം 2013ൽ വിരമിച്ചു. ഓറൽസ്‌കാൻ ഗവേഷണം 18 വർഷം മുമ്പേ ആരംഭിച്ചു. വിരമിച്ചശേഷം വിശ്രമിച്ചില്ല. 2015ൽ ശാസ്ത്രസാങ്കേതിക വകുപ്പ് 50 ലക്ഷം ഗ്രാന്റ് അനുവദിച്ചു. ബംഗളൂരുവിൽ സ്റ്റാർട്ടപ്പ് തുടങ്ങി. 2018ൽ തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ടിലെ ഇൻകുബേറ്ററിൽ പ്രവർത്തനം ആരംഭിച്ചു. എൻജിനീയർമാരും ഡോക്ടർമാരും ഉൾപ്പെടെ 15 പേർ സംഘത്തിലുണ്ട്.
പ്രവർത്തനം
കംപ്യൂട്ടറുമായി ഓറൽസ്‌കാൻ യു.എസ്.ബി കേബിൾ വഴി ബന്ധിപ്പിക്കും. ചെറിയ മോണോക്രോം കാമറയുള്ള ഉപകരണം വായിൽ കയറ്റി ഓൺ ചെയ്യും. കംപ്യൂട്ടറിൽ വായിലെ കോശങ്ങൾ തെളിയും. ചുവപ്പും കടുംനിറങ്ങളും കണ്ടാൽ കാൻസർ സാന്നിദ്ധ്യമുണ്ട്. ഫലം ഉടനറിയാം. ബയോപ്സി വേണമോയെന്ന് തീരുമാനിക്കാം. അനാവശ്യ ബയോപ്സി ഒഴിവാക്കാം. ഡോക്ടർമാർക്കും നഴ്സുമാർക്കും കമ്മ്യൂണിറ്റി ഹെൽത്ത് ജീവനക്കാർക്കും അനായാസം ഉപയോഗിക്കാം. നിലവിൽ ടോർച്ച് അടിച്ചാണ് ആശുപത്രികളിൽ കാൻസർ പരിശോധന. ഇതു തെറ്റാൻ സാദ്ധ്യതയുണ്ട്.
50ഓളം ഉപകരണങ്ങൾ ഉണ്ടാക്കി. വില അഞ്ചുലക്ഷം. ആർ.സി.സിയിലും ഡെന്റൽ കോളേജുകളിലും മഹാരാഷ്ട്രയിലെ ആശുപത്രിയിലും ഉപകരണങ്ങൾ നൽകുന്നുണ്ട്. സെർവിക്കൽ കാൻസർ കണ്ടെത്തുന്ന ഉപകരണവും വികസിപ്പിക്കുന്നുണ്ട്. ഇക്കൊല്ലം നാഷണൽ ടെക്നോളജി അവാർഡും നേടി. ഭാര്യ ഉഷാ സുഭാഷ്. മക്കൾ ഹരി സുഭാഷ്,ഹേമ സുഭാഷ്
വായിലെ കാൻസർ
രാജ്യത്ത് വർഷം 70,000ലേറെ രോഗികൾ
നേരത്തെ കണ്ടെത്തിയില്ലെങ്കിൽ ജീവൻ നഷ്ടമായേക്കാം.
അനാവശ്യമായ ബയോപ്സി ചെലവും വർദ്ധിപ്പിക്കുന്നു.
'ഓർമ്മവച്ചനാൾ മുതൽ അമ്മ ലക്ഷ്‌മിക്ക് കഴുത്തിലെ കാൻസറിന്റെ ചികിത്സ കണ്ടാണ് വളർന്നത്. ആശുപത്രികളും മരുന്നുകളും. രോഗനിർണയം പിഴച്ചതാണെന്നും കാൻസർ ഇല്ലെന്നും കണ്ടെത്തിയപ്പോഴേക്കും അമ്മയുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞു.'
--സുഭാഷ് നാരായണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |